Getting Taller Tips: പൊക്കം വെക്കുന്നില്ലേ? ഈ ടിപ്പുകള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ
How to Become Taller: ചില വഴികളിലൂടെ ആര്‍ക്കും പൊക്കം വെക്കാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എങ്ങനെയാണ് അത്തരത്തില്‍ പൊക്കം വര്‍ധിപ്പിക്കുന്നതെന്നും എന്തെല്ലാമാണ് വഴികളെന്നും പരിശോധിക്കാം.
ഉയരമില്ലാത്തതിന്റെ പേരില്‍ പലയിടങ്ങളില്‍ നിന്നും കളിയാക്കലുകള്‍ നേരിടേണ്ടതായി വന്നിട്ടുണ്ടോ? അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നതും കളിയാക്കലുകള്‍ ഏറ്റുവാങ്ങേണ്ടി വരുന്നതും തുടങ്ങി നിരവധി കാര്യങ്ങളാണ് ഉയരമില്ലാത്തതിന്റെ പേരില്‍ ഒരാള്‍ ചിലപ്പോള്‍ അനുഭവിക്കേണ്ടതായി വരാറുള്ളത്. ഒരു മനുഷ്യന്റെ ഉയരം നിര്‍ണയിക്കുന്നതില്‍ ഒട്ടനവധി ഘടകങ്ങളുടെ പങ്കുണ്ട്. പാരമ്പര്യം തന്നെയാണ് ഇതില്‍ പ്രധാനം.
എന്നാല്‍ ചില വഴികളിലൂടെ ആര്‍ക്കും പൊക്കം വെക്കാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എങ്ങനെയാണ് അത്തരത്തില്‍ പൊക്കം വര്‍ധിപ്പിക്കുന്നതെന്നും എന്തെല്ലാമാണ് വഴികളെന്നും പരിശോധിക്കാം.
ഡയറ്റില്‍ ശ്രദ്ധിക്കാം
ഭക്ഷണം കഴിക്കുക എന്നതിലുപരി നമ്മുടെ ശരീരത്തിനാവശ്യമായവ കഴിക്കുക എന്നതിലാണ് കാര്യം. നല്ലൊരു ഡയറ്റാണ് നിങ്ങള്‍ പിന്തുടരുന്നതെങ്കില്‍, തീര്‍ച്ചയായിട്ടും നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെട്ടിരിക്കണം. അവ നിങ്ങളുടെ ശരീരത്തിനാവശ്യമായ മിനറല്‍സ്, വിറ്റാമിനുകള്‍, പ്രോട്ടീന്‍, കാത്സ്യം തുടങ്ങിയവ നല്‍കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തുകയും വേണം. ഇവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ എല്ലുകളെ ബലപ്പെടുത്താന്‍ സഹായിക്കും. ഉയര്‍ന്ന അളവില്‍ ഷുഗര്‍, കൊഴുപ്പ് അടങ്ങിയതോ ആയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. എല്ലുകളുടെ ബലം വര്‍ധിപ്പിക്കുന്നതിന് വിറ്റാമിന്‍ ഡിക്കും വലിയ പങ്കുണ്ട്. അതുകൊണ്ട്, ചൂര, സാല്‍മണ്‍, മുട്ടയുടെ മഞ്ഞ, ഫോര്‍ട്ടിഫൈഡ് പാല്‍ എന്നിവ കഴിക്കുന്നത് നല്ലതാണ്.
ഉറക്കം കൃത്യമാക്കാം
ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരത്തിന് നല്ലതുപോലെ ജോലി ചെയ്യാന്‍ സാധിക്കില്ല. ഉറക്കം നഷ്ടമാകുന്നത്, നിങ്ങളുടെ ഉയരത്തെയും ബാധിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ വളര്‍ച്ചയ്ക്കാവശ്യമായ ഹോര്‍മോണുകള്‍ അയാളുടെ ശരീരം പുറപ്പെടുവിക്കുന്നത് അവര്‍ ഉറങ്ങുന്ന സമയത്താണ്. അതുകൊണ്ട് തന്നെ ശരിയായ ഉറക്കം ലഭിക്കാതിരിക്കുന്നത് ഓരോ വ്യക്തിയുടെയും വളര്‍ച്ചയെ ബാധിക്കുന്നു. ഓരോരുത്തരുടെയും പ്രായത്തിന് അനുസരിച്ച് ഉറക്കത്തിന്റെ ദൈര്‍ഘ്യത്തിലും വ്യത്യാസം വരുന്നു. പ്രായപൂര്‍ത്തിയായ ഒരാള്‍ 7 മുതല്‍ 9 മണിക്കൂര്‍ വരെയാണ് ഒരു ദിവസം ഉറങ്ങേണ്ടത്. കൃത്യമായ ഉറക്കം ലഭിക്കുന്നത് നിങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നു.
