Sabarimala Gold Theft: ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ല; തമിഴ്നാട് വ്യവസായി ഡി മണിക്ക് ക്ലീൻ ചിറ്റ്
D Mani Get Clean Cheat: ഡിണ്ടിഗൽ സ്വദേശിയായ വ്യവസായി മണിയെ രണ്ടുതവണ എസ്ഐടി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ തമിഴ്നാട്ടിലെ ഓഫീസുകളിലും മറ്റും എസ്ഐടി റെയ്ഡും നടത്തിയിരുന്നു. മണിയിൽ നിന്നും സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് എഐടി കോടതിയെ അറിയിച്ചത്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള (Sabarimala Gold Theft) വിവാദ കേസിൽ തമിഴ്നാട് വ്യവസായി ഡി മണിക്ക് (D Mani) പ്രത്യേക അന്വാഷണ സംഘത്തിൻ്റെ ക്ലീൻ ചിറ്റ്. ഹൈക്കോടതിയിൽ എസ്ഐടി ഇന്ന് നൽകിയ റിപ്പോർട്ടിലാണ് മണിക്ക് ക്ലീൻ ചിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. മണിയിൽ നിന്നും സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് എഐടി കോടതിയെ അറിയിച്ചത്.
ഡിണ്ടിഗൽ സ്വദേശിയായ വ്യവസായി മണിയെ രണ്ടുതവണ എസ്ഐടി ചോദ്യം ചെയ്തിരുന്നു. തമിഴ്നാട്ടിലെത്തിയും തിരുവനന്തപുരത്തെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയുമായിരുന്നു ചോദ്യം ചെയ്യൽ. ഇയാളുടെ തമിഴ്നാട്ടിലെ ഓഫീസുകളിലും മറ്റും എസ്ഐടി റെയ്ഡും നടത്തിയിരുന്നു. എന്നാൽ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി മണിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന യാതൊരു വിവരങ്ങളും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്.
ALSO READ: പത്മകുമാറിനും ഗോവർദ്ധനും നിർണായകം; ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
പോറ്റിയും മണിയും തമ്മിൽ ഫോൺ സംഭാഷണം അടക്കമുള്ള ബന്ധമുണ്ടോ എന്നതറിയാനും എസ്‌ഐടി വിശദമായ പരിശോധന നടത്തിയിരുന്നു. സ്വർണപ്പാളി വിവാദത്തിൽ തനിക്ക് പങ്കില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും ഡി മണി നേരത്തെ പറഞ്ഞിരുന്നു. കേസുമായി ബന്ധമില്ലാത്ത തന്നെ വേട്ടയാടിയാൽ ജീവനൊടുക്കുമെന്നും മണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയുമായി സംസാരിച്ച വ്യവസായി വഴിയാണ് ഡി മണിയെക്കുറിച്ചും വിഗ്രഹക്കടത്ത് സംഘത്തെക്കുറിച്ചും എസ്ഐടിക്ക് വിവരങ്ങൾ ലഭിക്കുന്നത്. ഇതിന് പിന്നാലെയാണ് തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങിയത്. ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര പുരാവസ്തുകടത്ത് സംഘമുണ്ടെന്നും ഇയാൾ പറഞ്ഞിരുന്നു. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ ഡി മണി വാങ്ങിയെന്ന വിദേശ വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്തത്.