PMA Salam: വ്യക്തി അധിക്ഷേപങ്ങള്‍ ലീഗിന്റെ രീതിയല്ല; പിണറായി വിഷയത്തില്‍ പിഎംഎ സലാമിനെ തള്ളി കുഞ്ഞാലിക്കുട്ടി
Muslim League Responds to PMA Salam Issue: കഴിഞ്ഞ ദിവസമാണ് പിണറായി വിജയനെതിരെ പിഎംഎ സലാം രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനാണെന്ന് പിഎംഎ സലാം മലപ്പുറം വാഴക്കാട് പഞ്ചയായത്ത് മുസ്ലിം ലീഗ് സമ്മേളന വേദിയില്‍ വെച്ച് പറഞ്ഞു.
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ തള്ളി പികെ കുഞ്ഞാലിക്കുട്ടി. അന്തസില്ലാത്ത വര്‍ത്തമാനങ്ങള്‍ ലീഗിന്റെ രീതിയല്ലെന്നും എപ്പോഴും പ്രതിപക്ഷ ബഹുമാനത്തോടെ ഇടപെടുന്ന പാര്‍ട്ടിയാണ് ലീഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിഎംഎ സലാമിനെ സംസ്ഥാന പ്രസിഡന്റ് തന്നെ തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വ്യക്തി അധിക്ഷേപങ്ങള്‍ ലീഗിന്റെ രീതിയല്ല, പിഎംഎ സലാമിനെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് തന്നെ തിരുത്തിയിട്ടുണ്ട്. തെറ്റുപറ്റിയാല്‍ അത് തിരുത്തും. നാക്കുപിഴ സംഭവിക്കുന്നത് സ്വാഭാവികമാണ്, നാളെ തനിക്ക് വേണമെങ്കിലും സംഭവിക്കാം, തനിക്ക് സംഭവിച്ചാലും പാര്‍ട്ടി അത് തിരുത്തുമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
പറയുന്ന വാക്കുകള്‍ സൂക്ഷിച്ച് പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുന്ന പാര്‍ട്ടിയാണ് ലീഗ്. എന്നാല്‍ ചിലപ്പോള്‍ നാക്കുപിഴ സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്കെതിരായ പിഎംഎ സലാമിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങളും നിലപാട് വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ നടത്താമെന്നും എന്നാല്‍ വ്യക്തിഹത്യ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.




കഴിഞ്ഞ ദിവസമാണ് പിണറായി വിജയനെതിരെ പിഎംഎ സലാം രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനാണെന്ന് പിഎംഎ സലാം മലപ്പുറം വാഴക്കാട് പഞ്ചയായത്ത് മുസ്ലിം ലീഗ് സമ്മേളന വേദിയില്‍ വെച്ച് പറഞ്ഞു. പിഎം ശ്രീയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു സലാമിന്റെ പരാമര്‍ശം.
ആണു പെണ്ണും കെട്ടവനായതുകൊണ്ടാണ് മുഖ്യമന്ത്രി പിഎം ശ്രീയില്‍ ഒപ്പുവെച്ചത്. ഒന്നുകില്‍ മുഖ്യമന്ത്രി ആണോ അല്ലെങ്കില്‍ പെണ്ണോ ആകണമെന്നും സലാം അധിക്ഷേപ വാക്കുകള്‍ മുഴക്കി. ഇതുരണ്ടുമല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന് അപമാനമാണെന്നും സലാം വേദിയില്‍ പറഞ്ഞു.