Akshay Kumars Food: അക്ഷയ് കമാർ വിശന്നാൽ രാത്രി കഴിക്കുന്ന മുളപ്പിച്ച പയര്‍ കൊണ്ടുള്ള സാലഡ് ട്രൈ ചെയ്താലോ
Akshay Kumar High-Protein Salad Recipe: വൈകുന്നേരം ആറരയ്ക്ക് ശേഷം താന്‍ ഒന്നും കഴിക്കാറില്ലെന്നും അത് കഴിഞ്ഞ് വിശന്നാൽ മുട്ടയുടെ വെള്ളയോ ക്യാരറ്റോ അല്ലെങ്കിൽ മുളപ്പിച്ച പയര്‍ കൊണ്ടുള്ള സാലഡോ കഴിക്കുമെന്നാണ് താരം പറയുന്നത്.
ആരാധകർ ഏറെയുള്ള ബോളിവുഡ് നടനാണ് അക്ഷയ് കുമാര്‍. ആരോഗ്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്ന താരം 57-ാം വയസിലും ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്നതിൽ ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ഭക്ഷണശീലത്തെ കുറിച്ചും ഡയറ്റിനെ കുറിച്ചും താരം ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വൈകുന്നേരം ആറരയ്ക്ക് ശേഷം താന്‍ ഒന്നും കഴിക്കാറില്ലെന്നും അത് കഴിഞ്ഞ് വിശന്നാൽ മുട്ടയുടെ വെള്ളയോ ക്യാരറ്റോ അല്ലെങ്കിൽ മുളപ്പിച്ച പയര്‍ കൊണ്ടുള്ള സാലഡോ കഴിക്കുമെന്നാണ് താരം പറയുന്നത്. രാത്രിക്ക് മറ്റ് ഭക്ഷണം കഴിക്കരുതെന്നാണ് ശാസ്ത്രം പറയുന്നതെന്നുമാണ് അക്ഷയ് നേരത്തെ നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോൾ അത് ശരീരത്തിന് വളരെയധികം ദോഷം ചെയ്യുമെന്നും രാത്രി പത്ത് പതിനൊന്ന് മണിക്ക് ഭക്ഷണം കഴിച്ച് കിടക്കുമ്പോൾ അത് ദഹിക്കാന്‍ ശരീരം മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ എടുക്കും. ആ സമയത്ത് നിങ്ങളുടെ ദഹനേന്ദ്രിയം ഒഴികെ ശരീരത്തിലെ മറ്റെല്ലാ ഭാഗങ്ങളും വിശ്രമത്തിലായിരിക്കും. ദഹനേന്ദ്രിയം മാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നും അക്ഷയ് കുമാര്‍ പറയുന്നു.
Also Read:ദിയ കൃഷ്ണയുടെ അമ്മായിയമ്മയുടെ നെയ്യ് കിനിയുന്ന മൈസൂർ പാക് വീട്ടിൽ ഉണ്ടാക്കാം
ഇതിനൊപ്പം വിശപ്പ് തോന്നിയാൽ ഉണ്ടാക്കുന്ന മുളപ്പിച്ച പയര്‍ കൊണ്ടുള്ള സാലഡിന്റെ റെസിപ്പിയും താരം പങ്കുവയ്ക്കുന്നുണ്ട്. ഒരു പാത്രത്തിലേക്ക് മുളപ്പിച്ച ചെറുപയർ, ഒരു കപ്പ് ചെറുതായി അരിഞ്ഞ ഉള്ളി, തക്കാളി, വെള്ളരി എന്നിവ ചേര്‍ക്കുക. ഇതിലേക്ക് ഒരുപിടി വേവിച്ച ചോളം, ഒരു ചെറിയ കപ്പ് മാതളനാരങ്ങ, അര കപ്പ് അരിഞ്ഞ പച്ച മാങ്ങ, നിലക്കടല എന്നിവയും ചേര്‍ക്കുക. മറ്റൊരു പാത്രത്തില്‍ ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി, ബ്ലാക്ക് സാള്‍ട്ട്, ജീരകപ്പൊടി, ഒരു സ്പൂണ്‍ ഒലീവ് ഓയില്‍, ഒരു പിടി മല്ലിയില, പുതിനയില എന്നിവ ചേര്‍ത്ത് നാരങ്ങ പിഴിഞ്ഞ് നന്നായി യോജിപ്പിക്കുക. ഇത് അരിഞ്ഞ് വച്ച പച്ചകറികളിലേക്ക് ചേർത്ത് കൊടുക്കുക. തുടർന്ന് നന്നായി ഇളക്കി കഴിക്കുക.