VS Achuthanandan: ട്രേഡ് യൂണിയനില്‍ നിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക്; വിഎസ് നടന്ന വഴിയേ
VS Achuthanandan's Communist Party Entry: ആലപ്പുഴയിലെ അമ്പലപ്പുഴ താലൂക്കിലാണ് വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വിഎസിന്റെ ജനനം. നാല് വയസുള്ളപ്പോള്‍ അമ്മയും പതിനൊന്നാം വയസില്‍ അച്ഛനെയും നഷ്ടപ്പെട്ടു. ഇതോടെ അച്ഛന്റെ സഹോദരിയാണ് വിഎസിനെയും സഹോദരങ്ങളെയും വളര്‍ത്തിയത്.

വിഎസ് അച്യുതാനനന്ദന്‍
വിഎസ് അച്യുതാനനന്ദന്‍ എന്ന രാഷ്ട്രീയക്കാരന്റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടുന്ന ജനതയുടെ കഥ പറയാനുണ്ട് നമ്മുടെ കേരളത്തിന്. പുന്നപ്ര വയലാര്‍ സമരഭൂമിയില്‍ നിന്നുയര്‍ന്ന് വന്ന ആ നേതാവിനെ വാഴ്ത്താത്തവര്‍ ചുരുക്കം. പകരം വെക്കാനില്ലാത്ത ആ നേതാവ് വിട പറഞ്ഞിരിക്കുകയാണ്. വിഎസ് തൊടുത്തുവിട്ട വാക്കുകള്‍ ഇനി കാലത്തിന്റെ കഥ പറയും. ആ മനുഷ്യന്റെ പ്രവൃത്തികള്‍ കേരള ജനത ഇനിയും വാഴ്ത്തും.
രാഷ്ട്രീയത്തിലേക്ക്
ആലപ്പുഴയിലെ അമ്പലപ്പുഴ താലൂക്കിലാണ് വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വിഎസിന്റെ ജനനം. നാല് വയസുള്ളപ്പോള്‍ അമ്മയും പതിനൊന്നാം വയസില്‍ അച്ഛനെയും നഷ്ടപ്പെട്ടു. ഇതോടെ അച്ഛന്റെ സഹോദരിയാണ് വിഎസിനെയും സഹോദരങ്ങളെയും വളര്‍ത്തിയത്.
അച്ഛന്റെ മരണ ശേഷം ഏഴാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തിയ അച്യുതാനന്ദന്‍ കയര്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന സമയത്താണ് നാട്ടില്‍ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടത്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട വിഎസ് 1938ല്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ ഭാഗമായി. പിന്നീട് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയനുകളിലും പ്രവര്‍ത്തിച്ച അദ്ദേഹം 1940ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മെമ്പറായി.
കെ കൃഷ്ണപിള്ളയാണ് വിഎസിനെ പാര്‍ട്ടി പ്രവര്‍ത്തനരംഗത്തേക്ക് കൈപ്പിടിച്ച് കൊണ്ടുവന്നത്. പിന്നീട് പാര്‍ട്ടിക്ക് വേണ്ടി അദ്ദേഹം നിരവധി വിപ്ലവ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. പ്രസ്ഥാനം വളര്‍ത്തിയെടുക്കാനായി പി കൃഷ്ണപിള്ള വിഎസിനെ കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികള്‍ക്കിടയിലേക്ക് പറഞ്ഞുവിട്ടു. അവിടെ നിന്നും അദ്ദേഹം വളര്‍ന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്തേക്കായിരുന്നു.
സര്‍ സിപി രാമസ്വാമി അയ്യര്‍ പോലീസിനെതിരെ സംഘടിപ്പിച്ച പുന്നപ്ര തൊഴിലാഴി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു വിഎസ്. പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് നാല് വര്‍ഷം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു.
1952ല്‍ കമ്മ്യൂണിസ്റ്റ് ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1954ല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ അംഗമായ അദ്ദേഹത്തെ 1956ല്‍ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തിരഞ്ഞെടുത്തു. ഇതോടൊപ്പം തന്നെ 1964 മുതല്‍ 1970 വരെ അദ്ദേഹം സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായിരുന്നു. പിന്നീട് 1964ല്‍ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങി, സിപിഎം രൂപീകരിച്ച ഏഴ് നേതാക്കളില്‍ ഒരാള്‍ കൂടിയാണ് വിഎസ്.
1980 മുതല്‍ 1991 വരെ പാര്‍ട്ടി സെക്രട്ടറിയായി. 1986 മുതല്‍ 2009 വരെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ അംഗവും 1965 മുതല്‍ 2016 വരെ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ചെയ്തു. ആകെ മത്സരിച്ച പത്ത് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഏഴ് തവണ വിജയിച്ചു. 1992-1996,2001-2006, 2011-2016 എന്നീ കാലയളവില്‍ നിയമസഭകളില്‍ പ്രതിപക്ഷ നേതാവുമായിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് മന്ത്രി സ്ഥാനം അലങ്കരിക്കാന്‍ വിഎസ് അച്യുതാനന്ദന് സാധിച്ചിട്ടില്ല. പലപ്പോഴും പാര്‍ട്ടി ജയിക്കുമ്പോള്‍ വിഎസ് തോല്‍ക്കുകയോ പാര്‍ട്ടി തോല്‍ക്കുമ്പോള്‍ വിഎസ് ജയിക്കുകയോ ചെയ്തിരുന്നതാണ് അതിന് കാരണം. 2006ലെ തിരഞ്ഞെടുപ്പില്‍ 140 സീറ്റില്‍ 96 സീറ്റും നേടി വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തിലേറി.
കേരളത്തില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ പ്രായം കൂടിയ വ്യക്തി കൂടിയാണ് വിഎസ്. 2006ല്‍ അധികാരത്തിലേറുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 83 വയസ്.