US Travel Ban: വാതിലുകള്‍ കൊട്ടിയടച്ച് ട്രംപ്; ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യുഎസിന്റെ ‘പടി ചവിട്ടരുത്’
Trump Expands US Travel Ban: യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടിക യുഎസ് വിപുലീകരിച്ചു. ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് കൂടി യുഎസ് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി. പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു
വാഷിങ്ടണ്‍: യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടിക യുഎസ് വിപുലീകരിച്ചു. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് കൂടി യുഎസ് പുതിയതായി പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ബുർക്കിന ഫാസോ, മാലി, നൈജർ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും പുതിയ വിലക്ക് ബാധകമാണ്. പലസ്തീൻ അതോറിറ്റി നൽകിയ യാത്രാ രേഖകൾ കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരെയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
നേരത്തെ ഭാഗിക നിയന്ത്രണങ്ങള്‍ മാത്രമുണ്ടായിരുന്ന ലാവോസ്, സിയറ ലിയോണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 1 മുതല്‍ പുതിയ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസ് യാത്രാ നിരോധനം ഏര്‍പ്പെടുത്തുമെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, കോംഗോ റിപ്പബ്ലിക്, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
പാസ്‌പോർട്ടുകളോ സിവിൽ രേഖകളോ നൽകുന്നതിന് ഇപ്പോഴും മതിയായ കേന്ദ്ര അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിറിയക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ ജൂണിലാണ് ട്രംപ് ഒപ്പുവച്ചത്. കൂടാതെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
വിദേശ ഭീകരരിൽ നിന്നും ദേശീയ സുരക്ഷയ്‌ക്കെതിരായ മറ്റ് ഭീഷണികളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, ബിസിനസുകാര്‍ എന്നിവര്‍ക്കെല്ലാം വിലക്ക് ബാധകമാണ്. തുര്‍ക്ക്‌മെനിസ്ഥാനിലെ കുടിയേറ്റക്കാര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. എന്നാല്‍ കുടിയേറ്റേതര വിസകള്‍ക്ക് വിലക്കില്ല.
പൂർണ്ണ നിയന്ത്രണങ്ങളുള്ള രാജ്യങ്ങൾ
- അഫ്ഗാനിസ്ഥാൻ
- ബുർക്കിന ഫാസോ
- ബർമ (മ്യാന്‍മര്‍)
- ചാഡ്
- ഇക്വറ്റോറിയൽ ഗിനിയ
- എറിത്രിയ
- ഹെയ്തി
- ഇറാൻ
- ലാവോസ്
- ലിബിയ
- മാലി
- നൈജർ
- റിപ്പബ്ലിക് ഓഫ് കോംഗോ
- സിയറ ലിയോൺ
- സൊമാലിയ
- ദക്ഷിണ സുഡാൻ
- സുഡാൻ
- സിറിയ
- യെമൻ
- പലസ്തീൻ അതോറിറ്റി നൽകിയതോ അംഗീകരിച്ചതോ ആയ രേഖകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍
ഭാഗിക നിയന്ത്രണങ്ങൾ
- അംഗോള
- ആന്റിഗ്വ ആന്‍ഡ് ബാർബുഡ
- ബെനിൻ
- ബുറുണ്ടി
- കോട്ട് ഡി ഐവയർ (ഐവറി കോസ്റ്റ്)
- ക്യൂബ
- ഡൊമിനിക്ക
- ഗാബൺ
- ദി ഗാംബിയ
- മലാവി
- മൗറിറ്റാനിയ
- നൈജീരിയ
- സെനഗൽ
- ടാൻസാനിയ
- ടോഗോ
- ടോംഗ
- വെനിസ്വേല
- സാംബിയ
- സിംബാബ്‌വെ