Goli Soda trend: തൊണ്ണൂറുകളിലെ ഫാഷൻ, പിന്നെ അപ്രത്യക്ഷമായി… ഇപ്പോൾ വീണ്ടും ട്രെൻഡിങ്ങിൽ, ആരെടാ ഈ വട്ടുസോഡ
The Story of Goli Soda: 1990-കൾ വരെ ഉത്സവപ്പറമ്പുകളിലും ഫുട്ബോൾ മൈതാനങ്ങളിലും 'സോഡാക്കാരൻ' ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു. പലപ്പോഴും കുട്ടികൾ ആ കുപ്പി തല്ലിപ്പൊട്ടിച്ച് ഉള്ളിലെ ഗോളി (വട്ട്) എടുക്കാൻ ശ്രമിക്കാറുള്ളതും പഴയകാലത്തെ രസകരമായ കാഴ്ചയായിരുന്നു.

Golisoda
മലയാളിക്ക് ഗോളീസോഡ വെറുമൊരു ശീതളപാനീയമല്ല, മറിച്ച് കുട്ടിക്കാലത്തെ മധുരമുള്ള ഓർമ്മയാണ്. ചൂണ്ടുവിരൽ കൊണ്ട് കുപ്പിയുടെ വായ്‌വട്ടത്തിലുള്ള ഗ്ലാസ് ഗോളിയെ താഴേക്ക് അമർത്തുമ്പോൾ കേൾക്കുന്ന ആ ശബ്ദമാണ് ഈ പാനീയത്തിന്റെ ഹൈലൈറ്റ്. കേരളത്തിന്റെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ മലബാറിലും തമിഴ്നാടിനോട് ചേർന്ന പ്രദേശങ്ങളിലും ഇതിനെ ‘വട്ടുസോഡ’ എന്നും വിളിക്കുന്നു.
ഹിറാം കോഡ്ലിയും വിപ്ലവകരമായ കുപ്പിയും
ഗോളീസോഡയുടെ ചരിത്രം തുടങ്ങുന്നത് 1872-ൽ ലണ്ടനിലാണ്. ഹിറാം കോഡ്ലി എന്ന ശാസ്ത്രജ്ഞനാണ് ഈ പ്രത്യേക തരം കുപ്പി രൂപകൽപ്പന ചെയ്തത്. അതിനാൽ ഇതിനെ ‘കോഡ്-നെക്ക് ബോട്ടിൽ’ എന്ന് വിളിക്കുന്നു. പാനീയത്തിലെ കാർബൺ ഡയോക്സൈഡ് പുറത്തുപോകാതെ തടയാൻ കുപ്പിക്കുള്ളിലെ ഗ്യാസ് പ്രഷർ ഉപയോഗിച്ച് ഗ്ലാസ് ഗോളിയെ കുപ്പിയുടെ വായ്‌ഭാഗത്ത് ഉറപ്പിച്ചു നിർത്തുന്ന വിദ്യയാണ് അദ്ദേഹം പരീക്ഷിച്ചത്.
ഈ സോഡാ കുപ്പിക്കുള്ളിൽ അടപ്പായി ഉപയോഗിക്കുന്നത് വട്ടത്തിലുള്ള ഒരു ഗ്ലാസ് ഗോളിയാണ്. പ്രാദേശിക ഭാഷയിൽ പലയിടത്തും ഗോളിയെ ‘വട്ട്’ എന്ന് വിളിക്കാറുണ്ട്. കുപ്പിക്കുള്ളിൽ വട്ട് ഉള്ളതുകൊണ്ട് ഇതിന് ‘വട്ടുസോഡ’ എന്ന പേര് ലഭിച്ചു. തമിഴ്നാട്ടിലും ഇതിനെ ‘ഗോളി സോഡ’ എന്ന് തന്നെയാണ് വിളിക്കുന്നത്.
കുപ്പിക്കുള്ളിലെ കാർബൺ ഡയോക്സൈഡ് പുറത്തേക്ക് തള്ളാൻ ശ്രമിക്കുമ്പോൾ അതിനിടയിൽ കിടക്കുന്ന ഗോളി കുപ്പിയുടെ കഴുത്തിലെ റബ്ബർ വാഷറിൽ പോയി മുട്ടുന്നു. ഇതോടെ കുപ്പി സീൽ ചെയ്യപ്പെടും. ബ്രിട്ടീഷ് ഭരണകാലത്താണ് ഗോളീസോഡ ഇന്ത്യയിലെത്തുന്നത്. മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ മേഖലയിലൂടെയാണ് ഇത് കേരളത്തിലെത്തുന്നത്.
ALSO READ: പ്ലേറ്റ്‌ലെറ്റ് കൗണ്ട് വർദ്ധിപ്പിക്കാം വീട്ടിൽ തന്നെ; കഴിക്കേണ്ടത് ഈ ഭക്ഷണങ്ങൾ
1990-കൾ വരെ ഉത്സവപ്പറമ്പുകളിലും ഫുട്ബോൾ മൈതാനങ്ങളിലും ‘സോഡാക്കാരൻ’ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു. പലപ്പോഴും കുട്ടികൾ ആ കുപ്പി തല്ലിപ്പൊട്ടിച്ച് ഉള്ളിലെ ഗോളി (വട്ട്) എടുക്കാൻ ശ്രമിക്കാറുള്ളതും പഴയകാലത്തെ രസകരമായ കാഴ്ചയായിരുന്നു.
തിരിച്ചുവരവിന്റെ കാലം
പ്ലാസ്റ്റിക് കുപ്പികളുടെയും വൻകിട ബ്രാൻഡുകളുടെയും വരവോടെ ഗോളീസോഡ ഇടക്കാലത്ത് അപ്രത്യക്ഷമായി. എന്നാൽ അടുത്ത കാലത്തായി കേരളത്തിലെ നഗരങ്ങളിൽ ‘നൊസ്റ്റാൾജിക്’ പാനീയം എന്ന നിലയിൽ ഗോളീസോഡ വീണ്ടും ട്രെൻഡായി മാറിയിരിക്കുകയാണ്. പഴയ പ്ലെയിൻ സോഡയ്ക്ക് പകരം നാരങ്ങ, ഇഞ്ചി, പൈനാപ്പിൾ, തുടങ്ങിയ വിവിധ ഫ്ലേവറുകളിൽ ഇത് ലഭ്യമാണ്.
പഴയ കുപ്പികളെക്കാൾ മിനുസമുള്ളതും ഭംഗിയുള്ളതുമായ കുപ്പികളിലാണ് പുതിയ തലമുറ ഗോളീസോഡ എത്തുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കി ഗ്ലാസ് ഉപയോഗിക്കുന്നു എന്നത് വലിയൊരു മാറ്റമാണ്.