Tripunithura Athachamayam 2026: ഓണക്കാലത്തിന് കൊടിയേറ്റം! തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്ര ഇന്ന്; ഗതാഗത നിയന്ത്രണങ്ങൾ
Tripunithura Athachamayam Celebrations 2026: നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരക്കുന്ന ഘോഷയാത്ര കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് ചരിത്രപ്രസിദ്ധമായ അത്തച്ചമയ വീഥികളിലേക്ക് ഒഴുകിയെത്തുന്നത്. ഇന്ന് അത്തം പിറന്നതോടെ, മലയാളി ഓണാവേശത്തിലേക്ക് കടന്നിരിക്കുകയാണ്. കർക്കിടകത്തിൻ്റെ അറുതിയിൽ നിന്ന് പുത്തൻ പ്രതീക്ഷകളുമായി നാളെ ചിങ്ങം ഒന്ന് പിറക്കുന്നതോടെ കേരളക്കര ഒന്നാകെ ഓണാവേശത്തിലേക്ക് ഇറങ്ങിച്ചെല്ലും.
എറണാകുളം: മലയാളികളുടെ പത്തുനാൾ നീളുന്ന ഓണാഘോഷങ്ങൾക്ക് പകിട്ടേകി രാജനഗരിയായ തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരക്കുന്ന ഘോഷയാത്ര കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് ചരിത്രപ്രസിദ്ധമായ അത്തച്ചമയ വീഥികളിലേക്ക് ഒഴുകിയെത്തുന്നത്. ഇന്ന് അത്തം പിറന്നതോടെ, മലയാളി ഓണാവേശത്തിലേക്ക് കടന്നിരിക്കുകയാണ്. കർക്കിടകത്തിൻ്റെ അറുതിയിൽ നിന്ന് പുത്തൻ പ്രതീക്ഷകളുമായി നാളെ ചിങ്ങം ഒന്ന് പിറക്കുന്നതോടെ കേരളക്കര ഒന്നാകെ ഓണാവേശത്തിലേക്ക് ഇറങ്ങിച്ചെല്ലും. ഇനി തൊടികളിൽ പൂ പറിച്ചും പൂക്കളം തീർത്തും പുതിയ പുടവകളണിഞ്ഞും രുചിയറിഞ്ഞുമുള്ള ഓണനാളുകളായിരിക്കും.
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര പ്രമാണിച്ച് നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് കർശന ഗതാഗത നിയന്ത്രണങ്ങളും പാർക്കിംഗ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഓണക്കാലത്തിന്റെ വിളംബരം നടത്തുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയിലൂടെയാണ്. കൊച്ചി രാജവംശത്തിന്റെ പ്രതിനിധി അത്തം പതാക നഗരസഭയ്ക്ക് കൈമാറിയതോടെ ചടങ്ങുകൾ ആരംഭിച്ചു. അത്തം നഗറിൽ അതായത് തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ ഇന്ന് രാവിലെ 9 ന് അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ് പതാക ഉയർത്തും.
ALSO READ: ഇന്ന് അത്തം…മാവേലിയെ വരവേല്‍ക്കാനൊരുങ്ങി കേരളക്കര; പൂക്കളം തീര്‍ത്തോ?
ചലച്ചിത്ര താരം മനോജ് കെ ജയനാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയിൽ അണിനിരക്കുന്നത്. പുലികളി, തെയ്യം, വേലകളി, ചെണ്ടമേളം തുടങ്ങിയ തനത് നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര തൃപ്പൂണിത്തുറ നഗരത്തെ ആവേശത്തിരയിലാഴുത്തുന്നത്. ഞായറാഴ്ച അവധി ദിവസമായതിനാൽ വൻ ജനത്തിരക്ക് ഉണ്ടാകാനാണ് സാധ്യത. അതിനാൽ തന്നെ നഗരത്തിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ
ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര സ്റ്റാച്യൂ ജംഗ്ഷൻ, കിഴക്കേ കോട്ട, പൂർണ്ണത്രയീശ ക്ഷേത്ര നട, വടക്കേക്കോട്ട വഴി വീണ്ടും പ്രാരംഭ സ്ഥലത്ത് സമാപിക്കും. കോട്ടയം ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം, സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും വൈക്കം ഭാഗത്ത് നിന്് വരുന്ന വലിയ വാഹനങ്ങൾ മുളന്തുരുത്തി – തിരുവാങ്കുളം റോഡിലൂടെ എറണാകുളത്തേക്ക് പോകണം.
കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന സർവീസ് ബസുകളും ചെറു വാഹനങ്ങളും കണ്ണൻകുളങ്ങര ജംക്‌ഷനിൽ എത്തി മിനി ബൈപാസ് വഴി പോകണം. കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്നും കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ നടക്കാവ് ജംക്‌ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി ചോറ്റാനിക്കര വഴി പോകണം. ടിപ്പർ ലോറി, ടാങ്കർ ലോറി, കണ്ടെയ്നർ ലോറി തുടങ്ങിയ വാഹനങ്ങൾക്ക് തൃപ്പൂണിത്തുറ നഗരത്തിലേക്കു പ്രവേശനം ഉണ്ടായിരിക്കില്ല. പുതിയകാവ് ഭാഗത്തു നിന്നും, മാർക്കറ്റ് റോഡു വഴി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ജംക്‌ഷനിലേക്കു പ്രവേശനം ഉണ്ടായിരിക്കില്ല.
ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട് – തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡ് – സ്റ്റാച്യു – കിഴക്കേക്കോട്ട, എസ്എൻ ജംക്‌ഷൻ, വടക്കേക്കോട്ട, ശ്രീപൂർണത്രയീശ ക്ഷേത്രം എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിക്കില്ല. എറണാകുളം ആലുവ ഭാഗങ്ങളിൽ നിന്നു വരുന്ന യാത്രക്കാർ ഇന്ന് യാത്രയ്ക്കായി മെട്രോ സൗകര്യം കൂടുതലായി പ്രയോജനപ്പെടുത്തുക. കണ്ണൻകുളങ്ങര മുതൽ മിനി ബൈപാസ് – പേട്ട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.
English Summary:
Tripunithura Athachamayam Celebrations 2026 today on august 16. The celebrations will be inaugurated by chief minister V D Satheesan, whereas actor Manoj K Jayan will flag off the procession. Athachamayam timings, Parking and Traffic Restrictions across the region.