VD Satheesan: ‘വൃത്തികേട് കാണിക്കുന്ന ഒരുത്തനും കാക്കിയിട്ട് നടക്കില്ല, ചെവിക്ക് നുള്ളിക്കോ, ഇതെല്ലാം ഓര്‍ത്ത് വെക്കും’
VD Satheesan Warns Kerala Police: ചെവിക്ക് നുള്ളിക്കോ, ഞങ്ങള്‍ ഇതെല്ലാം ഓര്‍ത്ത് വെക്കും. വൃത്തികേട് കാണിക്കുന്ന ഒരുത്തനും കാക്കിയിട്ട് നടക്കില്ലെന്ന് ഓര്‍ത്തോ. അത്രയും തോന്നിവാസവും അസംബന്ധവുമാണ് ചെയ്യുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
കൊച്ചി: കെഎസ്‌യു പ്രവര്‍ത്തകരെ കൊടുംകുറ്റവാളികളെ പോലെ തലയില്‍ തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായവര്‍ക്ക് നേരെയാണ് പോലീസ് ഇത്തരത്തിലുള്ള പ്രവൃത്തിയുണ്ടായത്. പിണറായി വിജയന്‍ ഭരണത്തില്‍ കേരളത്തിലെ പോലീസ് ജനവിരുദ്ധരായി മാറിക്കഴിഞ്ഞുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.
ചെവിക്ക് നുള്ളിക്കോ, ഞങ്ങള്‍ ഇതെല്ലാം ഓര്‍ത്ത് വെക്കും. വൃത്തികേട് കാണിക്കുന്ന ഒരുത്തനും കാക്കിയിട്ട് നടക്കില്ലെന്ന് ഓര്‍ത്തോ. അത്രയും തോന്നിവാസവും അസംബന്ധവുമാണ് ചെയ്യുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
കെഎസ്‌യു നേതാക്കളുടെ തലയില്‍ തുണിയിട്ട് കയ്യാമം വെച്ചാണ് കോടതിയില്‍ ഹാജരാക്കിയത്. അവരെന്താ തീവ്രവാദികളാണോ? കൊടുംകുറ്റവാളികളാണോ? എവിടേക്കാണ് കേരളത്തില്‍ പോലീസിന്റെ പോക്ക്. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്നവര്‍ ഇന്ന് പോലീസ് സേനയിലുണ്ട്. വൃത്തികേടുകള്‍ക്കും അഴിമതിക്കും അവര്‍ കൂട്ടുനില്‍ക്കുകയാണ്. ഞങ്ങളുടെ കുട്ടികളുടെ തലയില്‍ കറുത്ത തുണിയുമിട്ട് കയ്യാമവും വെച്ച് തീവ്രവാദികളെ പോലെ കോടതിയില്‍ കൊണ്ടുപോയതിന് മറുപടി പറയിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.




വിദ്യാര്‍ഥികളെന്താ കൊള്ളക്കാരാണോ എന്നാണ് വിഷയത്തില്‍ രമേശ് ചെന്നിത്തല ചോദിച്ചത്. അവര്‍ എന്ത് തെറ്റാണ് ചെയ്തത്? അവരെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ കൊണ്ടുപോകാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ? പോലീസിന് എന്തും ചെയ്യാമെന്ന് നിലയിലേക്ക് കാര്യങ്ങള്‍ പോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, കെഎസ്‌യു പ്രവര്‍ത്തകരപെ മുഖംമൂടി അണിയിച്ച് ഹാജരാക്കിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ വടക്കാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. കൊയിലാണ്ടിയില്‍ നിന്ന് പിടികൂടിയ പ്രവര്‍ത്തകരെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇവരെ വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷനിലെത്തിച്ച്, കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി.
എസ്എഫ്‌ഐ ഏരിയ സെക്രട്ടേറിയേറ്റ് അംഗം ദേശമംഗം ആദിത്യന്‍, കിള്ളിമംഗലം കോളേജ് യൂണിറ്റ് പ്രസിഡന്റ് എല്‍ദോസ് എന്നിവരെ മുള്ളൂര്‍ക്കര റെയില്‍വേ ഗേറ്റ് പരിസരത്ത് ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചുവെന്നതാണ് കേസ്. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേശ് ആറ്റൂര്‍, കിള്ളിമംഗലം ഗവ. കോളേജ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം, ഒറ്റപ്പാലം കോളേജ് കെഎസ്‌യു യൂണിറ്റ് ഭാരവാഹി അല്‍അമീന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.