Child Assault Case: കല്ലമ്പലം അറബിക് കോളേജ് ഹോസ്റ്റലിൽ വിദ്യാർഥിക്ക് പീഡനം: വൈസ് പ്രിൻസിപ്പൽ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
Kallambalam Student Assault Case: കല്ലമ്പലത്തിനു സമീപമാണ് അറബിക് കോളേജ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. ഇവിടെ താമസിച്ചിരുന്ന വിദ്യാർഥിയാണ് പീഡനത്തിനിരയായത്. ഷെമീർ, മുഹ്‌സിൻ എന്നിവർ ചേർന്ന് കുട്ടിയെ ഉപദ്രവിച്ചതായാണ് പരാതിയിൽ പറയുന്നത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കല്ലമ്പലം അറബിക് കോളേജ് ഹോസ്റ്റലിൽ (Arabic College hostel) പതിമൂന്നുകാരനായ വിദ്യാർത്ഥിക്ക് പീഡനം. സംഭവത്തിൽ കോളേജിലെ വൈസ് പ്രിൻസിപ്പൽ അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. വിദ്യാർത്ഥികളും അറസ്റ്റിലായിട്ടുണ്ട്. വിദ്യാർഥികളായ കിളിമാനൂർ തട്ടത്തുമല സ്വദേശി ഷെമീർ (24), കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി മുഹ്‌സിൻ (22), കടുവയിൽ അറബിക് കോളേജ് വൈസ് പ്രിൻസിപ്പൽ കല്ലമ്പലം സ്വദേശി റഫീഖ് (54) എന്നിവരാണ് അറസ്റ്റിലായത്.
കല്ലമ്പലത്തിനു സമീപമാണ് അറബിക് കോളേജ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. ഇവിടെ താമസിച്ചിരുന്ന വിദ്യാർഥിയാണ് പീഡനത്തിനിരയായത്. ഷെമീർ, മുഹ്‌സിൻ എന്നിവർ ചേർന്ന് കുട്ടിയെ ഉപദ്രവിച്ചതായാണ് പരാതിയിൽ പറയുന്നത്. കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞിട്ടും പോലീസിൽ അറിയിക്കാതിരുന്നതാണ് വൈസ് പ്രിൻസിപ്പൽ റഫീഖിനെതിരെ ചുമത്തിയിട്ടുള്ള കുറ്റം.
ഹോസ്റ്റലിൽ നിന്നു വീട്ടിലെത്തിയ കുട്ടി വീട്ടുകാരോടാണ് പീഡനവിവരം പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടിയിൽനിന്ന് മൊഴിയെടുത്ത ശേഷം പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു.
കോഴിക്കോട് അധ്യാപിക തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട് എയ്ഡഡ് സ്കൂൾ അധ്യാപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെൻ്റ് നടത്തുന്ന കോടഞ്ചേരി സെൻ്റ് ജോസഫ് എൽപി സ്കൂൾ അധ്യാപികയായ അലീന ബെന്നി. ഇവരെ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കട്ടിപ്പാറ സ്വദേശിയാണ് അലീന ബെന്നി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
സ്കൂളിൽ എത്താത്തതിനെ തുടർന്ന് പ്രധാനാധ്യാപകൻ പലതവണ ഫോൺ വിളിച്ചെങ്കിലും അലീന ഫോണെടുത്തിരുന്നില്ല. തുടർന്ന് പ്രധാനാധ്യാപകൻ ഇക്കാര്യം അലീനയുടെ പിതാവ് ബെന്നിയെ അറിയിക്കുകയായിരുന്നു. ഈ സമയത്ത് ബെന്നി പുറത്തായിരുന്നു. ഇദ്ദേഹം തിരികെയെത്തിയപ്പോൾ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.