Kudumbashree Onam Sadhya: ഇത്തവണത്തെ ഓണസദ്യ കുശാൽ! രണ്ടു പായസമുള്‍പ്പെടെ 18 വിഭവങ്ങൾ അടങ്ങിയ സദ്യ വീട്ടിലെത്തിക്കാൻ കുടുംബശ്രീ
Kudumbashree Onam Sadhya 2025: ആലപ്പുഴ ജില്ലയില്‍ 12 ബ്ലോക്കുകളിലായി 25 യൂണിറ്റുകളാണ് സദ്യയൊരുക്കുക. സദ്യയിൽ രണ്ടു പായസമുള്‍പ്പെടെ 18 വിഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ മറ്റൊരു പ്രത്യേകത വിലയാണ്. ഒരാള്‍ക്ക് 200 രൂപയില്‍ താഴെയാകും നിരക്ക്.
വിഭവസമൃദ്ധമായ സദ്യയില്ലാതെ എന്ത് ഓണം. ഒരു കൂട്ടം കറികളും രണ്ട് പായസവും കൂട്ടി ഒരു പിടി പിടിച്ചാൽ മാത്രമേ ഓണം കെങ്കേമമാകും. ഇതിനുള്ള ഓട്ടപാച്ചിലാകും വരും ദിവസങ്ങളിൽ. ദിവസങ്ങൾക്ക് മുൻപേ ആരംഭിക്കുന്ന തയ്യാറെടുപ്പുകൾ തിരുവോണത്തിന് ഉച്ച വരെ നീണ്ടുനിൽക്കും. അന്നേ ദിവസം മിക്ക വീട്ടിലും വീട്ടമമ്മാർ അടുക്കളയിൽ തന്നെയാകും.
എന്നാൽ ഇത്തവണത്തെ ഓണത്തിന് ഇനി സദ്യയൊരുക്കി തളരേണ്ടാ. പരിപ്പും പപ്പടവും സാമ്പാറും അവിയലും അച്ചാറും തോരനുമെല്ലാം അടങ്ങിയ വിഭവസമൃദ്ധമായ സദ്യ ഇനി കുടുംബശ്രീ വീടുകളിലെത്തിക്കും. ആലപ്പുഴ ജില്ലയില്‍ 12 ബ്ലോക്കുകളിലായി 25 യൂണിറ്റുകളാണ് സദ്യയൊരുക്കുക. സദ്യയിൽ രണ്ടു പായസമുള്‍പ്പെടെ 18 വിഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ മറ്റൊരു പ്രത്യേകത വിലയാണ്. ഒരാള്‍ക്ക് 200 രൂപയില്‍ താഴെയാകും നിരക്ക്.
Also Read:കുടുംബശ്രീയുടെ ഓണസദ്യ ലഭിക്കാന്‍ വിളിക്കേണ്ട നമ്പറുകള്‍; പെട്ടെന്ന് ഓര്‍ഡര്‍ ചെയ്‌തോളൂ
മുന്‍കൂട്ടിയുള്ള ഓര്‍ഡറുകള്‍ക്കനുസരിച്ചാകും സദ്യ ഒരുക്കുന്നത്. ബ്ലോക്ക് അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. ഒരു ബ്ലോക്കില്‍ രണ്ടു സിഡിഎസുകള്‍ക്കാണ് ചുമതല.പട്ടണക്കാട്, എഴുപുന്ന, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം, മണ്ണഞ്ചേരി, മാരാരിക്കുളം സൗത്ത്, നെടുമുടി, ചമ്പക്കുളം, വെളിയനാട്, മുട്ടാര്‍, പുന്നപ്ര സൗത്ത്, പുറക്കാട്, തൃക്കുന്നപ്പുഴ, ചെറുതന, ചെറിയനാട്, മുളക്കുഴ, തെക്കേക്കര, മാവേലിക്കര യുഎല്‍ബി, താമരക്കുളം, പാലമേല്‍, ആറാട്ടുപുഴ, കായംകുളം പടിഞ്ഞാറ്, പത്തിയൂര്‍ എന്നീ സിഡിഎസുകളില്‍നിന്നാണ് വിതരണം.
കൃത്യമായ വില വരും ദിവസങ്ങളിൽ അറിയിക്കുമെന്നാണ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എസ്. രഞ്ജിത്ത് പറയുന്നത്. ഇതിനു പുറമെ പായസം മാത്രമായും വിൽപ്പന നടത്തുന്നുണ്ട്. സേമിയ, അട, പരിപ്പ് എന്നീ പായസങ്ങളാണ് വിൽപ്പന നടത്തുക. കൂടാതെ മിക്‌സ്ചര്‍ പായസവും ഉണ്ടാകും. ഇതിനു ലിറ്ററിന് 150 രൂപയാണ് വില.