Amazon stingless bees: ലോകത്താദ്യമായി തേനീച്ചകൾക്ക് നിയമപരമായ അവകാശങ്ങൾ
Amazonian stingless bees With legal right: ഇവയുടെ തേനിന് ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ ഗുണങ്ങളുണ്ട്. സാധാരണ തേനിനേക്കാൾ കൂടുതൽ ജലാംശവും പുളിപ്പും കലർന്ന മധുരവുമാണ് ഇതിനുള്ളത്.
ലിമ: ആമസോൺ വനങ്ങളിൽ കാണപ്പെടുന്ന കുത്താത്ത തേനീച്ചകൾക്ക് നിയമപരമായ അവകാശങ്ങൾ അനുവദിച്ച് പെറുവിലെ രണ്ട് മുനിസിപ്പാലിറ്റികൾ ഉത്തരവിറക്കി. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റത്തിന് ഈ നീക്കം കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. ഭൂമിയിലെ ഏറ്റവും പഴയ തേനീച്ച വർഗ്ഗമാണിത്. ഏകദേശം 80 ദശലക്ഷം വർഷങ്ങളായി ഇവ ഭൂമിയിലുണ്ട്.
ആമസോണിലെ 80 ശതമാനത്തിലധികം സസ്യങ്ങളുടെയും പരാഗണത്തിന് സഹായിക്കുന്നത് ഈ തേനീച്ചകളാണ്. കൊക്കോ, കോഫി, അവോക്കാഡോ തുടങ്ങിയ കൃഷികൾക്ക് ഇവ അത്യന്താപേക്ഷിതമാണ്.
ഇവയുടെ തേനിന് ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ ഗുണങ്ങളുണ്ട്. സാധാരണ തേനിനേക്കാൾ കൂടുതൽ ജലാംശവും പുളിപ്പും കലർന്ന മധുരവുമാണ് ഇതിനുള്ളത്. ആമസോണിലെ വനനശീകരണം, കാട്ടുതീ, കാലാവസ്ഥാ വ്യതിയാനം എന്നിവ ഇവയുടെ നിലനിൽപ്പിന് വലിയ ഭീഷണിയാകുന്നുണ്ട്. താപനില ഉയരുന്നതിനാൽ തേനീച്ചകൾ ഉയർന്ന മലനിരകളിലേക്ക് മാറിപ്പോകുന്നതായും റിപ്പോർട്ടുകളുണ്ട്.
പുതിയ നിയമം എന്ത് മാറ്റമുണ്ടാക്കും?
നിലനിൽക്കാനുള്ള അവകാശം, ആരോഗ്യമുള്ള വംശമായി വളരാനുള്ള അവകാശം, ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കാനുള്ള അവകാശം എന്നിവ ഈ നിയമം തേനീച്ചകൾക്ക് നൽകുന്നു. അശാനിങ്ക (Asháninka), കുക്കാമ (Kukama) തുടങ്ങിയ ഗോത്രവർഗ്ഗക്കാരുടെ സംസ്കാരവും ജീവിതവുമായി ഈ തേനീച്ചകൾ അവിഭാജ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഗോത്രവിഭാഗങ്ങളുടെ അവകാശങ്ങൾ തേനീച്ചകളുടെ സംരക്ഷണവുമായി ചേർന്നുനിൽക്കുന്നതാണെന്ന് നിയമം വ്യക്തമാക്കുന്നു. രണ്ട് മുനിസിപ്പാലിറ്റികളിൽ തുടങ്ങിയ ഈ നിയമം രാജ്യവ്യാപകമായി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ പെറുവിൽ സജീവമാണ്.