AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Soumya Murder Case: ട്രെയിൻ യാത്രക്കിടെ അതിക്രൂര പീഡനം; പ്രതിയെ രക്ഷിക്കാൻ ആളൂരും, സൗമ്യ വധക്കേസ് നാൾവഴി…

Soumya Murder Case: ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് സൗമ്യ മരണത്തിന് കീഴടങ്ങി. എറണാകുളത്ത് നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്.

Soumya Murder Case: ട്രെയിൻ യാത്രക്കിടെ അതിക്രൂര പീഡനം; പ്രതിയെ രക്ഷിക്കാൻ ആളൂരും, സൗമ്യ വധക്കേസ് നാൾവഴി…
Soumya Case
nithya
Nithya Vinu | Published: 25 Jul 2025 09:18 AM

കേരളമനസാക്ഷിയെ ഞെട്ടിച്ച ക്രൂരത, സൗമ്യ വധക്കേസിന്റെ നാൾ വഴികൾ…

2011 ഫെബ്രുവരി ഒന്നിന് രാത്രി 9.30നും 10 നും ഇടയില്‍ വള്ളത്തോള്‍ നഗര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് നിന്നാണ് പരിക്കേറ്റ് അബോധാവസ്ഥയിൽ സൗമ്യ വിശ്വനാഥന്‍ എന്ന 23കാരിയെ നാട്ടുകാർ കണ്ടെത്തുന്നത്. തുട‍ർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. പരിക്കുകളിൽ നിന്ന് പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയായതായി കണ്ടെത്തി.

ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് സൗമ്യ മരണത്തിന് കീഴടങ്ങി. അന്വേഷണത്തിന് ഒടുവിൽ ഫെബ്രുവരി മൂന്നിന് ഗോവിന്ദച്ചാമി എന്ന ഒറ്റക്കയ്യന്‍ തമിഴനെ കടലൂര്‍ വിരുദാചലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുന്നു. എറണാകുളത്ത് നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്.

യാത്രക്കിടെ സൗമ്യയെ കവര്‍ച്ച ചെയ്യാന്‍ പ്രതി ശ്രമിക്കുകയായിരുന്നു. എതിര്‍ത്തതിനെ തുടര്‍ന്ന് പ്രതി സൗമ്യയെ ശാരീരികമായി അക്രമിച്ചു. എതിര്‍ത്തതിനെ തുടര്‍ന്ന് ശാരീരികമായി അക്രമിച്ചു, അര്‍ദ്ധബോധാവസ്ഥയിലായ സൗമ്യയെ മെല്ലെപ്പോകുകയായിരുന്ന ട്രെയിനില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. പിന്നാലെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നിറങ്ങിയ ശേഷം 200 മീറ്ററോളം നടന്ന് സൗമ്യയെ കണ്ടെത്തി. ബലാത്സംഗം ചെയ്ത് സൗമ്യയുടെ മൊബൈലടക്കമുള്ള വസ്തുക്കള്‍ കവര്‍ന്നു.

ALSO READ: ‘അവനെ പിടിച്ചേ പറ്റൂ, ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായി’; വൈകാരികമായി പ്രതികരിച്ച് സൗമ്യയുടെ അമ്മ

പൊലീസ് അന്വേഷണം

ചേലക്കര സി ഐ കെ എ ശശിധരന്‍ പ്രാഥമിക അന്വേഷണം നടത്തിയ കേസ് പിന്നീട് ഡിവൈഎസ് പി വി രാധാകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. ഐജി ബി സന്ധ്യയുടെ മേല്‍നോട്ടത്തിൽ നടന്ന അന്വേഷണത്തിന് ഒടുവിൽ ഏപ്രില്‍ 19ന് വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‍ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്‌ത്രീയ തെളിവുകൾ നിർണായകമായി. സൗമ്യയുടെ നഖങ്ങള്‍ക്കിടയില്‍ നിന്ന് പ്രതിയുടെ ഡിഎന്‍എ സാമ്പിളുകളും ശരീരത്തില്‍ നിന്നും വസ്‌ത്രങ്ങളില്‍ നിന്നും പ്രതിയുടെ ബീജങ്ങളും കണ്ടെത്തി. സൗമ്യ സഞ്ചരിച്ചിരുന്ന ലേഡീസ് കംപാര്‍ട്ട്മെന്റില്‍ നിന്ന് ഗോവിന്ദച്ചാമിയുടെ ഷര്‍ട്ടിലെ ബട്ടന്‍സ് കണ്ടെത്തി.

പോസ്റ്റ്മോര്‍ട്ടം നടത്തിയ ഷെര്‍ളി വാസുവിന്റെ റിപ്പോര്‍ട്ടും ഫൊറന്‍സിക് സര്‍ജനായ ഹിതേഷ് ശങ്കറിനോട് ഗോവിന്ദച്ചാമി നടത്തിയ കുറ്റസമ്മതവും കേസിൽ നിർണായകമായി. കൂടാതെ
ഒറ്റക്കയ്യനാണ് അക്രമിച്ചതെന്ന് അര്‍ദ്ധബോധാവസ്ഥയിലും സൗമ്യ പറഞ്ഞിരുന്നു.

ഗോവിന്ദച്ചാമിയെ ട്രെയിനില്‍ കണ്ടെന്ന് സാക്ഷികള്‍ മൊഴി നൽകി. സൗമ്യയുടെ മൊബൈല്‍ വയനാട്ടിലെ ബേബി വര്‍ഗീസില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഗോവിന്ദച്ചാമി മൊബൈല്‍ വിറ്റ മാണിക്യമാണ് ബേബി വര്‍ഗീസിന് വിറ്റത്.

ALSO READ: തുണി ഉപയോഗിച്ച് വടമുണ്ടാക്കി; ഗോവിന്ദച്ചാമി ജയിൽ ചാടിയത് പുലർച്ചെ 1.15 ന്; സംസ്ഥാനത്ത് ജാ​ഗ്രത

കോടതിയില്‍..

ഒക്ടോബര്‍ 31 ന് തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി.

ഐപിസി 376 (റേപ്പ്) 302 (കൊലപാതകം) 394,397 (കവര്‍ച്ചാ ശ്രമത്തിനിടെ പരിക്കേല്‍പ്പിക്കല്‍ ) 447 ( അതിക്രമിച്ച് കടക്കല്‍) എന്നീ കുറ്റങ്ങൾക്ക് ജഡ്ജ് കെ രവീന്ദ്ര ബാബു നവംബര്‍ 11ന് ശിക്ഷ വിധിച്ചു.

302 പ്രകാരം വധശിക്ഷ, 376 പ്രകാരം ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ, രണ്ട് വര്‍ഷം സാധാരണ തടവ് എന്നിങ്ങനെയായിരുന്നു ശിക്ഷ.

2013 ഡിസംബര്‍ 17 ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വധശിക്ഷ ശരിവച്ചു.

2014 ജൂലൈ 29ന് സുപ്രീം കോടതി വധശിക്ഷ സ്റ്റേ ചെയ്തു.

2016 സെപ്റ്റംബര്‍ 9ന് ഗോവിന്ദച്ചാമി സൗമ്യയെ കൊന്നതിന് തെളിവെന്തെന്ന് കോടതി ചോദിച്ചു

2016 സെപ്റ്റംബര്‍ 15ല്‍ സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി, ശിക്ഷ ജീവപര്യന്തമായി കുറച്ചു.

പ്രതിക്ക് വേണ്ടി അഡ്വ. ബിഎ ആളൂരാണ് ഹാജരായത്.