SSK Fund: എസ്എസ്‌കെ ഫണ്ട് കിട്ടാന്‍ സാധ്യതയുണ്ട്; കേന്ദ്ര വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമായുള്ള ചര്‍ച്ച പോസിറ്റീവെന്ന് വിദ്യാഭ്യസമന്ത്രി
SSK Fund: പിഎം ശ്രീ പദ്ധതിയിൽ നിന്നും പിൻവാങ്ങാൻ ഉള്ള കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെ കേരളത്തിന് ലഭിക്കാനുള്ള എസ് എസ് കെ ഫണ്ട് കേന്ദ്രം തടഞ്ഞു വെച്ചതായി സൂചനകൾ വന്നിരുന്നു.
തിരുവനന്തപുരം: കേരളത്തിന് എസ് എസ് കെ ഫണ്ട് കിട്ടാൻ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമായുള്ള ചർച്ച പോസിറ്റീവ് ആയിരുന്നുവെന്നും പത്താം തീയതി ഡൽഹിയിലേക്ക് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്ന് ചർച്ചയ്ക്ക് വേണ്ടി ശ്രമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
പിഎം ശ്രീയെ സംബന്ധിച്ചിടത്തോളം സർക്കാർ ഒരു സബ് കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട് എന്നും അതിന്റെ ചെയർമാൻ താനാണ്. അതിന്റെ യോഗം ചേർന്നിട്ടില്ല. യോഗം ചേർന്നതിനുശേഷം മാത്രമേ മറ്റ് കാര്യങ്ങളിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ എന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. എസ് എസ് കെയുടെ ഫണ്ട് വാങ്ങിക്കുവാനുള്ള ശ്രമം നടത്തും. പത്താം തീയതി തൊഴിൽ മന്ത്രിമാരുടെ യോഗം ഡൽഹിയിൽ ചേരുന്നുണ്ട് അതിൽ പങ്കെടുക്കാൻ പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതെ സമയം പിഎം ശ്രീ പദ്ധതിയിൽ നിന്നും പിൻവാങ്ങാൻ ഉള്ള കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെ കേരളത്തിന് ലഭിക്കാനുള്ള എസ് എസ് കെ ഫണ്ട് കേന്ദ്രം തടഞ്ഞു വെച്ചതായി സൂചനകൾ വന്നിരുന്നു. ഒക്ടോബർ 29നായിരുന്നു എസ് എസ് കെ ഫണ്ടിന്റെ ആദ്യത്തെ ഗഡു ലഭിക്കേണ്ടിയിരുന്നത്. എന്നാൽ അത് എത്തിയിരുന്നില്ല. ഇത് സംബന്ധിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞദിവസം മന്ത്രി വി ശിവൻകുട്ടി കുട്ടി വ്യക്തമാക്കി.
പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതോടെ എസ് എസ് കെ ഫണ്ട് ഉൾപ്പെടെയുള്ള മറ്റ് കേന്ദ്ര ഫണ്ടുകൾ ലഭിക്കും എന്ന പ്രതീക്ഷയിൽ ആയിരുന്നു കേരള സർക്കാർ എന്നാൽ സിപിഐയുടെ കടുത്ത എതിർപ്പ് സിപിഎമ്മിന് വിലങ്ങുതടിയായി മാറി. വിദ്യാഭ്യാസ മന്ത്രിക്കെതിരെ അടക്കം കടുത്ത അതിർത്തിയായിരുന്നു സിപിഐ നടത്തിയത്. പലതരത്തിലുള്ള അനുനയനീയങ്ങളുമായി സർക്കാർ സിപിഐയെ സമീപിച്ചെങ്കിലും ധാരണ പത്രത്തിൽ ഒപ്പിട്ടത്തിൽ നിന്ന് പിന്മാറണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിന്നു. ഇതോടെയാണ് പദ്ധതിയിൽ നിന്നും പിന്മാറാൻ സർക്കാർ തീരുമാനിച്ചത്.