Sabarimala Gold Scam: ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിനെ തള്ളാതെ സിപിഎം, പാർട്ടി നിലപാട് വ്യക്തമാക്കി എം.വി. ഗോവിന്ദന്‍
CPM Postpones Action Against A. Padmakumar: വിശ്വസിച്ച് വലിയ ചുമതലകൾ ഏൽപ്പിച്ച പലരും പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് എം.വി. ഗോവിന്ദൻ യോഗത്തിൽ വിമർശിച്ചു. കേസിലെ മറ്റൊരു പ്രതിയായ എൻ. വാസു കേവലം ഒരു ഉദ്യോഗസ്ഥൻ മാത്രമായിരുന്നു.

A Padmakumar Sabarimala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയായ എ. പത്മകുമാറിനെതിരെ കേസിന്റെ ഈ ഘട്ടത്തിൽ തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ടതില്ലെന്ന് സി.പി.എം. സംസ്ഥാന നേതൃത്വം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ, പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച ശേഷം മാത്രം പത്മകുമാറിന്റെ കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്നാണ് പാർട്ടി നിലപാട്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ ഘട്ടത്തിൽ പത്മകുമാറിനെ തള്ളിപ്പറഞ്ഞാൽ, കുറ്റപത്രം വരുന്നതിന് മുമ്പുതന്നെ പാർട്ടി അദ്ദേഹത്തെ കുറ്റക്കാരനായി കണക്കാക്കുന്നു എന്ന തോന്നൽ ജനങ്ങൾക്കിടയിൽ ഉണ്ടാക്കും. ഇത് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനും എൽ.ഡി.എഫിനും രാഷ്ട്രീയമായി തിരിച്ചടിയാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനാണ് കുറ്റപത്രം സമർപ്പിക്കുന്നത് വരെ കാത്തിരിക്കാൻ പാർട്ടി തീരുമാനിച്ചത്.
വിശ്വസിച്ച് വലിയ ചുമതലകൾ ഏൽപ്പിച്ച പലരും പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് എം.വി. ഗോവിന്ദൻ യോഗത്തിൽ വിമർശിച്ചു. കേസിലെ മറ്റൊരു പ്രതിയായ എൻ. വാസു കേവലം ഒരു ഉദ്യോഗസ്ഥൻ മാത്രമായിരുന്നു. എന്നാൽ പത്മകുമാർ പാർട്ടിയുടെ ചുമതല വഹിച്ച വ്യക്തിയാണെന്നും എം.വി. ഗോവിന്ദൻ സൂചന നൽകി.
ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനു മുൻപ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് സംസാരിച്ച ശേഷമാണ് താൻ എത്തിയതെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ കേസിന്റെ അന്വേഷണം നടക്കുകയാണ്. കുറ്റപത്രം സമർപ്പിക്കുന്നതോടെ പത്മകുമാറിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ സി.പി.എം. ഔദ്യോഗികമായി തീരുമാനമെടുക്കും.