Authentic Fish Curry: നല്ല എരിവുള്ള കുടംപുളിയിട്ട ഷാപ്പിലെ ഒരടിപൊളി മീൻകറി തയ്യാറാക്കിയാലോ?…
Authentic Fish Curry Recipe: ഷാപ്പിൽ ലഭിക്കുന്ന ഇത്തരം മീൻകറിക്ക് ഒരു പ്രത്യേക രുചിയാണ്. പുളിയും എരുവും ഒരു പോലെ വരുന്ന ഈ മീൻകറി നമ്മൾ എത്ര ശ്രമിച്ചാലും വീട്ടിൽ പാകപ്പെടുത്താൻ സാധിക്കാറില്ല.
മീൻകറിയില്ലാതെ ഭക്ഷണം കഴിക്കാത്തവരാണ് നമ്മളിൽ മിക്കവരും. നല്ല എരിവുള്ള കുടംപുളിയിട്ട മീൻകറി കൂട്ടി ഭക്ഷണം കഴിക്കുന്നത് മിക്കവർക്കും ഇഷ്ടമാണ്. എന്നാൽ ഷാപ്പിൽ ലഭിക്കുന്ന ഇത്തരം മീൻകറിക്ക് ഒരു പ്രത്യേക രുചിയാണ്. പുളിയും എരുവും ഒരു പോലെ വരുന്ന ഈ മീൻകറി നമ്മൾ എത്ര ശ്രമിച്ചാലും വീട്ടിൽ പാകപ്പെടുത്താൻ സാധിക്കാറില്ല. ചുവന്ന മുളകും, പിരിയൻ മുളകും മല്ലിയും കുരുമുളകും എല്ലാം ഇട്ടാണ് ഷാപ്പിലെ മീൻ കറി തയ്യാറാക്കുന്നത്. ഇനി നമ്മുക്കും നല്ല എരിവുള്ള മീൻ കറി ഉണ്ടാക്കിയാലോ. എരിവ് അല്പം കൂടുതൽ ഇഷ്ടപ്പെടുന്നവർ മാത്രം ഇത് തയ്യാറാക്കുക.
നമ്മുക്ക് ആവശ്യമായ മീൻ നന്നായി വൃത്തിയാക്കിയെടുക്കുക. അരക്കിലോ മീൻ ആണ് നമുക്കാവശ്യം. എല്ലാ കഷ്ണങ്ങളും ഒരുപോലെ വലുപ്പത്തിൽ മുറിച്ച് വെക്കുക. തുടർന്ന് വൃത്തിയാക്കി വച്ച മീനിലേക്ക് മഞ്ഞൾ പൊടിയും മുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് പുരട്ടി മാറ്റിവെയ്ക്കുക.
അടുത്തതായി ആവശ്യത്തിന് കുടംപുളി എടുത്ത് വെള്ളത്തിൽ കുതിരാൻ ഇടാം. അതിലേക്ക് നാല് ഉണക്കമുളകുകൂടി ചേർക്കണം. ഇവ രണ്ടും നല്ലതുപോലെ കുതിർന്ന് കിട്ടണം.മസാല തയ്യാറാക്കാനായി മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഇവയെല്ലാം നല്ലതുപോലെ മിക്സ്ചെയ്ത് എടുത്തുവയ്ക്കണം, ഇനി 200 ഗ്രാം ചെറിയ ഉള്ളിയും ചതച്ചെടുക്കണം.
Also Read:ദിവസവും ചോറ് കഴിച്ചു മടുത്തോ? നെയ്‌ച്ചോറ് എളുപ്പത്തിൽ തയാറാക്കാം
മീൻകറി തയ്യാറാക്കാനായി ഒരു മൺചട്ടിയെടുക്കുക. ചട്ടി ചൂടായി വരുമ്പോഴേക്കുംവെളിച്ചെണ്ണ ഒഴിയ്ക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ചെറിയ ഉള്ളി ചുവന്നുവരുമ്പോൾ അതിലേയ്ക്ക് നമ്മൾ നേരത്തെ തയ്യാറാക്കിവച്ചിരിക്കുന്ന മസാല ചേർത്തുകൊടുക്കാം. മീൻകറിക്ക് നല്ല ചുവന്ന നിറം ലഭിക്കാൻ കശ്മീരി മുളകുപൊടി ചേർത്തുകൊടുത്താൽ മതി. ഇതിനു ശേഷം നേരത്തെ കുതിർത്ത് വച്ച കുടംപുളിയും മുളകും ഇട്ട വെള്ളവും ചേർത്ത് തിളപ്പിക്കുക. ഇത് നന്നായി തിളച്ച് വരുമ്പോൾ അതിലേക്ക് മീൻ കഷ്ണങ്ങൾ ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് അടച്ച് വേവിയ്ക്കണം. ഇത് നന്നായി കുറുകി വരുന്നത് വരെ തിളപ്പിക്കുക. ഏകദേശം പത്തുമിനിറ്റിനുശേഷം മീൻ കഷ്ണങ്ങൾ ഉടഞ്ഞുപോകാതെ ഇളക്കിക്കൊടുക്കുക.വീണ്ടും ഒരു പത്തുമിനിറ്റുകൂടി അടച്ചുവെച്ച് വേവിയ്ക്കാം. തുടർന്ന് അടുപ്പിൽ നിന്ന് കറി മാറ്റിയതിനു ശേഷം ഒറു ചെറിയ ചീനചട്ടി ചൂടാക്കി എണ്ണയൊഴിച്ച് കടുകും കറിവേപ്പിലയും ചെറിയ ഉള്ളിയും വഴറ്റി താളിച്ച് കറിയിലേക്ക് ചേർത്ത് കൊടുക്കുക. ഷാപ്പ് സ്റ്റൈൽ മീൻ കറി റെഡി.