Valiya Chudukadu: ജീവനോടെ മനുഷ്യരെ ചുട്ടെരിച്ച മണ്ണ്, എന്താണ് വലിയ ചുടുകാടിൻ്റെ പ്രത്യേകത?
Valiya Chudukadu Cremation Ground : വർഷം തോറും പുന്നപ്ര-വയലാർ രക്തസാക്ഷി ദിനത്തിൽ ആയിരങ്ങളാണ് വലിയ ചുടുകാട്ടിലെത്തി ധീര രക്ത സാക്ഷികൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നത്.

Pooja Room Tips Vastu In Malayalam
പി.കൃഷ്ണപിള്ളയും, എംഎൻ ഗോവിന്ദൻ നായരും, കെആർ ഗൗരിയമ്മയുമെല്ലാം യാത്ര അവസാനിപ്പിച്ച അതേ വലിയ ചുടുകാട്ടിലേക്ക് വിഎസും പോവുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്മരണകൾ ഉറങ്ങുന്ന മണ്ണാണ് വലിയ ചുടുകാട്ടിലേത്. 1946-ലെ പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്ത് വെടിയേറ്റ് രക്ത സാക്ഷികളായവരെയും പരിക്കേറ്റവരെയുമെല്ലാം വലിയ ചുടുകാട്ടിലിട്ട് സർ സിപിയുടെ പോലീസ് പച്ചക്ക് കത്തിച്ചതാണ് ചരിത്രം. പുന്നപ്രയിലെ പോലീസ് ക്യാമ്പ ആക്രമണത്തിൻ്റെ ബാക്കി പത്രമായിരുന്നു അത്. 10000-ൽ അധികം പേരാണ് അന്ന് പോലീസ് ക്യാമ്പd വളഞ്ഞത്. ഇൻസ്പെക്ടർ വേലായുധൻ നാടാരുമായി അന്ന് നേതാക്കൾ തർക്കത്തിലേർപ്പെട്ടു. ഒടുവിലത് സംഘർഷത്തിലേക്കും ഇൻസ്പെക്ടർ നാടാർ അടക്കം മൂന്ന് പോലീസുകാർ കൊല്ലപ്പെടുന്നതിലേക്കും എത്തി. കുന്തവും , കമ്പും, കല്ലുമായി പോലീസിനെ നേരിട്ട സമരക്കാർക്ക് പോലീസിൻ്റെ വെടിവെപ്പിൽ ജീവൻ നഷ്ടമായി. ഒരു ഘട്ടത്തിൽ വെടിയുണ്ട തീർന്ന് പോലീസ് പിൻവാങ്ങുകയായിരുന്നു, ഒപ്പം സമരക്കാരും. അപ്പോഴും കുറേപ്പേർ പരിക്കേറ്റവിടെ കിടന്നിരുന്നു.
പിന്നീട് പോലീസ് ക്യാമ്പിലേക്ക് എത്തിയ ഡിഎസ്പി വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിലുള്ള പട്ടാളം പരിക്കേറ്റവരെ വീണ്ടും തല്ലിച്ചതച്ച് കൊലപ്പെടുത്തി. ഇവരെ വലിയ ചുടുകാട്ടിൽ എത്തിച്ച് കൂമ്പാരം കൂട്ടി പെട്രോളൊഴിച്ച് തീകൊളുത്തി.ഇതിൽ ജീവനുള്ളവരും ഉണ്ടായിരുന്നു. കാട്ടൂരിൽ നിന്നും, മാരാരിക്കുളത്തു നിന്നും കൊണ്ടു വന്നവരെയും പിന്നീട് ഇത്തരത്തിൽ ഇവിടെ കത്തിച്ചു. പച്ച ജീവൻ കത്തിയെരിഞ്ഞ മണ്ണിലാണ് മുതിർന്ന നേതാക്കൾക്ക് ഉള്ളതു പോൽ വിഎസിനും ഇടം ഒരുക്കുന്നത്.
ALSO READ: V S Achuthanandan: വിഎസിനോടുള്ള ആദരസൂചകം, ഈ ജില്ലയില്‍ നാളെയും അവധി
വർഷം തോറും പുന്നപ്ര-വയലാർ രക്തസാക്ഷി ദിനത്തിൽ ആയിരങ്ങളാണ് വലിയ ചുടുകാട്ടിലെത്തി ധീര രക്ത സാക്ഷികൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നത്. ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള സ്ഥലമാണ് വലിയ ചുടുകാട്. ഇവിടെ 50 സെൻ്റിലായി രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും വെവ്വേറെ സ്മാരകങ്ങളുണ്ട്. മുതിർന്ന സിപിഐ നേതാവും നിയമസഭാംഗവുമായിരുന്ന ആർ സുഗതനാണ് വലിയ ചുടുകാടിൻ്റെ നിർമ്മാണത്തിന് ശിലയിട്ടത്. ടിവി തോമസ അത് സമർപ്പിച്ചു . 1964-ലെ പാർട്ടി പിളർപ്പിൽ സിപിഐയും സിപിഎമ്മും വ്യത്യസ്ത സ്മാരകങ്ങൾ നിർമ്മിച്ചു. എല്ലാവർഷവും പുന്നപ്ര വയലാർ വാർഷികത്തിൽ ദീപശിഖ പ്രയാണം ആരംഭിക്കുന്നത് വലിയ ചുടുകാട്ടിൽ നിന്നുമാണ്.
തൻ്റെ സഖാക്കൾക്കൊപ്പം വിഎസ്
പി കൃഷ്‌ണപിള്ള എം എന്‍ ഗോവിന്ദന്‍നായര്‍, എസ് കുമാരന്‍, സി കെ ചന്ദ്രപ്പന്‍ , ആര്‍ സുഗതന്‍, ടി വി തോമസ്, പി ടി പുന്നൂസ്, ജോര്‍ജ്ജ് ചടയംമുറി, പി കെ ചന്ദ്രാനന്ദന്‍ , കെ ആർ ഗൗരിയമ്മ , പി കെ പത്മനാഭന്‍, ടി,വി രമേശ് ചന്ദ്രന്‍, എം കെ സുകുമാരന്‍, സി ജി സദാശിവന്‍, എന്‍ ശ്രീധരന്‍, വി എ സൈമണ്‍ ആശാന്‍, കെ സി ജോര്‍ജ്ജ്, വി കെ വിശ്വനാഥന്‍, പി കെ കുഞ്ഞച്ചന്‍, കെ കെ കുഞ്ഞന്‍, സി കെ കേശവന്‍, എം ടി ചന്ദ്രസേനന്‍, എസ് ദാമോദരന്‍ , ഏറ്റവുമൊടുവിൽ എൻകെ ഗോപാലൻ എന്നിവരെല്ലാം ഉറങ്ങുന്ന മണ്ണാണ് വലിയ ചുടുകാടിൻ്റേത്.