What is Mock Chicken: വിരാട് കോഹ്‌ലിക്ക് പോലും പ്രിയപ്പെട്ട മോക് ചിക്കൻ എന്താണ്? രഹസ്യമറിയാം
What is Mock Chicken: സോയ പ്രോട്ടീൻ, ഗോതമ്പ് പ്രോട്ടീൻ, ചക്ക, സെയ്റ്റാൻ, ടോഫു തുടങ്ങിയവ ചേർത്താണ് മോക് ചിക്കൻ നിർമിക്കുന്നത്. മസാലകളും കൃത്രിമ രുചികളും ചേർത്താണ് മോക് ചിക്കൻ തയ്യാറാക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്‌ലി. നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങൾ എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ടെസ്‌റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് ആരാധകരിൽ ഏറെ നിരാശയുണ്ടാക്കി. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ട് മുൻപായിരുന്നു കോഹ്‌ലി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച ഒരു ചിത്രമാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. വിരാട് കോഹ്‌ലി ചിക്കൻ കഴിക്കുന്നതായിരുന്നു ചിത്രം. വിരാട് കോഹ്‌ലിയും നടിയും ഭാര്യയുമായ അനുഷ്ക ശർമയും നോൺ വെജ് കഴിക്കാറില്ല. വീഗനായ ആളുകൾ മാംസം മാത്രമല്ല, മൃഗങ്ങളിൽ നിന്നുള്ള ഒരു ഉത്പന്നവും ഉപയോഗിക്കാറില്ല. അതുകൊണ്ട് തന്നെ പാലും തൈരും തുടങ്ങിയവയൊന്നും ഇരുവരും ഉപയോഗിക്കാറില്ല. എന്നാൽ ഇതിനിടെയിൽ താരം പങ്കുവച്ച ചിക്കൻ വിഭവമാണ് ആകാധകർക്കിടയിൽ ചർച്ചയാകുന്നത്.
ഇതോടെ എന്ത് ചിക്കനാണ് കോഹ്‌ലി കഴിച്ചത് എന്നാണ് ആരാധകർ ചോദിക്കുന്നത്. അതാണ് മോക് ചിക്കൻ. യഥാർത്ഥ ചിക്കന്റെ രുചി ലഭിക്കുന്ന ഒരു കൃത്രിമ ഉത്പന്നമാണ് മോക് ചിക്കൻ. സോയ പ്രോട്ടീൻ, ഗോതമ്പ് പ്രോട്ടീൻ, ചക്ക, സെയ്റ്റാൻ, ടോഫു തുടങ്ങിയവ ചേർത്താണ് മോക് ചിക്കൻ നിർമിക്കുന്നത്. മസാലകളും കൃത്രിമ രുചികളും ചേർത്താണ് മോക് ചിക്കൻ തയ്യാറാക്കുന്നത്.
മാംസാഹാരം ഒഴിവാക്കുമ്പോൾ അതിൽ നിന്നുള്ള പ്രോട്ടീനും പോഷകവും നമ്മുടെ ശരീരത്തിന് ലഭിക്കാതെ വരും. അത്തരമൊരു സാഹചര്യത്തിൽ മോക് ചിക്കൻ നല്ല ഓപ്ഷനാണ്. ഇത് കഴിക്കുന്നതിലൂടെ കൊളസ്ട്രോൾ ഉണ്ടാകില്ല. കൊഴുപ്പ് കുറവാണ്. എന്നാൽ ഇതിനു ചില ദോഷവശങ്ങളും ഉണ്ട്. മോക് ചിക്കൻ ഒരു പ്രൊസസ്ഡ് ഫുഡ് ആണ്. അതുകൊണ്ട് തന്നെ അതിൽ പ്രിസർവേറ്റീവ്‌സും കൃത്രിമ രുചികളും ഉയർന്ന അളവിൽ സോഡിയവും അടങ്ങിയിട്ടുണ്ട്. സോയബീൻ അലർജിയുള്ള ആളുകൾക്കും മോക് ചിക്കൻ പ്രശ്‌നങ്ങളുണ്ടാക്കും. പാക് ചെയ്ത് മോക് ചിക്കനിൽ വൻതോതിൽ സോഡിയം അടങ്ങിയിട്ടുണ്ട്.