Covid-19 masks: ഒറ്റത്തവണ ഉപയോഗിക്കുന്ന മാസ്കുകൾ അപകടകാരികൾ: പരിസ്ഥിതിക്കും ആരോഗ്യത്തിനും ദോഷകരം
Covid-19 single-use face masks Issues: ശരിയായ രീതിയിൽ സംസ്കരിക്കാത്ത മാസ്കുകൾ പരിസ്ഥിതിയിൽ നശിക്കുകയും മണ്ണ്, ജലം, വായു എന്നിവയെ മലിനമാക്കുന്നു.

Representational Image
ന്യൂഡൽഹി: കോവിഡ്-19 മഹാമാരിക്കാലത്ത് സുരക്ഷയുടെ പ്രതീകങ്ങളായി മാറിയ ഒറ്റത്തവണ ഉപയോഗിക്കുന്ന ഫേസ് മാസ്കുകൾക്ക് മറഞ്ഞിരിക്കുന്ന ചില ദോഷങ്ങളുണ്ടെന്ന് പുതിയ പഠനം. ഈ മാസ്കുകൾ മൈക്രോപ്ലാസ്റ്റിക് കണങ്ങളും രാസവസ്തുക്കളും പുറത്തുവിട്ട് മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷമുണ്ടാക്കുമെന്നാണ് കണ്ടെത്തൽ. സുരക്ഷിതമായ വസ്തുക്കളുപയോഗിച്ചുള്ള മാസ്കുകളുടെ നിർമ്മാണവും ശരിയായ മാലിന്യ സംസ്കരണവും ആവശ്യമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
പഠനം പറയുന്നത്
യുകെയിലെ കോവെൻട്രി സർവ്വകലാശാലയുടെ നേതൃത്വത്തിൽ നടന്ന ഈ പഠനത്തിൽ, സാധാരണ സർജിക്കൽ മാസ്കുകളും ഫിൽട്ടറിങ് ഫേസ് പീസുകളും (FFP2/FFP3) പരിശോധിച്ചു. ഉപയോഗത്തിലില്ലാത്ത മാസ്കുകൾ ശുദ്ധജലത്തിൽ 24 മണിക്കൂർ വെച്ച് നടത്തിയ പരീക്ഷണത്തിൽ, ഉപയോഗിക്കാത്ത മാസ്കുകൾ പോലും മൈക്രോപ്ലാസ്റ്റിക് കണങ്ങളും രാസവസ്തുക്കളും പുറത്തുവിട്ടതായി കണ്ടെത്തി.
ഇത് നിർമ്മാണഘട്ടത്തിൽ തന്നെ ഈ മാലിന്യങ്ങൾ മാസ്കിൽ അടങ്ങിയിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. ഫിൽട്ടറിങ് ഫേസ് പീസുകൾ സാധാരണ മാസ്കുകളേക്കാൾ മൂന്നോ നാലോ ഇരട്ടി മൈക്രോപ്ലാസ്റ്റിക് കണങ്ങൾ പുറത്തുവിടുമെന്നും കണ്ടെത്തി.
ആരോഗ്യപരമായ അപകടങ്ങൾ
മാസ്കുകൾ ഉപയോഗിക്കുമ്പോൾ പുറത്തുവരുന്ന മൈക്രോപ്ലാസ്റ്റിക് കണങ്ങൾ ശ്വസിക്കാനുള്ള സാധ്യതയുണ്ട്. ഈ കണങ്ങൾ ശ്വാസകോശത്തിൽ അടിഞ്ഞുകൂടി വീക്കം, ശ്വാസംമുട്ടൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
കൂടാതെ, ബിസ്ഫെനോൾ ബി (BPB), ഡിഒഎസ്എസ് (DOSS) തുടങ്ങിയ രണ്ട് രാസവസ്തുക്കളുടെ സാന്നിധ്യവും കണ്ടെത്തി. ഇതിൽ ബിസ്ഫെനോൾ ബി ഹോർമോൺ വ്യവസ്ഥയെ തകരാറിലാക്കാൻ സാധ്യതയുള്ള ഒന്നാണ്.
പരിസ്ഥിതിക്ക് ദോഷകരം
ശരിയായ രീതിയിൽ സംസ്കരിക്കാത്ത മാസ്കുകൾ പരിസ്ഥിതിയിൽ നശിക്കുകയും മണ്ണ്, ജലം, വായു എന്നിവയെ മലിനമാക്കുന്നു. വായുവിലൂടെയും വെള്ളത്തിലൂടെയും മൈക്രോപ്ലാസ്റ്റിക്കുകൾ മനുഷ്യന്റെ ശരീരത്തിൽ എത്താം. ഇത് ഭക്ഷ്യശൃംഖല വഴിയും കൈമാറ്റം ചെയ്യപ്പെടാം.