Thamarassery girl death: താമരശ്ശേരി ആശുപത്രി ആക്രമണം: മരണകാരണം അമീബിക് മസ്തിഷ്കജ്വരം അല്ല; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വഴിത്തിരിവ്
Thamarassery Hospital Attack child death not due to the Amoebic Meningoencephalitis: കുട്ടിയുടെ മരണകാരണം നേരത്തെ ഡോക്ടർമാർ പറഞ്ഞിരുന്നതുപോലെ അമീബിക് മസ്തിഷ്കജ്വരം അല്ല എന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു.

Thamarassery girl death
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. കുട്ടിയുടെ മരണകാരണം നേരത്തെ ഡോക്ടർമാർ പറഞ്ഞിരുന്നതുപോലെ അമീബിക് മസ്തിഷ്കജ്വരം അല്ല എന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയെ തുടർന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.
സംഭവത്തിന്റെ പശ്ചാത്തലം
ആഗസ്റ്റ് 14-നാണ് ഒൻപത് വയസ്സുകാരിയായ അനയ മരിച്ചത്. പനി കൂടിയതിനെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അനയയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമാണ് എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.
മകൾക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്നും, രോഗം സ്ഥിരീകരിച്ചതിലും മരണത്തിലും സംശയമുണ്ടെന്നും ആരോപിച്ച് പിതാവ് സനൂപ് രംഗത്തെത്തിയിരുന്നു. ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഈ ആരോപണങ്ങൾക്ക് പിന്നാലെ, ഒക്ടോബർ എട്ടാം തീയതി സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിനെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
തലയോട്ടിയുടെ പുറം ഭാഗത്താണ് ഡോക്ടർക്ക് പരിക്കേറ്റത്. കുട്ടിയുടെ ചികിത്സയിൽ പങ്കുണ്ടായിരുന്ന മറ്റൊരു ഡോക്ടറെ ലക്ഷ്യമിട്ടാണ് സനൂപ് എത്തിയതെങ്കിലും, ആളുമാറി ഡോ. വിപിന് വെട്ടേൽക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ആക്രമിച്ച സംഭവം വലിയ ഞെട്ടലുണ്ടാക്കി. പ്രതിയായ സനൂപിനെ പോലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്തിരുന്നു. വെട്ടേറ്റ ഡോ. വിപിൻ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.