അണലിക്കുഞ്ഞിനെ കൊത്തിച്ച് ലഹരി: ഡോക്ടർ ഷിംന തിരുത്തി; തെറ്റ് സമ്മതിച്ച് ചെന്നിത്തല
Ramesh Chennithala Snake drug statement: ലഹരിക്കായി ചിലർ അണലിയുടെ കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന രീതിയുണ്ട് എന്ന തന്റെ മുൻ പ്രസ്താവന തിരുത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഈ വിഷയത്തിൽ ചെന്നിത്തലയുടെ പ്രസ്താവന തെറ്റാണ് എന്ന് വിശദീകരിച്ച് ഡോ. ഷിംന അസീസ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലായതിന് പിന്നാലെയാണ് തന്റെ പ്രസ്താവനയിൽ വസ്തുതാപരമായി പിശക് പറ്റി എന്ന് സമ്മതിച്ച് രമേശ് ചെന്നിത്തല രംഗത്ത് എത്തിയത്.
തിരുവനന്തപുരം: ലഹരിക്കായി ചിലർ അണലിയുടെ കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന രീതിയുണ്ട് എന്ന തന്റെ മുൻ പ്രസ്താവന തിരുത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഈ വിഷയത്തിൽ ചെന്നിത്തലയുടെ പ്രസ്താവന തെറ്റാണ് എന്ന് വിശദീകരിച്ച് ഡോ. ഷിംന അസീസ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലായതിന് പിന്നാലെയാണ് തന്റെ പ്രസ്താവനയിൽ വസ്തുതാപരമായി പിശക് പറ്റി എന്ന് സമ്മതിച്ച് രമേശ് ചെന്നിത്തല രംഗത്ത് എത്തിയത്. ഇത് സംബന്ധിച്ച തിരുത്ത് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി തൂഫാൻ വാറിയറാകാൻ ഡോ. ഷിംന അസീസിനെ ഹൃദയപൂർവ്വം ക്ഷണിക്കുന്നതായും ഫെയ്‌സ്ബുക്കിലൂടെ ചെന്നിത്തല അറിയിച്ചു. ഇതിന് പിന്നാലെ ചെന്നിത്തലയുടെ തിരുത്തിൽ സന്തോഷമുണ്ടെന്നും ഓപ്പറേഷൻ തൂഫാൻ വാരിയർ ആവാനുള്ള ആഭ്യന്തരമന്ത്രിയുടെ ക്ഷണം വിനയപൂർവ്വം സ്വീകരിക്കുന്നതായും ഡോക്ടർ പറഞ്ഞു.
അണലി വെറുതെ കൊത്തിയാൽ പോലും വിഷം
ലഹരിക്കായി അണലിക്കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന രീതിയുണ്ട് എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ എതിർത്തുകൊണ്ട് ഡോ. ഷിംന അസീസ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ: അണലി വെറുതെ കൊത്തിയാൽ പോലും വിഷം അകത്തെത്തിയാൽ ആള് തീരാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തെ ബാധിക്കുന്ന ‘ഹീമോടോക്സിക് വെനം’ ആണ് അണലിക്ക്. ജീവൻ രക്ഷിച്ചെടുക്കൽ അതീവശ്രമകരമാണ്. നാക്കിൽ അണലിയെ കൊണ്ട് കൊത്തിച്ചാൽ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല.
ALSO READ: തൃശ്ശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു
രമേശ് ചെന്നിത്തല വളരെ ലാഘവത്തോടെ പറഞ്ഞ വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യം കൂടുതൽ പോപ്പുലർ ആകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനുമൊക്കെ സാധ്യതയുണ്ട്. ദയവ് ചെയ്ത് ഈ പരിപാടി ഒന്നും ട്രൈ ചെയ്യരുത്. രക്‌തത്തെ നേരിട്ട് ബാധിക്കുന്ന തരമായ അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല. അതിനാൽ തന്നെ, ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം ഉണ്ടാകുകയുമില്ല.
മൂർഖനും വെള്ളിക്കെട്ടനും ഒക്കെയാണ് അത്തരത്തിലുള്ള ന്യൂറോടോക്‌സിക് വെനം ഉള്ളത്. അവയെ ആണ് ലഹരിക്കാർ ഉപയോഗിക്കാൻ ശ്രമിക്കുന്നത്. ഇനി അവയെക്കൊണ്ട് കൊത്തിച്ചാലും വിഷം കേറി ഏറിയും കുറഞ്ഞും മരിച്ച് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്, അപകടമാണ്. മാത്രമല്ല, അണലിയുടെ ദംശനമേറ്റാൽ മരണപ്പെട്ടില്ലെങ്കിൽ പോലും ആയുഷ്കാലം നിലനിൽക്കുന്ന പ്രത്യാഘാതങ്ങൾക്ക് സാധ്യതയുണ്ട് . കിടപ്പിലായി പോവാം, സ്‌ഥിരമായി കിഡ്നിയെ ബാധിക്കാം.. അങ്ങനെ കുറേ പ്രശ്നങ്ങൾ…
പാമ്പിൻകുട്ടി ‘കുട്ടി’ അല്ല. ലുക്കിൽ മാത്രമേ ചെറുതുള്ളൂ, വർക്കിൽ പലപ്പോഴും വളർച്ചയെത്തിയ പാമ്പിനേക്കാൾ കൂടുതൽ അപകകാരിയാണ് പാമ്പിൻകുട്ടികൾ. മേൽ പറഞ്ഞ പല വിധ കാരണങ്ങളാൽ അണലിയുടെ കടി അണ്ണാക്കിൽ മേടിച്ചു പടമാകരുത്. പാമ്പിന്റെ കൊത്ത് ലഹരി തരില്ല. കൂടെ ഒന്ന് കൂടി…ഒരു ലഹരിയും ഉപയോഗിക്കാൻ ശ്രമിക്കരുത്. നല്ലതൊന്നും ലഹരിയിൽ ഇല്ല.
ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുന്നു
തന്റെ പ്രസ്താവന തിരുത്തി രമേശ് ചെന്നിത്തല പങ്കുവച്ച പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ: ലഹരിക്ക് എതിരായ പോരാട്ടം വ്യക്തി ജീവിതത്തിലും പൊതുപ്രവർത്തനത്തിലും ഏറെക്കാലമായി ഏറ്റെടുത്തിട്ടുള്ളതാണ്. മിക്കവാറും വേദികളിൽ ലഹരിക്ക് എതിരെ പ്രതികരിക്കാറുണ്ട്. ഇലക്ഷനു മുൻപ്, യുഡിഎഫിന് അധികാരം കിട്ടിയാൽ ലഹരിയുടെ വേരറുക്കും എന്ന പ്രഖ്യാപനം നടത്തുകയും ആ വാക്കു പാലിക്കുന്ന “തൂഫാൻ” ആരംഭിച്ചതിലും അഭിമാനമുണ്ട്.
വളരെ നാൾ മുൻപ് എന്റേതായി വന്ന ഒരു പരാമർശത്തിൽ കടന്നു കൂടിയ തെറ്റ് സംബന്ധിച്ച് ഡോ. ഷിംന അസീസിന്റെ തിരുത്ത് മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടു. അപകടകരവും മാരകവുമായ വിവിധ തരം ലഹരി ഉപയോഗങ്ങളെ കുറിച്ചുള്ള സംഭാഷണത്തിന് ഇടയിലായിരുന്നു അത്. വിഷ പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഭാഗത്ത്, അതിനായി ഉപയോഗിക്കുന്നത് ചെറിയ അണലികളെയാണ് എന്ന് ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല. ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുന്നു.
പാമ്പുകളെ ഉപയോഗിക്കുന്നതു പോലെ അത്യന്തം അപകടകരവും വിനാശകരവുമായ ലഹരി ഉപയോഗം ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിലും അത്തരം കേന്ദ്രങ്ങൾ ഉണ്ടെന്ന വിവരങ്ങളെ ഗൗരവത്തോടെയാണ് മനസിലാക്കുന്നത്. ഇതെല്ലാം സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ അറിയിക്കാൻ ആരും മടിക്കരുത്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും. തൂഫാൻ- ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി തൂഫാൻ വാറിയറാകാൻ ഡോ. Shimna Azeez ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
ഡോക്ടർ ഷിംനയുടെ മറുപടി
വൈദ്യശാസ്ത്രപരമായി തെറ്റായ ഒരു പരാമർശം ശ്രദ്ധയിൽപ്പെടുത്തിയത് മിന്നൽവേഗത്തിൽ തിരുത്തുകയും, എന്നെ ഓപ്പറേഷൻ തൂഫാൻ വാരിയർ ആവാൻ മെൻഷൻ ചെയ്ത് ക്ഷണിക്കുകയും ചെയ്ത് കൊണ്ട് ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തല എഴുതിയ പോസ്റ്റ് വായിച്ചു. ഇന്നലെ, ഈ പോസ്റ്റ് ഇട്ട സമയത്ത് പോലും പറഞ്ഞതിലെ ശാസ്ത്രീയതയോ വസ്തുതയോ മാനിക്കാതെ സൈബർ ആക്രമണം ആയിരുന്നു എനിക്ക് നേരെ വാർത്താപേജ് കമന്റുകളിൽ നിറഞ്ഞത്.
ഇന്ന്, സ്വയം തിരുത്തി മാതൃകയാകുന്ന, ഇന്നലെ നേരിട്ട എതിർപ്രതികരണങ്ങൾ എല്ലാം നിഷ്പ്രഭമാക്കുന്ന രീതിയിൽ കേരളത്തിന്റെ ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തലയുടെ ‘തിരുത്ത്’ നിലപാടുകളുടെ ഔന്നത്യമായി, മറുപടിയായി ഉയരെ ശോഭിച്ചു നിൽക്കുന്നു. മനസ്സ് നിറഞ്ഞിരിക്കുന്നു. ഒരു പൊടിമീശക്കാരന്റെ അമ്മയാണ്, മക്കളെ സ്നേഹിക്കുന്നവരുടെ ചങ്കിലെ പിടപ്പ് അറിയുന്നോളാണ്. ഓരോ കുഞ്ഞിനും കുടുംബത്തിനും എന്റെ കേരളത്തിനും വേണ്ടി ഏതറ്റം വരെയും ലഹരിക്കെതിരെ പൊരുതിക്കൊണ്ട് ഓപ്പറേഷൻ തൂഫാന് കൂടെയുണ്ടാകും. തൂഫാൻ വാരിയർ ആവാനുള്ള ക്ഷണം വിനയപൂർവ്വം സ്വീകരിക്കുന്നു.
English Summary
Home Minister Ramesh Chennithala has corrected his previous statement that some people use viper cubs to bite their tongues to get drunk. After Dr. Shimna Azeez shared a post on Facebook explaining that Chennithala’s statement on this issue was wrong, Ramesh Chennithala admitted that there was a factual error in his statement.