Mohanlal: എല്ലാ മലയാളികൾക്കും അഭിമാനം; മോഹൻലാലിന് മലയാളി അസോസിയേഷൻ്റെ അഭിനന്ദനം
Mohanlal's Dadasaheb Phalke Award : നാല് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിൻ്റെ സിനിമാ ജീവിതം അദ്ദേഹത്തിൻ്റെ പ്രതിഭയ്ക്കും, വൈവിധ്യമാർന്ന അഭിനയശേഷിക്കും, മികവിനായുള്ള നിരന്തരമായ പരിശ്രമത്തിനും തെളിവാണ്

World Malayalee Association Congratulate Mohanlal
ന്യൂഡൽഹി: ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേട്ടത്തിൽ മോഹൻലാലിന് അഭിനന്ദനം അറിയിച്ച് വേൾഡ് മലയാളി കൗൺസിലും ഓൾ ഇന്ത്യ മലയാളി അസോസിയേഷനും. പുരസ്കാരം അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണെന്ന് അസോസിയേഷൻ അറിയിച്ചു.മോഹൻലാലിൻ്റെ കഠിനാധ്വാനവും സമർപ്പണവും എല്ലാ മലയാളികൾക്കും അഭിമാനമാണെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാനും ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഗുജറാത്ത് പ്രസിഡൻ്റുമായ ദിനേശ് നായർ പറഞ്ഞു.
നാല് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിൻ്റെ സിനിമാ ജീവിതം അദ്ദേഹത്തിൻ്റെ പ്രതിഭയ്ക്കും, വൈവിധ്യമാർന്ന അഭിനയശേഷിക്കും, മികവിനായുള്ള നിരന്തരമായ പരിശ്രമത്തിനും തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നേട്ടം ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് സന്തോഷവും അഭിമാനവും നൽകിയതായി ദിനേശ് നായർ പറഞ്ഞു. സിനിമയോടുള്ള അദ്ദേഹത്തിൻ്റെ സമർപ്പണം നടന്മാരുടെയും സിനിമാ പ്രവർത്തകരുടെയും ആരാധകരുടെയും തലമുറകൾക്ക് പ്രചോദനമായി തുടരുന്നു
മോഹൻലാലിൻ്റെ നേട്ടങ്ങൾ
‘കിരീടം’, ‘ഭരതം’, ‘വാനപ്രസ്ഥം’, ‘ദൃശ്യം’, ‘പുലിമുരുകൻ’ എന്നിവയെല്ലാം മോഹൻലാലിന്റെ ശ്രദ്ധേയമായ സിനിമകളിൽ ഉൾപ്പെടുന്നു. അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒമ്പത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്. 2001-ൽ പത്മശ്രീയും 2019-ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
പ്രധാനമന്ത്രിയുടെ അഭിനന്ദനം
പുരസ്കാര നേട്ടത്തിൽ മോഹൻലാലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. അദ്ദേഹം ഇന്ത്യൻ സിനിമയിലെ മികവിൻ്റെയും ബഹുമുഖതയുടെയും പ്രതീകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകൾ നീണ്ട സമ്പന്നമായ സിനിമാ ജീവിതത്തിലൂടെ അദ്ദേഹം മലയാള സിനിമയിൽ കേരളത്തിൻ്റെ സംസ്കാരത്തിലൂന്നി ഒരു മുൻനിര താരമായി നിലകൊള്ളുന്നു,” മോദി ട്വീറ്റ് ചെയ്തു.