Teeth Health: വായ്നാറ്റം മുതൽ മോണവീക്കം വരെ; പല്ലുകൾ കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
Signs Bad Teeth Health: പല്ലുകളിലും മോണയിലും കാണുന്ന ചെറിയ മാറ്റങ്ങൾ പോലും നിങ്ങളുടെ ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം. അതുകൊണ്ട് തന്നെ അവ അവഗണിക്കുന്നത് പിന്നീട് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. സ്ട്രോക്ക്, പ്രമേഹം, അല്ലെങ്കിൽ അൽഷിമേഴ്സ് തുടങ്ങിയ രോഗങ്ങളുടെ ആദ്യ ലക്ഷണമായേക്കാം വായയുടെ വരൾച്ച.

Oral Health
നമ്മുടെ ശരീരത്തിലെ പ്രധാന ഘടകമാണ് വായ. എന്നാൽ പലപ്പോഴും അതിന് വേണ്ട പരിചരണം കൊടുക്കാറില്ല എന്നതാണ് സത്യം. പല്ലുകളിലും മോണയിലും കാണുന്ന ചെറിയ മാറ്റങ്ങൾ പോലും നിങ്ങളുടെ ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം. അതുകൊണ്ട് തന്നെ അവ അവഗണിക്കുന്നത് പിന്നീട് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അത്തരത്തിൽ വായയിൽ വരുന്ന ചില ലക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. ഒരുപക്ഷേ നമ്മൾ നിസാരമായി കാണുന്ന ഈ അവസ്ഥ നാളെ നമ്മെ വലിയ രോഗിയാക്കിയേക്കാം.
മോണയിൽ നിന്നുള്ള രക്തസ്രാവവും ഹൃദയാരോഗ്യവും
ബ്രഷ് ചെയ്യുമ്പോൾ മോണയിൽ നിന്ന് രക്തം വരുന്നത് അത്ര നിസാരമായി കാണേണ്ട ഒന്നല്ല. വിറ്റാമിൻ സി കുറവു മൂലമോ അല്ലെങ്കിൽ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന രോഗങ്ങൾ കാരണമോ ഇത്തരത്തിൽ മോണയിൽ നിന്ന് രക്തസ്രാവം ഉണ്ടായേക്കാം. മോണരോഗമുള്ളവർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ പോലും പറയുന്നത്. മോണയിലെ അണുബാധ രക്തത്തിലൂടെ ഹൃദയത്തിലെ ധമനികളിൽ വീക്കമുണ്ടാക്കാൻ കാരണമാകുന്നതായി വിദഗ്ധർ ചൂണ്ടികാണിക്കുന്നു.
ALSO READ: വെറും 14 ദിവസം മുട്ട കഴിക്കാൻ തയ്യാറാണോ? ഈ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും
വരൾച്ചയും പ്രമേഹവും
ആവശ്യത്തിന് ഉമിനീർ ഉൽപാദിപ്പിക്കപ്പെടാത്ത അവസ്ഥയയിലാണ് വായ വരണ്ടുപോകുന്നത്. എന്നാൽ ഇത് അത്ര നിസാരമായ കാര്യമല്ല. സ്ട്രോക്ക്, പ്രമേഹം, അല്ലെങ്കിൽ അൽഷിമേഴ്സ് തുടങ്ങിയ രോഗങ്ങളുടെ ആദ്യ ലക്ഷണമായേക്കാം വായയുടെ വരൾച്ച. ചില മരുന്നുകളുടെ പാർശ്വഫലമായും വായയിൽ കടുത്ത വരൾച്ച അനുഭവപ്പെടാം. അനിയന്ത്രിതമായ പ്രമേഹമുള്ളവരിൽ ഉമിനീരിന്റെ ഉല്പാദനം കുറയുന്നത് സാധാരണമാണ്.
വിട്ടുമാറാത്ത വായ്നാറ്റവും അണുബാധയും
ഭക്ഷണം കഴിച്ച ശേഷമോ പല്ല് തേച്ചിട്ടും കൂടിയോ വായ്നാറ്റം ഉണ്ടാകുന്നുണ്ടെങ്കിൽ അത് വളരെയധികം ഗൗരവത്തോടെ തന്നെ കാണണം. സൈനസൈറ്റിസ്, ശ്വാസകോശത്തിലെ അണുബാധ, അല്ലെങ്കിൽ ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയ ദഹനപ്രശ്നങ്ങൾ മൂലമോ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായേക്കാം. ശ്വാസത്തിന് അമോണിയയുടെ മണമുണ്ടെങ്കിൽ അത് വൃക്കരോഗങ്ങളെ സൂചിപ്പിക്കുന്നതായും ആരോഗ്യ വിദഗ്ധർ പറയുന്നു.
പല്ലിലെ ഇനാമൽ തേയ്മാനം
പല്ലിൻ്റെ മുകൾഭാഗം മഞ്ഞനിറത്തിലാകുകയോ പല്ലുകളിൽ സഹിക്കാനാകാത്ത പുളിപ്പ് അനുഭവപ്പെടുകയോ ചെയ്യുന്നത് ഇനാമൽ നഷ്ടപ്പെടുന്നത് മൂലമാണ്. ഇത് അമിതമായ അസിഡിറ്റിയുടെ ലക്ഷണമായാണ് വിദഗ്ധർ പറയുന്നത്. വയറ്റിലെ ആസിഡ് വായയിലേക്ക് വരുന്നത് ഇനാമലിനെ കാലക്രമേണ നശിപ്പിക്കുന്നു. കൂടാതെ, അമിതമായ മാനസിക സമ്മർദ്ദം മൂലവും ഉറക്കത്തിൽ പല്ലുകൾ കടിക്കുന്ന ശീലമുള്ളവരിലും ഈ പ്രശ്നം സാധാരണയായി കണ്ടുവരാറുണ്ട്.