വ്ലോഗർ മുഹമ്മദ് ദിൽഷാദിനെ കണ്ടെത്തി; ചതിച്ചത് ബൈക്ക് അപകടം
Yathra Today Vlogger Muhammad Dilshad found: മലപ്പുറത്തുനിന്നും കാണാതായ യൂടൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുഹമ്മദ് ദിൽഷാദിനെ (31) മേഘാലയയിൽനിന്നും കണ്ടെത്തി. മേഘാലയയിലെ ഖാസിഹിൽ വനമേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെ ദിൽഷാദ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെടുകയായിരുന്നു എന്നാണ് സൂചന. പരിക്കേറ്റ് നിലവിൽ ചികിത്സയയിലാണ് ദിൽഷാദ്.

Yathra Today Vlogger Muhammad Dilshad Found
മലപ്പുറം: മലപ്പുറത്തുനിന്നും കാണാതായ യൂടൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുഹമ്മദ് ദിൽഷാദിനെ (31) മേഘാലയയിൽനിന്നും കണ്ടെത്തി. ഇന്ത്യ -ബംഗ്ലാദേശ് അതിർത്തിക്ക് സമീപം ബൈക്ക് അപകടത്തിൽ പരിക്കേറ്റ് നിലവിൽ ചികിത്സയയിലാണ് ദിൽഷാദ്. ജൂലൈ 6-ന് മലപ്പുറം ചേലേമ്പ്ര സ്വദേശിയായ ദിൽഷാദ് പുതിയ യാത്രാ വ്ലോഗുകൾക്കായി വീട്ടിൽ നിന്നും യാത്ര തിരിച്ചിരുന്നു. എന്നാൽ ജൂലൈ 22 -ന് ശേഷം ഫോൺ സ്വിച്ച് ഓഫ് ആവുകയും ഇൻസ്റ്റാഗ്രാമിൽ ദുരൂഹമായ സന്ദേശം പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ കുടുംബം തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകുകയായിരുന്നു. Yatra Today എന്ന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോകളാണ് ദിൽഷാദിനെ മലയാളികൾക്കിടയിൽ പരിചിതനാക്കിയത്.
മേഘാലയയിലെ ഖാസിഹിൽ വനമേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെ ദിൽഷാദ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെടുകയായിരുന്നു എന്നാണ് സൂചന. അതിർത്തിക്ക് സമീപം വനമേഖലയോട് ചേർന്ന താഴ്ചയിലേക്ക് ഇയാളുടെ ബൈക്ക് മറിഞ്ഞ നിലയിൽ കണ്ടെത്തി. അപകടത്തിൽ ദിൽഷാദിന് ഗുരുതര പരിക്കുകളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യത്തിൽ ദിൽഷാദിനെ നാട്ടിലെത്തിക്കും.
ദിൽഷാദിനെക്കുറിച്ച് വിവരങ്ങളൊന്നും ഇല്ലാതിരുന്നത് വീട്ടുകാരെയും സുഹൃത്തുകളെയും ഏറെ ആശങ്കയിലാഴ്ത്തിയിരുന്നു. 22 -ാം തീയതി വരെ ദിൽഷാദിനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് അഞ്ചു ദിവസമായി ഇയാളെ സംബന്ധിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നതിനെ തുടർന്ന് കുടുംബം തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
വീട്ടിൽ നിന്ന് യാത്ര പുറപ്പെട്ട ദിൽഷാദ് കൊൽക്കത്തയിലെത്തി ‘ കൊൽക്കത്ത നഗരത്തിന്റെ പിന്നാമ്പുറ കഥകൾ’ പേരിൽ സോഷ്യൽ മീഡിയയിൽ വ്ലോഗ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അസം ഒഡീഷ ഭാഗങ്ങളിലേക്ക് യാത്ര ചെയ്തിരിക്കാം എന്ന് ചില നിഗമനങ്ങൾ വന്നിരുന്നു. അസമിൽ പ്രളയം നടക്കുന്ന പശ്ചാത്തലത്തിൽ അദ്ദേഹം അവിടെ കുടുങ്ങിയിരിക്കാം എന്ന നിലയ്ക്കുള്ള ചില വാദങ്ങളും ഉയർന്നിരുന്നു.
ഇതിനെല്ലാമപ്പുറം തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി ദിൽഷാദ് അവസാനമായി പങ്കുവച്ച പോസ്റ്റ് ആണ് ആശങ്കകൾ കൂട്ടിയത്. ” Quite, I am quit ” എന്നായിരുന്നു ആ പോസ്റ്റ്. തുടർന്ന് മുഹമ്മദ് ദിൽഷാദിനെ കണ്ടെത്താൻ ഊർജിതമായ അന്വേഷണങ്ങളിലേക്ക് പോലീസ് കടന്നു. ഇതിനിടെയാണ് ഇന്ന് ദിൽഷാദിനെ കണ്ടെത്തി എന്ന വിവരം പുറത്തുവന്നത്.
ദിൽഷാദിന്റെ സുഹൃത്തും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ ഷിഹാബ് ചോറ്റൂര്‍ ആണ് ദിൽഷാദിനെ കണ്ടെത്തിയ വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. നിലവിൽ അദ്ദേഹം അപകടനില തരണം ചെയ്‌തുവെന്നും പൂർണ സുരക്ഷിതനാണെന്നും ഷിഹാബ് വ്യക്തമാക്കി. ”മേഘാലയയിലെ പൈനൂർ സല ഏരിയയിലുള്ള പി.എച്ച്.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള അദ്ദേഹം നിലവിൽ പൂർണ്ണ സുരക്ഷിതനാണ്”.
”ആവശ്യമായ പരിചരണങ്ങളും ശുശ്രൂഷകളും നൽകിവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളും തുടർന്നുള്ള വിവരങ്ങളും ലഭ്യമാകുന്ന മുറയ്ക്ക് ഉടൻ തന്നെ എല്ലാവരെയും അറിയിക്കുന്നതായിരിക്കും” എന്ന് ഷിഹാബ് ചോറ്റൂർ തന്റെ ഫെയ്സ്‌ബുക്കിൽ കുറിച്ചിരിക്കുന്നു. ദിൽഷാദിനെ കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നതോടെ കുടുംബവും ആരാധകരും വലിയ ആശ്വാസത്തിലാണ്.
English Summary
Muhammad Dilshad (31), a YouTuber and social media influencer who went missing from Malappuram, has been found in Meghalaya. Dilshad was injured in a bike accident near the India-Bangladesh border and is currently undergoing treatment. Reports say that Dilshad was not seriously injured in the accident and his health condition is satisfactory. Dilshad will be brought back to his home country if his health improves.