Wayanad tunnel road: കരിന്തണ്ടൻ കാണുന്നുണ്ടാകുമോ താമരശ്ശേരിച്ചുരത്തിനു ശേഷം വയനാട്ടിലേക്കൊരു വഴി വെട്ടുന്നത്
Wayanad Tunnel Road making Historical importance: കോഴിക്കോട് , വയനാട് എഡിഷനിലുള്ള ഏതൊരു പത്രത്തിന്റെ പ്രാദേശിക പേജ് എടുത്തു നോക്കിയാലും ആഴ്ചയിൽ ഒരിക്കലെങ്കിലും കാണാം താമശ്ശേരി ചുരത്തിൽ എത്ര മണിക്കൂർ ഗതാഗത കുരുക്ക് ഉണ്ടായെന്ന്.
വയനാടൻ മലകളെ ചുറ്റി വരിഞ്ഞ കറുത്ത മലമ്പാമ്പിനെ പോലുള്ള താമരശ്ശേരി ചുരം. വളവുകൾ കയറി മുകളിലെത്തുമ്പോൾ ഇരുളുമൂടിയ അരികിൽ കാണാം ചങ്ങല വലിയുന്ന മരവും ഒരു പ്രതിഷ്ഠയും. വഴിവെട്ടാൻ സഹായിച്ച കരിന്തണ്ടനെന്ന ആദിവാസി യുവാവിന്റെ ചോരയുടെ മണം കാറ്റിൽ പതിയിരിക്കുന്ന ആ ചുറ്റുപാട് നമ്മെ ബ്രിട്ടീഷ് കാലത്തേക്ക് കൊണ്ടുപോകും. നന്ദികേടു കാട്ടിയ വെള്ളക്കാരെ പേടിപ്പിച്ച കരിന്തണ്ടന്റെ ആത്മാവ് ഇന്നും ചുരത്തിനു കാവൽ. ആ കാവലാൾ കാണുന്നുണ്ടാകുമോ കാലങ്ങൾക്കിപ്പുറം വീണ്ടും വയനാട്ടിലേക്കൊരു വഴി വെട്ടുന്നത്.
മലദൈവങ്ങളും നരിയും പുലിയും കാവൽ നിന്ന വയനാടൻ കാടുകളിലേക്ക് വെളിച്ചമൊന്നെത്തി നോക്കാത്ത കാലത്താണ് കരിന്തണ്ടൻ വഴിവെട്ടാൻ മുന്നിൽ നടന്നതെങ്കിൽ ഇന്ന് കഥ വേറെയാണ്. ആദിവാസി ഊരുകളിൽ കാടിന്റെ രഹസ്യങ്ങൾ ഒതുങ്ങി നിന്ന കാലത്തു നിന്ന് എല്ലാ വഴികളും ഗൂഗിൾ മാപ്പിലെത്തിയ കാലമായി. എന്നിട്ടും ഗതാഗതക്കുരുക്കും സമയ നഷ്ടവും തുടർക്കഥയാകുന്നു. പരിഹാരമായി കേരള സർക്കാർ മുന്നിട്ടിറങ്ങുമ്പോൾ ഇവിടെ ചരിത്രത്തിലേക്ക് ഒരു പുതിയ ഏടുകൂടി എഴുതി ചേർക്കപ്പെടുന്നു.
പ്രത്യേകതകൾ ഏറെ
ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാത നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ആണ് നിർവ്വഹിച്ചത്. ഇതിന്റെ പ്രധാന സവിശേഷത ബ്രിട്ടീഷുകാർക്കു ശേഷം വയനാട്ടിലേക്ക് കടക്കാൻ ഒരു പാത നിർമ്മിക്കുന്നു എന്നത് തന്നെയാണ്. കേരളത്തിലെ ഏറ്റവും നീളം കൂടിയതും ഇന്ത്യയിലെ മൂന്നാമത്തെ നീളം കൂടിയതുമായ ഇരട്ട തുരങ്കപാത എന്നത് മറ്റൊരു സവിശേഷത. ഇതിന് വയനാട് ജില്ലയിൽ 5.58 കിലോമീറ്റവും കോഴിക്കോട് 3.15 കിലോമീറ്ററുമാണ് നീളം.
കോഴിക്കോട് ജില്ലയിലെ മുറിപ്പുഴ-മുത്തപ്പൻപുഴ-ആനക്കാംപൊയിൽ റോഡും വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല റോഡും ഇതുമായി ബന്ധിക്കപ്പെടുന്നു. നാലു വർഷംകൊണ്ട് ഈ സ്വപ്‌ന പദ്ധതി സത്യമാകുമെന്ന് കരുതപ്പെടുന്നു.
