Shine Tom Chacko Car Accident: മുന്നിൽ സഞ്ചരിച്ച ലോറി പെട്ടെന്ന് ട്രാക്കുമാറിയതാണ് അപകട കാരണമെന്ന് ഷൈനിന്റെ ഡ്രൈവർ
Shine Tom Chacko Car Accident update: കൊച്ചിയിൽ നിന്ന് രാത്രി പതിനൊന്നുമണിക്കാണ് യാത്ര തിരിച്ചതെന്നും, ഷൈൻ ടോം ചാക്കോയുടെ നിർദ്ദേശപ്രകാരം തുടർചികിത്സക്കായാണ് ബെംഗളൂരുവിലേക്ക് വന്നതെന്നും അനീഷ് വ്യക്തമാക്കി. "വളരെ പെട്ടന്നുള്ള യാത്രയായിരുന്നില്ല. ഇടയ്ക്കിടയ്ക്ക് നിർത്തി നിർത്തിയാണ് വന്നത്. ആദ്യമായാണ് ഇങ്ങനെയൊരു അപകടം സംഭവിക്കുന്നത്

ബെംഗളൂരു: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം മുന്നിൽ പോവുകയായിരുന്ന ലോറി അപ്രതീക്ഷിതമായി ട്രാക്ക് മാറിയതാണെന്ന് വാഹനമോടിച്ചിരുന്ന അനീഷ്. കാറിൻ്റെ പിൻസീറ്റിലായിരുന്ന ചാക്കോക്ക് അപകടത്തിൻ്റെ ആഘാതത്തിൽ തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് അനീഷ് വെളിപ്പെടുത്തി.
മനോരമ ന്യൂസിനോട് സംസാരിക്കവെയാണ് അനീഷ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. “ലോറിയുടെ പെട്ടന്നുള്ള ട്രാക്ക് മാറ്റമാണ് അപകടമുണ്ടാകാൻ കാരണം. പുറകെ വന്ന ഒരു മലയാളി കുടുംബത്തിൻ്റെ കാറിലാണ് തങ്ങളെ ആശുപത്രിയിലെത്തിച്ചത്. പക്ഷേ ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ ഡാഡി പോയിരുന്നു. ഡ്രൈവർ സീറ്റിൻ്റെ തൊട്ടുപുറകിലാണ് ഡാഡി ഇരുന്നത്. അപകടത്തിനുശേഷം ഒരു മൂളലുണ്ടായിരുന്നു. പക്ഷേ ആശുപത്രിയിൽ എത്തുന്നതിന് 100 മീറ്റർ മുമ്പേ അദ്ദേഹം പോയി എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
കൊച്ചിയിൽ നിന്ന് രാത്രി പതിനൊന്നുമണിക്കാണ് യാത്ര തിരിച്ചതെന്നും, ഷൈൻ ടോം ചാക്കോയുടെ നിർദ്ദേശപ്രകാരം തുടർചികിത്സക്കായാണ് ബെംഗളൂരുവിലേക്ക് വന്നതെന്നും അനീഷ് വ്യക്തമാക്കി. “വളരെ പെട്ടന്നുള്ള യാത്രയായിരുന്നില്ല. ഇടയ്ക്കിടയ്ക്ക് നിർത്തി നിർത്തിയാണ് വന്നത്. ആദ്യമായാണ് ഇങ്ങനെയൊരു അപകടം സംഭവിക്കുന്നത് എന്നും പക്ഷേ അതിൽ തന്നെ ഞങ്ങളുടെ എല്ലാമെല്ലാമായ ആള് പോയി എന്നും അനീഷ് പറയുന്നു.
ലോറി ഡ്രൈവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അനീഷ് കൂട്ടിച്ചേർത്തു. “ഡബിൾ ട്രാക്കിൻ്റെ ഇടതുഭാഗം ചേർന്നാണ് ഞാൻ വണ്ടി ഓടിച്ചിരുന്നത്. ദൂരെ ലോറി പോകുന്നതു കാണാം. ലോറിയുടെ അടുത്തെത്തി ക്രോസ് ചെയ്യാനായി നിൽക്കുമ്പോൾ ലോറി വലതുവശത്തുനിന്ന് ഇടത്തേക്ക് ക്രോസ് ചെയ്തു കയറി. പുലർച്ചെയാണ്, ഹൈവേയാണ്. 80 കിലോമീറ്റർ വേഗതയിലാണ് ഞങ്ങളുടെ വണ്ടി സഞ്ചരിച്ചിരുന്നത്.
ആ സ്പീഡിൽ വണ്ടി നിയന്ത്രിക്കാൻ സാധിച്ചില്ല. ലോറിയുടെ പുറകിൽ പോയി കാറിടിച്ചു. സെൻസർ ഉള്ളതിനാൽ സ്റ്റിയറിങ് സ്റ്റക്ക് ആയി. അതോടെ മുഴുവനായി നിയന്ത്രണം നഷ്ടപ്പെട്ടു. ടയർ പൊട്ടി, വലതുവശത്തേക്കു ബലമായി വണ്ടി കട്ട് ചെയ്തു. പുറകിൽ ഡാഡി ഉറക്കമായിരുന്നു, സീറ്റ് ബെൽറ്റും ഇട്ടിട്ടുണ്ടായിരുന്നില്ല, ഇടിയുടെ ആഘാതത്തിൽ ഡാഡിയുടെ തല ഡ്രൈവർ സ്റ്റീലിൽ വന്നിടിച്ച് പൊട്ടി.” – അനീഷ് വിശദീകരിച്ചു.