Amoebic Meningoencephalitis: അമീബിക് മസ്തിഷ്കജ്വരം: പനി മാത്രമല്ല, കാഴ്ചക്കുറവും ; ഈ ലക്ഷണങ്ങളിൽ ശ്രദ്ധിക്കുക
Amoebic Meningoencephalitis Symptoms Changed: കാഴ്ച മങ്ങൽ, വസ്തുക്കൾ ഇരട്ടിയായി തോന്നൽ, നടക്കുമ്പോൾ കാൽ നിലത്ത് ഉറയ്ക്കാത്ത അവസ്ഥ തുടങ്ങിയ അസാധാരണ ലക്ഷണങ്ങളും രോഗികളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Brain Eating Amoeba
തിരുവനന്തപുരം: ജില്ലയിൽ അമീബിക് മസ്തിഷ്കജ്വരം (Amoebic Meningoencephalitis) വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, രോഗലക്ഷണങ്ങളിലും രോഗം പിടിപെടുന്ന രീതിയിലും അവ്യക്തത നിലനിൽക്കുന്നു. അടുത്തിടെ സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗവും തിരുവനന്തപുരത്താണ്.
പുതിയതും വ്യത്യസ്തവുമായ ലക്ഷണങ്ങൾ
രോഗബാധിതരായ പലരിലും വ്യത്യസ്തമായ ശാരീരികാസ്വാസ്ഥ്യങ്ങളാണ് ആദ്യം കാണപ്പെടുന്നത്. സാധാരണ പനി മിക്കവർക്കും ഉണ്ടെങ്കിലും, പലരും കാഴ്ചപ്രശ്നങ്ങൾ, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ചികിത്സ തേടുന്നത്. തലവേദന, പനി എന്നിവയാണെന്ന് കരുതി പ്രാഥമിക ചികിത്സ തേടിയവർക്ക് പിന്നീട് വിശദമായ പരിശോധനയിലാണ് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്. കാഴ്ച മങ്ങൽ, വസ്തുക്കൾ ഇരട്ടിയായി തോന്നൽ, നടക്കുമ്പോൾ കാൽ നിലത്ത് ഉറയ്ക്കാത്ത അവസ്ഥ തുടങ്ങിയ അസാധാരണ ലക്ഷണങ്ങളും രോഗികളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രോഗവ്യാപനം അവ്യക്തം
പൊതു ജലാശയങ്ങളിൽ കുളിക്കുന്നതിലൂടെയാണ് രോഗം വരുന്നതെന്നാണ് പൊതുവെയുള്ള ധാരണയെങ്കിലും, അടുത്തിടെ രോഗം വന്ന പലരും പൊതുജലാശയങ്ങളിൽ കുളിച്ചിട്ടില്ല. വീടിന് പുറത്ത് പോകാത്ത കിടപ്പുരോഗികൾക്ക് വരെ അസുഖം വന്നതും, ജില്ലയിൽ സംഭവിച്ച രണ്ടു മരണങ്ങളിൽ ഒന്ന് ഇത്തരത്തിൽ വീട്ടമ്മയുടേതാണ് എന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. പൈപ്പ് പൊട്ടി മലിനജലം കയറിയ പ്ലംബിങ് തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിരോധമാണ് പ്രധാനം
അതേസമയം, കൂടുതൽ ടെസ്റ്റുകൾ നടക്കുന്നതിനാലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. അനാവശ്യ ആശങ്ക വേണ്ടെന്നും, ശുചിത്വം ഉറപ്പാക്കുകയാണ് പ്രധാനമെന്നും വിദഗ്ധർ പറയുന്നു. കിണർ, ടാങ്ക് എന്നിവ കൃത്യമായി വൃത്തിയാക്കണം. അമീബയുടെ പ്രധാന ആഹാരമായ കോളിഫോം ബാക്ടീരിയ കൂടുതലുള്ളിടത്ത് അമീബയുടെ സാന്നിധ്യവും കൂടും.
കിണറുകളും ജലാശയങ്ങളും ക്ലോറിനേറ്റ് ചെയ്യുകയാണ് ഏറ്റവും മികച്ച പ്രതിരോധ മാർഗ്ഗം. രോഗം ബാധിക്കുന്ന സാധാരണക്കാർക്ക് പലപ്പോഴും ഭീമമായ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നുണ്ടെന്നും ചികിത്സാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.