വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? ചോറിന് പകരം ധൈര്യമായി കഴിക്കാം കോളിഫ്ലവർ ചിക്കൻ റൈസ്; റെസിപ്പി ഇതാ!
How to Make Healthy Cauliflower Chicken Rice at Home: ചോറ് പൂർണ്ണമായി ഒഴിവാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഉച്ചഭക്ഷണമായോ അത്താഴമായോ പരീക്ഷിക്കാവുന്ന മികച്ചൊരു വിഭവമാണ് കോളിഫ്ലവർ ചിക്കൻ റൈസ്. കലോറി വളരെ കുറഞ്ഞ ഈ വിഭവത്തിൽ മധുരമോ കൊഴുപ്പോ അടങ്ങിയ സോസുകൾക്ക് പകരം ഇഞ്ചി, വെളുത്തുള്ളി എന്നിവയാണ് സ്വാദിനായി പ്രധാനമായും ഉപയോഗിക്കുന്നത്
ശരീരഭാരം കുറയ്ക്കാനും കാർബോഹൈഡ്രേറ്റ് തീരെ കുറഞ്ഞ ഡയറ്റ് പിന്തുടരാനും ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ചോറ് പൂർണ്ണമായി ഒഴിവാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഉച്ചഭക്ഷണമായോ അത്താഴമായോ പരീക്ഷിക്കാവുന്ന മികച്ചൊരു വിഭവമാണ് കോളിഫ്ലവർ ചിക്കൻ റൈസ്. കലോറി വളരെ കുറഞ്ഞ ഈ വിഭവത്തിൽ മധുരമോ കൊഴുപ്പോ അടങ്ങിയ സോസുകൾക്ക് പകരം ഇഞ്ചി, വെളുത്തുള്ളി എന്നിവയാണ് സ്വാദിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ ചിക്കനും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ വിഭവത്തിൻ്റെ റെസിപ്പിയാണ് ഇനി നൽകുന്നത്.
ആവശ്യമായ ചേരുവകൾ
- കോളിഫ്ലവർ – 600 ഗ്രാം (ചെറുതായി അരിഞ്ഞത് അല്ലെങ്കിൽ ഗ്രേറ്റ് ചെയ്തത്)
- വെളിച്ചെണ്ണ – ആവശ്യത്തിന്
- ചെറുതായി അരിഞ്ഞ ഇഞ്ചി – അഞ്ച് ടേബിൾ സ്പൂൺ
- ചെറുതായി അരിഞ്ഞ വെളുത്തുള്ളി – അഞ്ച് ടേബിൾ സ്പൂൺ
- ഗ്രിൽ ചെയ്ത ചിക്കൻ ബ്രെസ്റ്റ്, അല്ലെങ്കിൽ വേവിച്ച ചിക്കൻ – അര കിലോ (ചെറിയ കഷണങ്ങളാക്കിയത്)
- ഉള്ളി തണ്ട് അരിഞ്ഞത് – മൂന്നര ടേബിൾ സ്പൂൺ
- ആപ്പിൾ സെഡർ വിനിഗർ – കാൽ കപ്പ്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ കോളിഫ്ലവർ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു ഗ്രേറ്റർ ഉപയോഗിച്ച് ചോറിൻ്റെ പരുവത്തിൽ തീരെ ചെറുതായി ഗ്രേറ്റ് ചെയ്തെടുക്കുക. മിക്സിയിലോ ഫുഡ് പ്രോസസറിലോ ഇട്ടും ഇത് ചോറിൻ്റെ രൂപത്തിൽ അടിച്ചെടുക്കാവുന്നതാണ്. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും തീരെ ചെറുതായി അരിഞ്ഞെടുക്കണം.
അടുത്തതായി ഒരു വലിയ ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ഡയറ്റിലുള്ളവർക്ക് വെളിച്ചെണ്ണ ഏറെ ഗുണകരമാണ്. എണ്ണ ചൂടായി വരുമ്പോൾ അരിഞ്ഞുവെച്ചിരിക്കുന്ന ഇഞ്ചി ചേർത്ത് വഴറ്റുക. ഇഞ്ചി മൂത്ത് വരുമ്പോൾ ഇതിലേക്ക് വെളുത്തുള്ളി കൂടെ ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നത് വരെ നന്നായി ഇളക്കുക.
ഇനി ഇതിലേക്ക് ചെറിയ കഷണങ്ങളായി മുറിച്ചുവെച്ചിരിക്കുന്ന ഗ്രിൽഡ് ചിക്കൻ ചേർത്ത് എണ്ണയുമായി നന്നായി യോജിപ്പിക്കുക. ഇതിനുശേഷം നേരത്തെ തയ്യാറാക്കിവെച്ചിരിക്കുന്ന കോളിഫ്ലവർ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഏഴ് മുതൽ എട്ട് മിനിറ്റ് വരെ ഇത് ഉയർന്ന തീയിൽ വേവിക്കണം. കോളിഫ്ലവർ മൃദുവാകുന്നത് വരെ അടിയിൽ പിടിക്കാതെ ഇടവിട്ട് ഇളക്കിക്കൊണ്ടിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
കോളിഫ്ലവർ നന്നായി വെന്ത് പാകമാകുമ്പോൾ തീ ഓഫാക്കി ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. പിന്നീട് ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി തണ്ട് ആപ്പിൾ സെഡർ വിനിഗർ, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ചൂടോടെ തന്നെ ഇത് കഴിക്കാവുന്നതാണ്.
English Summary
This low-carb, low-calorie Cauliflower Chicken Rice is a perfect weight-loss meal. Made with minced ginger, garlic, and grilled chicken, it is a healthy, flavorful alternative to traditional rice dishes.