Bengaluru Donne Biryani: ബെംഗളൂരു പോയാൽ ഈ സ്പെഷ്യൽ ദൊണ്ണേ ബിരിയാണി കഴിക്കാൻ മറക്കരുത്
Bengaluru Donne Biryani: ക്യൂ നിന്നാണ് ആളുകൾ അവിടെ ബിരിയാണി കഴിക്കുന്നത്. മട്ടൺ, ചിക്കൺ സ്പെഷ്യലുകളും ലഭ്യമാണ്. സ്വാദ് തേടി ബെംഗളൂരുവിലേക്ക് വണ്ടി കയറുന്നവർ ഇത് കഴിക്കാൻ മറക്കരുത്.
വ്യത്യസ്ത തരത്തിലുള്ള ബിരിയാണിക്ക് പേര് കേട്ട നാടാണ് നമ്മുടേത്. ഹൈദരാബാദ് മട്ടൺ ബിരിയാണി, ചെട്ടിനാട് ബിരിയാണി, ദിണ്ടിഗൽ ബിരിയാണി പിന്നെ കേരളത്തിന്റെ സ്വന്തം കോഴിക്കോടൻ ബിരിയാണി, തലശ്ശേരി ബിരിയാണി തുടങ്ങി വിവിധ രുചിയിലുള്ള ബിരിയാണി രാജ്യത്ത് ഒട്ടേറെയാണ്. ഒരു നാടിനെ തന്നെ ലോകമെങ്ങും പ്രസിദ്ധമാക്കിയത് ഇത്തരം ബിരിയാണി രുചിയാണ്. അതു പൊലെ ഒരു നാടിൻ്റെ രുചിക്കൂട്ട് ചേർന്ന ഒരു ബിരിയാണിയാണ് ദൊണ്ണേ ബിരിയാണി.
ബെംഗളൂരുവിൽ എത്തിയാൽ ആരും ഒന്ന് രുചിച്ച് നോക്കുന്ന ഒന്നാണിത്. അതീവ രുചികരമെന്ന് കഴിച്ചവരെല്ലാം പറയുന്ന ഈ ബിരിയാണിക്ക് നീണ്ട വർഷങ്ങളും കഥയാണ് പറയാനുള്ളത്. ദൊണ്ണെ ബിരിയാണി വിൽക്കുന്ന നിരവധി ഹോട്ടലുകൾ വർഷങ്ങളായി ബാംഗ്ലൂരിലുണ്ട്. ക്യൂ നിന്നാണ് ആളുകൾ അവിടെ ബിരിയാണി കഴിക്കുന്നത്. മട്ടൺ, ചിക്കൺ സ്പെഷ്യലുകളും ലഭ്യമാണ്. സ്വാദ് തേടി ബെംഗളൂരുവിലേക്ക് വണ്ടി കയറുന്നവർ ഇത് കഴിക്കാൻ മറക്കരുത്.
Also Read:ചായപ്പീടികയിലെ ചില്ലുകൂട്ടിലെ മഞ്ഞ മധുരം, മടക്കിനെ ഓർമ്മയുണ്ടോ?
മട്ടൺ ദൊണ്ണേ ബിരിയാണി തയ്യാറാക്കാം
1. മട്ടൺ പെരട്ടി വെയ്ക്കാനുള്ള ചേരുവകൾ
മട്ടൺ – അര കിലോ
തൈര് – അര കപ്പ്
മുളക് പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
മട്ടണിലേക്ക് ഇവയെല്ലാം പെരട്ടി 15 മുതൽ 20 മിനിട്ട് വരെ വെക്കുക
2. ബിരിയാണി മസാല തയ്യാറാക്കാൻ
സവോള – ഇടത്തരം രണ്ട് എണ്ണം
പുതിനയില , മല്ലിയില – ആവശ്യത്തിന്
പച്ചമുളക് – 6
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂൺ
ജാതിപത്രി – 3 എണ്ണം
കുരുമുളക് – 5 എണ്ണം
കറുവപ്പട്ട – 2 എണ്ണം
ഗ്രാമ്പൂ – 3 എണ്ണം
ഏലയ്ക്ക – 3 എണ്ണം
ഓയിൽ – 2 ടേബിൾ സ്പൂൺ
ഒരു പാനിലേക്ക് ഓയിൽ , നെയ്യ് എന്നിവയൊഴിച്ച് സവാള ചേർക്കുക. ഇതിലേക്ക് പച്മുളക് ,ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, ജാതിപത്രി, കുരുമുളക് , കറുവപ്പട്ട , ഗ്രാമ്പൂ ,ഏലയ്ക്ക ചേർക്കുക. സവാള ബ്രൗൺ നിറമാകുമ്പോൾ മല്ലിയിലയും പുതിനയില ചേർത്ത് വഴറ്റുക. ഇത്
തണുക്കുന്നതിനായി മാറ്റി വെയ്ക്കുക. തണുത്തതിന് ശേഷം മിക്സിയിലിട്ട് അൽപ്പം വെള്ളം ചേർത്ത് അരച്ച് മാറ്റിവെക്കുക.
തയ്യാറാക്കാം
കുക്കറിൽ 2 ടീസ്പൂൺ ഓയിൽ ഒഴിച്ച് നേരത്തെ പെരട്ടി വച്ച ഇറച്ചിക്കഷണങ്ങൾ വേവിക്കുക. മൂന്ന് കപ്പ് വെള്ളം ഒഴിച്ച് അഞ്ചോ ആറോ വിസിൽ വരുന്നതു വരെ വേവിക്കുക. വെന്ത് കഴിഞ്ഞ് ഇതിലെ വെള്ളം മാറ്റുക. ബിരിയാണി അരിയായി സമ്പ റൈസ് എടുക്കുന്നതായിരിക്കും ഉത്തമം. അരിയെടുത്ത് നന്നായി കഴുകി വെള്ളം ഊറ്റിക്കളഞ്ഞ് മാറ്റിവെയ്ക്കുക.
പ്രഷർ കുക്കറിൽ 2 ടേബിൾ സ്പൂൺ ഓയിലും, 2 ടേബിൾ സ്പൂൺ നെയ്യും ഒഴിക്കുക. കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, ബേ ലീഫ് എന്നിവ ഇട്ട് വഴറ്റുക. ഇതിലേക്ക് റെഡിയാക്കി വെച്ച മസാല പേസ്റ്റ് ചേർക്കുക. ഇതിലേക്ക് വേവിച്ച ഇറച്ചിക്കഷണങ്ങൾ ചേർത്ത് ഒന്ന് ഫ്രൈ ആക്കുക. ഇതിലേക്ക് ബിരായാണി അരി ചേർത്ത് മൂന്ന് നാല് സെക്കൻ്റ് ഫ്രൈ ചെയ്യുക. മട്ടൺ ഊറ്റിയ വെള്ളം ചേർക്കുക. ഇനി ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇത് തിളപ്പിച്ച്, കുക്കർ അടച്ച് വെച്ച് അഞ്ച് മിനിട്ട് വേവിക്കുക. ദൊണ്ണേ ബിരിയാണി റെഡി