Sabarimala Mandalakalam 2026: ശരണമന്ത്രങ്ങളുമായി പതിനെട്ടാം പടിയിലേക്ക്; ശബരിമലയിൽ ഭക്തജനപ്രവാഹം
Sabarimala Mandala Makaravilakku Season 2026: മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നതോടെ അയ്യപ്പ ദർശനത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽസംസ്ഥാനങ്ങളിൽ നിന്നും വൻ ഭക്തജനപ്രവാഹമാണ് ശബരിമലയിലേക്ക് എത്തുന്നത്. പുലർച്ചെ നിർമ്മാല്യ ദർശനത്തോടെയും അഭിഷേകത്തോടെയുമാണ് വൃശ്ചികം ഒന്നിലെ പൂജകൾക്ക് തുടക്കമായത്. ശബരിമലയിൽ ഒരു ദിവസം എൺപതിനായിരം പേർക്കാണ് ദർശന സൗകര്യം ഒരുക്കിയിരിക്കുന്നത്.

Sabarimala Mandalakalam 2026
പത്തനംതിട്ട: വൃശ്ചിക പുലരിയിൽ ശരണമന്ത്രങ്ങളാൽ മുഖരിതമായി ശബരിമല സന്നിധാനം. മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നതോടെ അയ്യപ്പ ദർശനത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽസംസ്ഥാനങ്ങളിൽ നിന്നും വൻ ഭക്തജനപ്രവാഹമാണ് ശബരിമലയിലേക്ക് എത്തുന്നത്. പുലർച്ചെ നിർമ്മാല്യ ദർശനത്തോടെയും അഭിഷേകത്തോടെയുമാണ് വൃശ്ചികം ഒന്നിലെ പൂജകൾക്ക് തുടക്കമായത്. പുലർച്ചെ മുതൽ തന്നെ പതിനെട്ടാം പടി കയറാനും അയ്യപ്പനെ ദർശിക്കാനുമായി തീർത്ഥാടകരുടെ നീണ്ട നിരയാണ് സന്നിധാനത്തും പരിസരങ്ങളിലും കാണാൻ സാധിക്കുന്നത്.
പുതിയ മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയാണ് ശബരിമല നട തുറന്നത്. മാളികപ്പുറം നട തുറന്നത് ദാമോദരൻ നമ്പൂതിരിയാണ്. രാവിലെ ഏഴുമണിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ നിലവിളക്ക് തെളിയിച്ച് അന്നദാനത്തിന് തുടക്കം കുറിക്കും. എട്ട് മണിക്ക് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗവും ചേരുന്നതാണ്. മണ്ഡലകാലം ആരംഭിച്ചതോടെ ഇന്ന് കൂടുതൽ തീർഥാടകർ ശബരിമല ദർശനത്തിന് എത്തും.
ALSO READ: വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തർക്ക് പമ്പയിലേക്ക് യാത്ര അനുവദിക്കില്ല; നിർദ്ദേശങ്ങളുമായി KSRTC
തീർത്ഥാടകരുടെ പ്രവേശനം
ശബരിമലയിൽ ഒരു ദിവസം എൺപതിനായിരം പേർക്കാണ് ദർശന സൗകര്യം ഒരുക്കിയിരിക്കുന്നത്. 66,000 പേർക്ക് വെർച്വൽ ക്യൂ വഴിയും പതിനാലായിരം പേർക്ക് തത്സമയ ബുക്കിങിലൂടെയും ദർശനം നടത്താം. ഡിസംബർ 27ന് മണ്ഡലപൂജയും 2027 ജനുവരി 14ന് മകരവിളക്ക് ഉത്സവവും അരങ്ങേറും. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തുവരുന്ന ഭക്തർക്ക് അപകടങ്ങൾ സംഭവിച്ചാൽ രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭ്യമാക്കുന്ന സൗകര്യവും ഇത്തവണ ഒരുക്കിയിട്ടുണ്ട്.
ബുക്ക് ചെയ്യുന്ന ദിവസത്തിന് മുൻപേയുള്ള ഒരു ദിവസം കൂടി പരിഗണിച്ച് ആകെ മൂന്ന് ദിവസം ഉൾപ്പെടുത്തിയാണ് ഇൻഷുറൻസ് ആനുകൂല്യം നൽകുന്നത്. ബുക്ക് ചെയ്യുമ്പോൾ തന്നെ നോമിനിയുടെ വിവരങ്ങൾ ചോദിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കിയിരുന്നു.
അരവണ കൗണ്ടറിൽ ഡിജിറ്റൽ പേയ്മെൻ്റ്
ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടനത്തിൻ്റം ഭാഗമായി 50 ലക്ഷം ടിൻ അരവണ തയ്യാറായിക്കഴിഞ്ഞെന്ന് ദേവസ്വം വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ തവണ അരവണ ക്ഷാമം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഭക്തർ ആവശ്യപ്പെട്ടാൽ അരവണ തപാൽ വഴി എത്തിച്ച് നൽകാനുള്ള സംവിധാനങ്ങളും പൂർത്തിയാക്കിയതായാണ് വിവരം. ഇതോടൊപ്പം അഞ്ച് കൗണ്ടറുകൾ അധികമായി തുറന്നിട്ടുണ്ട്. നിലവിൽ അരവണ കൗണ്ടറുകളുടെ എണ്ണം 22 അയി ഉയർന്നു.
ഭക്തരുടെ സൗകര്യാർത്ഥം അരവണ കൗണ്ടറുകളിൽ ഡിജിറ്റൽ പെയ്മന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 14 വഴിപാട് കൗണ്ടറുകളും അവിടെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനവും ഉണ്ടായിരിക്കും. മണ്ഡലകാലത്ത് അരവണയുടെയും അപ്പത്തിന്റെയും കാര്യത്തിൽ ആശങ്കകൾ വേണ്ടെന്നാണ് ദേവസ്വം വകുപ്പ് പറയുന്നത്. തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ ദർശനം ഉറപ്പാക്കുന്നതിനുമായി പോലീസിന്റെയും ദേവസ്വം ബോർഡിന്റെയും നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തുമായി ഒരുക്കിയിരിക്കുന്നത്.
English Summary:
Devotees throng Sabarimala Sannidhanam as the Mandala- Makaravilakku pilgrimage season begins. Check out the latest updates on darshan, crowd management, and temple rituals.