സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ
Govindachami Arrested: കണ്ണൂർ തളാപ്പിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടവളപ്പിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. പ്രദേശത്തെ കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു.
കണ്ണൂർ: കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലെന്ന് സൂചന . കണ്ണൂർ നഗരത്തിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഗോവിന്ദച്ചാമിയെ പോലെ ഒരാളെ കണ്ടെന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്. കണ്ണൂർ തളാപ്പിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടവളപ്പിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. പ്രദേശത്തെ കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്ന് വൈദ്യ പരിശോധന പൂർത്തിയാക്കി കണ്ണൂർ പൊലീസ് ട്രെയിനിങ് സെന്ററിൽ എത്തിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ഇയാൾ ഇന്ന് പുലർച്ചെ 1.15 ന് ജയിൽ ചാടുകയായിരുന്നു. തുടർന്ന് നടത്തിയ വ്യാപക തിരച്ചലിലാണ് മണിക്കൂറുകൾക്കകം പ്രതി പിടിയിലായത്. ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ ഒരു വീട്ട് പരിസരത്തുനിന്നാണ് ഇയാളെ ആദ്യം കണ്ടത്. ഈ ഭാഗത്ത് നിന്ന് ഇയാളെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. നടന്ന് പോകുകയായിരുന്ന പ്രതിയെ കണ്ട് ഗോവിന്ദച്ചാമിയെന്ന് വിളിച്ചതോടെ ഓടിരക്ഷപ്പെട്ടുവെന്നും കണ്ടയാൾ പറയുന്നു.
ഇന്ന് രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ട വിവരം ഉദ്യേഗസ്ഥർ അറിയുന്നത്. തുടർന്ന് കണ്ണൂർ നഗരത്തിന് പുറത്തേക്ക് കോഴിക്കോട്, കാസർഗോഡ് ജില്ലകളിലേക്കും ഗോവിന്ദച്ചാമിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയിലാണ് പ്രതിയെ പിടികൂടിയത്.