Kalabhavan Mani Hits: 14 വർഷങ്ങൾക്കിപ്പുറവും കൈകൊട്ടിക്കളിപ്പാട്ടായി കലാഭവൻമണി ഹിറ്റ്സ്, ആ വരികളുടെ ശിൽപി ഇവിടെയുണ്ട്
Sudheep Chazhiyath, lyricist behind the viral Kalabhavan Mani songs: കലാഭവൻ മണിക്കു വേണ്ടി പത്തൊൻപതോളം പാട്ടുകൾ സുധീപ് രചിച്ചിട്ടുണ്ട്. കസെറ്റുകളുടെ കാലത്ത് എഴുതിയ ഈ പാട്ടുകളുടെ പകർപ്പവകാശം പലർക്കായി കൈമാറിപ്പോയെങ്കിലും, ജനങ്ങൾക്കിടയിൽ ഈ പാട്ടുകൾ ഇന്നും നിലനിൽക്കുന്നതാണ് തന്റെ വലിയ അംഗീകാരമെന്ന് സുധീപ് പറയുന്നു.
കൊച്ചി: തിരുവാതിരപോലെ വട്ടത്തിൽ നിന്ന് അടിപൊളി നാടൻ പാട്ടുകൾക്ക് ഊർജ്ജസ്വലമായി ചുവടുവയ്ക്കുന്ന കൈകൊട്ടിക്കളി ഇപ്പോൾ ഉത്സവപ്പറമ്പുകളിൽ മാത്രമല്ല എല്ലാ ആഘോഷങ്ങളിലും താരമാണ്. റീൽസിലൂടെയും ഇത് വൈറലാകുന്നുണ്ട്. ചില പാട്ടുകൾ കളിയിൽ നിന്ന് ഒഴിവാക്കുന്നതിനേപ്പറ്റി ചിന്തിക്കാൻകൂടി കഴിയാതായിരിക്കുന്നു. ഈ ചുവടുകൾക്ക് താളമാകുന്നത് മലയാളത്തിന്റെ പ്രിയ താരം കലാഭവൻ മണി പാടി അനശ്വരമാക്കിയ നാടൻ പാട്ടുകളാണ്. ‘കോഴിയറുത്ത് കുരുതി കൊടുത്ത്’, ‘ആടുമാൻ തോടുമാൻ’, ‘വള കിലുക്കണ കുഞ്ഞോളെ’ തുടങ്ങിയ ഗാനങ്ങൾ പുതിയ തലമുറ ഏറ്റെടുത്തതോടെ, ആ വരികൾക്ക് പിന്നിലെ യഥാർത്ഥ കലാകാരനും ഇപ്പോൾ ശ്രദ്ധാകേന്ദ്രമാവുകയാണ്.
കലാഭവൻ മണിയുടെ പാട്ടെഴുത്തുകാരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്ന ചങ്ങരംകുളം സ്വദേശി സുധീപ് ചാഴിയത്ത് ആണ് ഈ ഹിറ്റ് ഗാനങ്ങളുടെ സ്രഷ്ടാവ്. പത്തൊൻപതാമത്തെ വയസ്സിൽ സുധീപ് എഴുതിയ ‘കോഴിയറുത്ത് കുരുതി കൊടുത്ത്’ എന്ന ഗാനം വർഷങ്ങൾക്കിപ്പുറം കൈകൊട്ടിക്കളിയിലൂടെ വീണ്ടും തരംഗമാകുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുദീപ് ഓർമ്മകൾ പങ്കുവെയ്ക്കുന്നത്.
ഒരു അമ്പലത്തിലെ ചടങ്ങുകൾക്കിടയിലാണ് ഈ ഗാനം പിറന്നതെന്ന് സുധീപ് ഓർക്കുന്നു. മലപ്പുറം ജില്ലയിലെ വട്ടേക്കാട് അമ്പലത്തിൽ ഭഗവതിപ്പാട്ട് എന്ന ചടങ്ങിന് പോയപ്പോഴാണ് കൊടുങ്ങല്ലൂരമ്മയെക്കുറിച്ചുള്ള പാട്ട് എഴുതാൻ അവസരം ലഭിക്കുന്നത്. ആ അമ്പലത്തിലെ ‘കൊങ്ങിനിടി’ എന്ന പ്രത്യേക ചടങ്ങിൽ നിന്നാണ് “കൊങ്ങിനിടിയിൽ ഇളനീർ വച്ച് ദാരികവീരാ പോരിനുവാടാ” എന്ന വരികൾ ഉണ്ടായത്. ദാരികന്റെ തലയറുക്കുന്നതിന് പകരമായി ഉരലിൽ ഇളനീർ വച്ച് ഇടിക്കുന്ന ചടങ്ങാണിത്.
Also Read:പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍
കലാഭവൻ മണിക്കു വേണ്ടി പത്തൊൻപതോളം പാട്ടുകൾ സുധീപ് രചിച്ചിട്ടുണ്ട്. കസെറ്റുകളുടെ കാലത്ത് എഴുതിയ ഈ പാട്ടുകളുടെ പകർപ്പവകാശം പലർക്കായി കൈമാറിപ്പോയെങ്കിലും, ജനങ്ങൾക്കിടയിൽ ഈ പാട്ടുകൾ ഇന്നും നിലനിൽക്കുന്നതാണ് തന്റെ വലിയ അംഗീകാരമെന്ന് സുധീപ് പറയുന്നു. കലാഭവൻ കബീർ വഴിയാണ് മണിച്ചേട്ടനുമായി പരിചയപ്പെടുന്നത്. ഒരിക്കൽ മണി നേരിട്ട് വിളിച്ച് അഭിനന്ദിച്ചത് ഇന്നും മായാത്ത ഓർമ്മയാണെന്ന് ഈ കലാകാരൻ പങ്കുവെക്കുന്നു.