Wayanad Forest Officer Harassment Case: ‘ഞാൻ കാലുപിടിക്കാം, എന്നെ നാറ്റിക്കരുത്’; ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്‌ഷൻ ഓഫിസർ ഒത്തുതീർപ്പിന് ശ്രമിക്കുന്ന ശബ്ദരേഖ പുറത്ത്
Wayanad Forest Officer Harassment Case: തനിക്കെതിരെയുള്ള പരാതി പിൻവലിക്കണമെന്നാണ് രതീഷ് കുമാർ പരാതിക്കാരിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പറയുന്നത്. തനിക്കു തെറ്റുപറ്റിയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാര്‍ പറയുന്നു.

Wayanad Forest Officer Harassment Case
വയനാട്: വനംവകുപ്പിലെ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ആരോപണവിധേയനായ ഫോറസ്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്. വയനാട് സൗത്ത് ഫോറസ്റ്റ് ഡിവിഷൻ സെക്ഷൻ ഓഫീസിലെ രതീഷ് കുമാർ സഹപ്രവർത്തകയുമായി ഒത്തുതീർപ്പിന് ശ്രമിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്.
തനിക്കെതിരെയുള്ള പരാതി പിൻവലിക്കണമെന്നാണ് രതീഷ് കുമാർ പരാതിക്കാരിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പറയുന്നത്. തനിക്കു തെറ്റുപറ്റിയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാര്‍ പറയുന്നു. കാലുപിടിക്കാമെന്നും കേസിനു പോകാതിരുന്നാല്‍ എന്തു ചെയ്യാനും തയാറാണെന്നും രാത്രിയിൽ ഉറങ്ങാൻ പോലും സാധിക്കുന്നില്ലെന്നും രതീഷ് പറയുന്നു. അതേസമയം തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടിന് ആരു മറുപടി പറയുമെന്നാണ് പരാതിക്കാരി പറയുന്നത്. സാറിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും പരാതിക്കാരിയായ ഉദ്യോഗസ്ഥ പറയുന്നു.
സെപ്റ്റംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ സെക്ഷൻ ഓഫീസിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയുടെ മുറിയിലേക്ക് സഹപ്രവർത്തകനായ രതീഷ് കുമാർ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഈ സമയം ബഹളം വച്ച് ഉദ്യോഗസ്ഥ പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ രതീഷ് രാത്രിയോടെ തിരിച്ചെത്തി തിരിച്ചെത്തി ശാരീരികമായി അതിക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവം നടന്ന അന്നുതന്നെ വനംവകുപ്പിന് ഉദ്യോഗസ്ഥ പരാതി നൽകിയിരുന്നു. വകുപ്പിന്റെ ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും തുടർനടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ കല്‍പറ്റ റേഞ്ച് ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു. കൂടുതൽ വകുപ്പുതല അന്വേഷണത്തിനു ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഉറപ്പു നല്‍കി.