Sabarimala Gold Theft Case: കുടുക്കിയതോ? പ്രതികരിച്ച് തന്ത്രി; പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും
Sabarimala Gold Theft Case Updates: കഴിഞ്ഞ ദിവസം രാവിലെയാണ് കേസിൽ തന്ത്രിയെ കസ്റ്റഡിയിൽ എടുക്കുന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ജയിലിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെയാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കേസിൽ തന്ത്രി കൊല്ലം വിജിലന്‍സ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെയാണ് കേസിൽ തന്ത്രിയെ കസ്റ്റഡിയിൽ എടുക്കുന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധന നടത്തിയ ശേഷം, രാത്രിയോടെയാണ് കൊട്ടാരക്കരയിലെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജ് ഡോ.സിഎസ് മോഹിതിന് മുമ്പാകെ തന്ത്രിയെ ഹാജരാക്കിയത്. തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ജലിലിൽ എത്തിച്ചപ്പോഴും തന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കുടുക്കിയതാണോ എന്ന ചോദ്യത്തിന് ഉറപ്പെന്നും താൻ നിരപരാധി ആണെന്നുമായിരുന്നു തന്ത്രിയുടെ പ്രതികരണം. സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് ഗൂഢാലോചനയിൽ പങ്കാളിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ജാമ്യം നൽകിയാൽ ആത്മീയ പരിവേഷവും സ്വാധീനവും ഉപയോഗിച്ച് തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നും അന്വേഷണസംഘം കോടതിയിൽ വാദിച്ചു.
ALSO READ: തന്ത്രിയെ പിന്തുണച്ച് ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ നീക്കം ചെയ്ത് ‘മുഖം രക്ഷിക്കൽ’
കൂടാതെ, തന്ത്രി കണ്ഠര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാനുള്ള ശ്രമത്തിലാണ് എസ്ഐടി. സ്വർണ്ണക്കൊള്ളയിലൂടെ തന്ത്രിക്ക് സാമ്പത്തിക ലാഭം കിട്ടിയിട്ടുണ്ടോ എന്നതാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി തന്ത്രിയുടെയും പോറ്റിയുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വിശദമായി പരിശോധിക്കുന്നതാണ്. തന്ത്രിയുടെ ചെങ്ങന്നൂരിലെ വീടടക്കം പരിശോധിക്കുകയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകുകയും ചെയ്യും.