Seema G Nair: ‘പിപി ദിവ്യ എല്ലാം തികഞ്ഞ മാം, കേരളത്തില്‍ വേറൊരു വിഷയവുമില്ലല്ലോ, അതുകൊണ്ട് മാമിന് പ്രതികരിക്കാം’
Seema G Nair Against PP Divya: പിപി ദിവ്യ മാമിന്റെ പോസ്റ്റാണ്, എല്ലാം തികഞ്ഞ ഒരു മാം ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ അഭിപ്രായം ഞാന്‍ ശിരസ്സാവഹിക്കുന്നതായി രേഖപ്പെടുത്തുന്നു. കേരളത്തില്‍ വേറൊരു വിഷയവും ഇല്ലല്ലോ
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ചതില്‍ തനിക്കെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യ നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കി സീമ ജി നായര്‍. ഫേസ്ബുക്കിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പിപി ദിവ്യ എല്ലാം തികഞ്ഞ മാം ആണെന്നും കേരളത്തില്‍ മറ്റൊരു വിഷയമില്ലാത്തതിനാല്‍ അവര്‍ക്ക് പ്രതികരിക്കാമെന്നും സീമ കുറിച്ചു.
പിപി ദിവ്യ മാമിന്റെ പോസ്റ്റാണ്, എല്ലാം തികഞ്ഞ ഒരു മാം ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ അഭിപ്രായം ഞാന്‍ ശിരസ്സാവഹിക്കുന്നതായി രേഖപ്പെടുത്തുന്നു. കേരളത്തില്‍ വേറൊരു വിഷയവും ഇല്ലല്ലോ, അതുകൊണ്ട് ദിവ്യ മാമിന് പ്രതികരിക്കാം. പിന്നെ രത്‌ന കിരീടം ഞങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്. ആ കിരീടം താങ്ങാനുള്ള ശേഷി എന്റെയൊന്നും തലയ്ക്കില്ല. അത് കുറച്ച് കട്ടിയുള്ള തലയ്‌ക്കേ പറ്റൂ, എന്ന് സീമ ഫേസ്ബുക്കിലൂടെ പറഞ്ഞു.
സീമ ജി നായരുടെ പോസ്റ്റ്




അതേസമയം, ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്‌നങ്ങള്‍ എന്ന് കുറിച്ചുകൊണ്ട് നടി അനുശ്രീയുടെയും സീമ ജി നായരുടെയും ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പിപി ദിവ്യയുടെ പ്രതികരണം. ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതില്‍ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനവും ഉണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിന് പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണെന്നും അവര്‍ ആരോപിച്ചു.
പിപി ദിവ്യയുടെ പോസ്റ്റ്
ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെണ്‍കുട്ടിയോടാണ്, സഹോദരീ നിങ്ങള്‍ ധൈര്യമായി പരാതി നല്‍കണം. കേരള ജനത കൂടെയുണ്ടാവും, ഇല്ലെങ്കില്‍ ഈ കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ രാഹുല്‍ മാങ്കൂട്ടത്തിനെ പോലുള്ള ലൈാഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയില്‍ അവര്‍ ഞെളിഞ്ഞിരിക്കും. സീമാ, ജി നായരും, അനുശ്രീമാരും സംരക്ഷണം ഒരുക്കും. ഇരയോടാണ്, നിങ്ങള്‍ ധൈര്യമായി ഇറങ്ങൂ, അമ്മയെയും, പെങ്ങളെയും, ഭാര്യയെയും തിരിച്ചറിയാന്‍ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ട)മനുഷ്യര്‍ നിനക്കൊപ്പം ഉണ്ടാകും, ഈ സര്‍ക്കാരും, എന്നും ദിവ്യ പോസ്റ്റിലൂടെ പറഞ്ഞു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ സീമ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഏത് തീകുട്ടി വന്നാലും. തേനീച്ച കൂട് ഇളകിയ പോലെ സൈബര്‍ അറ്റാക്ക് വന്നാലും താന്‍ തന്റെ സ്‌റ്റേറ്റ്‌മെന്റില്‍ ഉറച്ച് നില്‍ക്കും. അന്നും ഇന്നും പറയുന്നു, തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണം. അത് തെറ്റ് ചെയ്യതാല്‍ മാത്രം. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല, അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയില്‍ പോയി താന്‍ ഒളിക്കുമെന്ന് ഒരു തീകുട്ടിയും കരുതേണ്ട എന്നും അവര്‍ പറഞ്ഞിരുന്നു.