പാത വന്ന വഴി
2016 ലാണ് 20 കോടി മുടക്കി സർക്കാർ ഈ പാത നിർമ്മാണത്തിന് തുടക്കം കുറിച്ചത്. വീണ്ടും സിപിഎം സർക്കാർ തന്നെ അധികാരത്തിലെത്തിയപ്പോൾ പദ്ധതിയുടെ പൂർത്തീകരണത്തിനുള്ള വഴികൾ ആലോചിച്ചു തുടങ്ങി. ആ ചിന്തയാകാം 600 കോടി മുതൽ മുടക്കി ആരംഭിച്ചത്. തുടർന്ന് പരിസ്ഥിതി പഠനം അടക്കം വേഗത്തിൽ പൂർത്തിയാക്കി. കിഫ്ബി ഫണ്ടിൽ നിന്ന് രണ്ടായിരം കോടിയിലേറെ തുകയാണ് ഇതിനായി ഇപ്പോൾ വകയിരുത്തിയിട്ടുള്ളത്.
താമരശ്ശേരി ചുരത്തിലെ യാത്രാ ദുരിതം
കോഴിക്കോട് , വയനാട് എഡിഷനിലുള്ള ഏതൊരു പത്രത്തിന്റെ പ്രാദേശിക പേജ് എടുത്തു നോക്കിയാലും ആഴ്ചയിൽ ഒരിക്കലെങ്കിലും കാണാം താമശ്ശേരി ചുരത്തിൽ എത്ര മണിക്കൂർ ഗതാഗത കുരുക്ക് ഉണ്ടായെന്ന്. വന്നു വന്ന് ആ വാർത്ത ഒരു സ്ഥിരം സംഭവമായി ആ നാട്ടുകാർക്ക് മാറി. ഈ ദുരിതത്തിനു ഈ പാത വരുന്നതോടെ പരിഹാരമാകും എന്ന പ്രത്യാശ ഇപ്പോൾ ഓരോ വയനാടുകാരനും ഉണ്ടാകും.
ബ്രിട്ടീഷുകാർ വെട്ടിയ ആദ്യ വഴിയുടെ കഥ
വയനാട്ടിലേക്ക് ഒരു റോഡ് വെട്ടുന്നതിന് ബ്രിട്ടീഷുകാർക്ക് പല കാരണങ്ങളും ഉണ്ടായിരുന്നു. എന്നാൽ അത് അത്ര എളുപ്പമായിരുന്നില്ല അന്ന്. കാട്ടിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ, കാട്ടുവഴികളെ കുറിച്ച് കൃത്യമായ ധാരണയില്ലായ്മ അങ്ങനെയങ്ങനെ നിരവധി പ്രശ്‌നങ്ങൾ അവർക്ക് മുമ്പിൽ വിലങ്ങു തടിയായി നിന്നു. അന്ന് ബ്രിട്ടീഷ് എൻജിനീയർമാർക്ക് മുമ്പിൽ താമരശ്ശേരി ചുരം എന്ന വൻ പദ്ധതി യാഥാർത്ഥ്യമാകാൻ സഹായിച്ചത് കരിന്തണ്ടൻ എന്ന ആദിവാസി യുവാവായിരുന്നു. കരിന്തണ്ടൻ വയനാടിന്റെ ചരിത്രത്തിലും ഐതിഹ്യങ്ങളിലും ഇന്ന് നിറഞ്ഞുനിൽക്കുന്ന ഒരു വീര നായകനാണ്. വയനാട്ടിലെ ആദിവാസി വിഭാഗമായ പണിയ സമുദായത്തിൽപ്പെട്ട യുവാവ് ആയിരുന്നു അയാൾ.
കരിന്തണ്ടന്റെ സഹായത്തോടെ പാത നിർമ്മിച്ചശേഷം ബ്രിട്ടീഷുകാർ അയാളെ വഞ്ചിച്ചു. തങ്ങളുടെ കഴിവുകൊണ്ടാണ് ഈ പാത നിർമിച്ചതെന്ന് ലോകത്തെ വിശ്വസിപ്പിക്കാൻ വേണ്ടി അവർ നടത്തിയ ഗൂഢാലോചനയുടെ ഒടുവിൽ കരിന്തണ്ടനെ കൊലപ്പെടുത്തിയെന്നാണ് വിശ്വാസം. അയാളുടെ ആത്മാവിനെ ചുരത്തിലെ കൂറ്റൻ ആൽമരത്തിൽ ചങ്ങലയിൽ ബന്ധിച്ചതായും പറയപ്പെടുന്നു. വയനാടൻ ചുരത്തിലൂടെ കടന്നുപോകുന്ന ഓരോ യാത്രികനും കരിന്തണ്ടന്റെ ഓർമ്മകൾക്ക് മുമ്പിൽ ഒരു നിമിഷമെങ്കിലും തലകുനിക്കാറുണ്ട്. ഇപ്പോൾ ഈ പാത സത്യമാകുമ്പോൾ ഒരിക്കൽക്കൂടി സ്മരിക്കുകയാണ് ആ വീരനായകനെ