V S Achuthanandan: അനന്തപുരിയിലേക്ക് ഇനി വിഎസ് ഇല്ല; തലസ്ഥാനത്തോട് വിടചൊല്ലി ‘പ്രിയസഖാവ്’; വിലാപയാത്ര ആലപ്പുഴയിലേക്ക്
VS Achuthanandan Vilapayathra: നാളെ രാവിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് 11 മണിയോടെ റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം. വൈകിട്ട് നാലു മണിയോടെ വലിയ ചുടുകാടില്‍ വിഎസിന് അന്ത്യവിശ്രമം

വിലാപയാത്ര
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അദ്ദേഹത്തിന്റെ ജന്മാനാടായ ആലപ്പുഴയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ നടന്ന പൊതുദര്‍ശനത്തിന് ശേഷമാണ് വിലാപയാത്ര ആലപ്പുഴയിലേക്ക് പുറപ്പെട്ടു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആയിരക്കണക്കിന് പേരാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ദര്‍ബാര്‍ ഹാളിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍, മറ്റ് രാഷ്ട്രീയ, കലാ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍, സാധാരണക്കാര്‍ തുടങ്ങി നിരവധി പേര്‍ ദര്‍ബാര്‍ ഹാളില്‍ പ്രിയസഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ഒഴുകിയെത്തി.
രണ്ട് മണിയോടെയാണ് പൊതുദര്‍ശനം അവസാനിപ്പിച്ചത്. തുടര്‍ന്ന് പ്രത്യേകം സജ്ജീകരിച്ച ബസില്‍ ആലപ്പുഴയിലേക്ക് വിലാപയാത്ര ആരംഭിച്ചു. റോഡിന്റെ ഇരുവശവും നിരവധി പേരാണ് കാത്തുനില്‍ക്കുന്നത്. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെയാണ് വിലാപയാത്ര മുന്നോട്ടുപോകുന്നത്. രാത്രിയോടെ വിലാപയാത്ര ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കും.
ആലപ്പുഴയില്‍ ജില്ലയില്‍ വിലാപയാത്ര പ്രവേശിക്കുമ്പോള്‍ കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ആദരമര്‍പ്പിക്കും. ഓച്ചിറ അമ്പലത്തിന്റെ കിഴക്കുവശത്താകും ആദരമര്‍പ്പിക്കുന്നത്. തുടര്‍ന്ന് കെപിഎസി, ജിഡിഎം ഹാള്‍, കരീലക്കുളങ്ങര, നങ്ങ്യാര്‍ക്കുളങ്ങര, ഹരിപ്പാട്, തോട്ടപ്പള്ളി, ടിഡി മെഡിക്കല്‍ കോളേജ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ആദരമര്‍പ്പിക്കാന്‍ അവസരമുണ്ടാകും.
Read Also: V S Achuthanandan: വിഎസിനോടുള്ള ആദരസൂചകം, ഈ ജില്ലയില്‍ നാളെയും അവധി
തുടര്‍ന്ന് വിഎസിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കും. നാളെ രാവിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് 11 മണിയോടെ റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം. വൈകിട്ട് നാലു മണിയോടെ വലിയ ചുടുകാടില്‍ വിഎസിന് അന്ത്യവിശ്രമം.