Thamarassery Churam: നിയന്ത്രണങ്ങൾ ആർക്ക് വേണ്ടി?; ഗതാഗതക്കുരുക്കിൽ പെട്ട് താമരശ്ശേരി ചുരം, ഇന്നും തിരക്ക് കൂടും
Thamarassery Churam Traffic Update: നാളെ മുതൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും ലോഡുമായി പോകുന്ന വലിയ വാഹനങ്ങൾക്കും ചുരം വഴി യാത്ര ചെയ്യുന്നതിന് നിയന്ത്രണമുണ്ടാകും. ഈ വാഹനങ്ങൾ നാടുകാണി ചുരത്തിലൂടെയോ കുറ്റ്യാടി ചുരം വഴിയോ വഴിതിരിച്ചുവിടുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.

Thamarassery Churam
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ (Thamarassery Churam) ഇന്നും ഗതാഗത തടസ്സം രൂക്ഷമാകാൻ സാധ്യത. ഇന്നലെയും സമാന സ്ഥിതിയായിരുന്നു. എന്നാൽ പുർച്ചെ ആരംഭിച്ച ഗതാഗതക്കുരുക്ക് വൈകിട്ടോടെ നീങ്ങിയിരുന്നു. അവധി ദിവസങ്ങൾ ആയതിനാൽ കഴിഞ്ഞ കുറച്ചു ദിവസമായി ചുരത്തിൽ ഗതാഗതകുരുക്ക് വളരെ രൂക്ഷമായി തുടരുകയാണ്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും വാഹനങ്ങളുടെ നീണ്ടനിര തുടർക്കഥയാവുകയാണ്.
ചുരത്തിലൂടെ യാത്ര ചെയ്യുന്നതിന് മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും അത് നടപ്പിലായില്ല. ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾ മണിക്കൂറുകളോളം ആണ് ചുരത്തിൽ അകപ്പെടുന്നത്. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ചുരത്തിൻ്റെ വശങ്ങളിൽ നിന്ന് മുറിച്ചിട്ട മരങ്ങൾ നീക്കുന്ന നടപടി നാളെ മുതൽ ആരംഭിക്കും. ഇതോടെ വരുന്ന ദിവസങ്ങളിൽ നിയന്ത്രണം കടുപ്പിക്കാനാണ് ഭരണകൂടം നേരത്തെ തീരുമാനിച്ചിരുന്നത്.
ALSO READ: തട്ടുകടകൾ അടയ്ക്കുക, പാർക്കിങ് പാടില്ല, കൂട്ടം കൂടരുത്; താമരശ്ശേരി ചുരത്തിലെ കുരുക്ക് മാറുമോ?
ന്യൂയർ ആഘോഷങ്ങളുടെ ഭാഗമായി ചുരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ ദിവസം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ചുരം മേഖലയിലെ വശങ്ങളിലുള്ള തട്ടുകടകൾ അടച്ചിടണമെന്നും, ആളുകൾ കൂട്ടം കൂടാനോ വാഹനങ്ങൾ അനാവശ്യമായി റോഡരികിൽ പാർക്ക് ചെയ്യാനോ പാടില്ലെന്നുമാണ് പോലീസ് പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നത്. എന്നാൽ നിർദ്ദേശങ്ങൾ പലതും വെള്ളത്തിൽ വരയ്ക്കുന്ന വരപോലെയാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
നാളെ മുതൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും ലോഡുമായി പോകുന്ന വലിയ വാഹനങ്ങൾക്കും ചുരം വഴി യാത്ര ചെയ്യുന്നതിന് നിയന്ത്രണമുണ്ടാകും. ഈ വാഹനങ്ങൾ നാടുകാണി ചുരത്തിലൂടെയോ കുറ്റ്യാടി ചുരം വഴിയോ വഴിതിരിച്ചുവിടുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. അവധിക്കാല തിരക്ക് പരിഗണിച്ച് നിലവിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ വലിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.