Also Read: Hari Growth Tips: മുടി വളരാൻ മുരിങ്ങയില മാത്രം മതി…; ഇങ്ങനെ കഴിച്ചു നോക്കൂ
അലസത ഒഴിവാക്കാം
മടി കാണിച്ചിരിക്കുന്നതും നമ്മുടെ പൊക്കത്തെ ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. എപ്പോഴും ഉന്മേഷത്തോടെ ഇരിക്കുന്നത് ഉയരം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. സ്ഥിരമായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ എല്ലുകളുടെ ബലം വര്‍ധിപ്പിക്കാനും വളര്‍ച്ചാ ഹോര്‍മോണിന്റെ ഉത്പാദനത്തിനും സഹായിക്കും. കുട്ടികള്‍ ഒരു ദിവസം 1 മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യണമെന്നാണ്. പ്രായപൂര്‍ത്തിയായ ആളുകള്‍ സ്ഥിരമായി വ്യായാമം ചെയ്യുന്നത് അസ്ഥികള്‍ പെട്ടെന്ന് ഒടിയുകയും പൊടിഞ്ഞ് പോവുകയും ചെയ്യുന്ന അവസ്ഥയായ ഓസ്റ്റിയോപൊറേസിസില്‍ നിന്നും സംരക്ഷണം നല്‍കുന്നു. ഓസ്റ്റിയോപൊറോസിസ് എന്ന അവസ്ഥ നിങ്ങളുടെ ശരീരത്തിന്റെ ഉയരം വര്‍ധിക്കുന്നതിനെ ബാധിക്കുന്നുണ്ട്. എപ്പോഴും ഉന്മേഷത്തോടെ ഇരിക്കാനും വ്യായാമം ചെയ്യാനും ശ്രദ്ധിക്കുന്നത് ശരീരത്തിന്റെ ഉയരം വര്‍ധിക്കുന്നതിന് സഹായിക്കും.
ഒടിവും വളവും വേണ്ട
പലപ്പോഴും നമ്മളെല്ലാം ഇരിക്കുന്നതും നില്‍ക്കുന്നതുമെല്ലാം പ്രത്യേക രീതികളിലായിരിക്കും. കസേരയില്‍ ഇരിക്കുന്ന സമയത്ത് കൂനികൂടി ഇരിക്കാനാണ് പലരും താത്പര്യപ്പെടുന്നത്. എന്നാല്‍ ഇങ്ങനെ ഇരിക്കുന്നതും നില്‍ക്കുന്നതും ശരീരത്തിന് അത്ര നല്ലതല്ല. ശരിയായ രീതിയില്‍ ഇരിക്കാതെയും നില്‍ക്കാതെയും ചെയ്യുന്നത് നട്ടെല്ലിനെ സാരമായി ബാധിക്കും. ചില വ്യായാമങ്ങളോ അല്ലെങ്കില്‍ എര്‍ഗണോമിക് ഫര്‍ണിച്ചറുകള്‍ ഉപയോഗിച്ചുകൊണ്ടോ നിങ്ങള്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.
ദുശീലങ്ങള്‍ വേണ്ട
മദ്യപാനം, പുകവലി പോലുള്ള ദുശീലങ്ങളും നിങ്ങളുടെ ഉയരത്തെ ബാധിക്കുന്നുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ മദ്യപിക്കുന്നതും പുകവലിക്കുന്നതുമെല്ലാം നിങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്നുണ്ട്. വ്യായാമവും ഭക്ഷണവും മാത്രം ശ്രദ്ധിച്ചുകൊണ്ട് നിങ്ങള്‍ക്ക് ഉയരം വര്‍ധിപ്പിക്കാന്‍ സാധിക്കില്ല. ഇവ ശ്രദ്ധിക്കുന്നതോടൊപ്പം നിങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്ന ദുശീലങ്ങളോടും വിടപറയാം.
മേല്‍പ്പറഞ്ഞിരിക്കുന്ന മാര്‍ഗങ്ങള്‍ വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുള്ളവയല്ല. അതിനാല്‍ ഭക്ഷണത്തിലോ അല്ലെങ്കില്‍ മറ്റെന്തില്ലെങ്കിലുമോ മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കേണ്ടതാണ്. അല്ലാതെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.