Bengaluru Stampede: ‘അവളുടെ ലാപ്ടോപ്പ് ഇപ്പോഴും ഓഫീസ് മേശപ്പുറത്തുണ്ട്, പക്ഷേ അവൾ ഇല്ല’: ചിന്നസ്വാമി ദുരന്തത്തിൽ മരിച്ചവരിൽ ഐടി ജീവനക്കാരിയും
Bengaluru Techie Killed in Stampede: ചിന്നസ്വാമി സ്റ്റേഡിയത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് കാമാക്ഷിദേവി പോയത്. ജോലിസ്ഥലത്ത് നിന്ന് ഏതാനും മണിക്കൂർ അവധിയെടുത്താണ് ഇവർ പരിപാടിക്കെത്തിയത്.

തിരുപ്പൂര്‍: ഐപിഎല്‍ ക്രിക്കറ്റ് ജേതാക്കളായ ആർസിബിക്ക് ചിന്നസ്വാമി സ്റ്റേഡിയത്തിലൊരുക്കിയ സ്വീകരണച്ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരില്‍ ഉദുമല്‍പേട്ട സ്വദേശിനിയായ ഐടി ജീവനക്കാരിയും. ഉദുമല്‍പേട്ട നിവാസിയായ എസ് മൂര്‍ത്തിയുടെയും രാജലക്ഷ്മിയുടെയും ഏകമകളായ എം. കാമാക്ഷിദേവിയാണ് (27) മരിച്ചത്. ബെംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലിചെയ്യുകയായിരുന്നു ഇവർ.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് കാമാക്ഷിദേവി പോയത്. ജോലിസ്ഥലത്ത് നിന്ന് ഏതാനും മണിക്കൂർ അവധിയെടുത്താണ് ഇവർ പരിപാടിക്കെത്തിയത്. മേലുദ്യോഗസ്ഥനോട് തുടരെ ചോദിച്ചതിന് ശേഷമാണ് ഒടുവിൽ ഉച്ചയ്ക്ക് 2.30ഓടെ പോകാൻ അനുമതി ലഭിച്ചതെന്നും അവൾ വളരെ ആവേശത്തിലായിരുന്നെന്നും ദേവിയുടെ സുഹൃത്ത് പറയുന്നു. “അവളുടെ ലാപ്ടോപ്പ് ഇപ്പോഴും മേശപുറത്തുണ്ട്, എന്നാൽ അവൾ ഇല്ല” കണ്ണീരടക്കാനാവാതെ സുഹൃത്ത് പറഞ്ഞു.
തമിഴ്നാട് സ്വദേശിനിയായ ദേവി പഠനത്തിന് ശേഷം ബെംഗളൂരുവിൽ തന്നെയുള്ള ഒരു ടെക് സ്ഥാപനത്തിൽ ജോലിക്ക് കയറുകയായിരുന്നു. ആർസിബിയുടെ കടുത്ത ആരാധികയായ ദേവി ബംഗളൂരുവിലേക്ക് താമസം മാറിയതിന് ശേഷം ഒരു മത്സരം പോലും നഷ്ടപ്പെടുത്തിയിട്ടില്ല. വിരാട് കോഹ്‌ലിയുടെ വലിയ ആരാധികയായിരുന്നു ദേവി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിയുടെ വിജയാഘോഷം ഉണ്ടെന്ന് അറിഞ്ഞയുടനെ ടിക്കറ്റ് എടുക്കാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
ഒടുവിൽ ഏത് വിധേനയെങ്കിലും വിജയാഘോഷത്തിൽ പങ്കെടുക്കാനായി ഏറെ പ്രതീക്ഷയോടെയാണ് ദേവി സ്റ്റേഡിയത്തിലേക്ക് പോയത്. ‘ഞാൻ മെട്രോയിൽ കയറുകയാണ്’ എന്നായിരുന്നു അവളുടെ നമ്പറിൽ നിന്ന് വന്ന അവസാന സന്ദേശമെന്ന് സുഹൃത്ത് കൂട്ടിച്ചേർത്തു.
ALSO READ: ചിന്നസ്വാമി ദുരന്തത്തിൽ മലയാളി അടക്കം അറസ്റ്റിൽ; കമ്മീഷണർ അടക്കം അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പൻഷൻ
ജൂൺ നാലിന് വൈകുന്നേരമാണ് ആർസിബിയുടെ വിജയാഘോഷവും വലിയ ദുരന്തവും സംഭവിച്ചത്. ആരാധകർ റോഡ് ഷോയ്ക്കായി ടീമിനെ കാത്തുനിൽക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമെതിരെ പോലീസ് കേസെടുത്തു. കൂടാതെ, പരിപാടിയുടെ നടത്തിപ്പുകാരായ ഡിഎൻഎ എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.