Bathroom camping: ബാത്റൂമിൽ കയറിയാൽ ഇറങ്ങാൻ വൈകുന്നതും മാനസികാരോഗ്യവുമായി എന്ത് ബന്ധം
The New Trend of Finding Me Time at bathroom: വൈകാരിക തലങ്ങളെ നിയന്ത്രിക്കാനും, അമിത ചിന്തകളെ നിയന്ത്രിക്കാനും, ഈ സമയം ഉപകരിക്കുന്നു. സ്വന്തം മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുന്നവരാണ് ഈ 'മി ടൈം' ഫലപ്രദമായി ഉപയോഗിക്കുന്നത്.
ചില ആളുകൾ ബാത്ത്റൂമിൽ കയറിയാൽ പുറത്തിറങ്ങാൻ വളരെ ബുദ്ധിമുട്ടാണ്. കാര്യങ്ങൾ കഴിഞ്ഞിട്ടും അധികസമയം ശുചിമുറിയിൽ ചെലവഴിക്കുന്ന ഈ സ്വഭാവത്തെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചാരത്തിലുള്ള ‘ബാത്ത്റൂം കാമ്പിംഗ്’ എന്ന് വിളിക്കുന്നത്.
പ്രാഥമിക ആവശ്യങ്ങൾക്കോ കുളിക്കാനോ അല്ലാതെ, പുറംലോകത്തിന്റെ സമ്മർദ്ദങ്ങളിൽ നിന്നും മാറി, കുറച്ചുനേരം തനിച്ചിരിക്കാൻ വേണ്ടിയാണ് ആളുകൾ ഇത് ചെയ്യുന്നത്. ബാഹ്യമായ ഇടപെടലുകൾ ഇല്ലാത്ത ഒരിടം എന്ന നിലയിൽ, ശാന്തമായി ഇരിക്കാനും, സോഷ്യൽ മീഡിയ ഫീഡുകൾ പരിശോധിക്കാനും, പാട്ട് കേൾക്കാനും, അല്ലെങ്കിൽ മൗനത്തിൽ ഇരിക്കാനുമൊക്കെ ഈ സമയം ഉപയോഗിക്കുന്നു.
മാനസികാരോഗ്യവും ശ്രദ്ധയും
അനുദിന ജീവിതത്തിലെ ഉത്കണ്ഠകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പലരും ബാത്ത്റൂം കാമ്പിംഗ് തിരഞ്ഞെടുക്കുന്നത്. തിരക്കുകൾക്കിടയിൽ ഒന്ന് പൊട്ടിക്കരയാനോ, ആത്മാർത്ഥമായി ചിരിക്കാനോ, അല്ലെങ്കിൽ ചിന്തകളെ ക്രോഡീകരിക്കാനോ സമാധാനത്തോടെ ഇരിക്കാനോ ഉള്ള ഒരിടമായി ഇത് മാറുന്നു. ഇത് മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് കണ്ടെത്തൽ.
വൈകാരിക തലങ്ങളെ നിയന്ത്രിക്കാനും, അമിത ചിന്തകളെ നിയന്ത്രിക്കാനും, ഈ സമയം ഉപകരിക്കുന്നു. സ്വന്തം മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുന്നവരാണ് ഈ ‘മി ടൈം’ ഫലപ്രദമായി ഉപയോഗിക്കുന്നത്.
ദോഷവശങ്ങളും ബദലുകളും
എങ്കിലും, അമിതമായ മാനസികസമ്മർദ്ദത്തിനോ ഉത്കണ്ഠയ്‌ക്കോ ഇതൊരു ബദലല്ല. ചികിത്സ ആവശ്യമുള്ള മാനസിക പ്രശ്‌നങ്ങൾക്ക് തീർച്ചയായും പ്രൊഫഷണൽ സഹായം തേടേണ്ടത് തന്നെയാണ്. ശുചിമുറിയിലെ അധികസമയം ചിലപ്പോൾ ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങൾ വർദ്ധിപ്പിക്കാനോ ആരോഗ്യത്തിന് ദോഷകരമാകാനോ സാധ്യതയുണ്ട്. അതുകൊണ്ട്, ഈ ‘മി ടൈം’ ലഭിക്കാൻ പ്രഭാതങ്ങളിലെ നടത്തം, യോഗ പോലുള്ളവ ശീലമാക്കുന്നതും നല്ലതാണ്. എത്രസമയം തനിച്ചിരുന്നിട്ടും മാനസിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ ഉടൻതന്നെ വിദഗ്ദ്ധോപദേശം തേടുക.