PCOS In Teens: കൗമാരക്കാരിൽ പിസിഒഎസ് വർദ്ധിക്കുന്നു: കാരണങ്ങൾ വെളിപ്പെടുത്തി ഗൈനക്കോളജിസ്റ്റ്
Causes Behind PCOS In Teens: ആർത്തവ ക്രമക്കേട്, മുഖക്കുരു, ശരീരഭാരം കൂടുക, മാനസികാവസ്ഥയിൽ മാറ്റങ്ങൾ തുടങ്ങി വിവിധ പ്രശ്നങ്ങളാണ് ഇതുമൂലം നേരിടേണ്ടി വരുന്നത്. ചിലരിൽ അമിതമായ രോമവളർച്ച, എണ്ണമയമുള്ള ചർമം, മുടിക്ക് കട്ടി കുറയുക അല്ലെങ്കിൽ പുരുഷന്മാരെ പോലെ കഷണ്ടി വരുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു.
സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോർമോൺ പ്രശ്നമാണ് പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്ന് പറയുന്നത്. ഇന്നിത് മിക്കവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ആർത്തവ ക്രമക്കേട്, മുഖക്കുരു, ശരീരഭാരം കൂടുക, മാനസികാവസ്ഥയിൽ മാറ്റങ്ങൾ തുടങ്ങി വിവിധ പ്രശ്നങ്ങളാണ് ഇതുമൂലം നേരിടേണ്ടി വരുന്നത്. ചിലരിൽ അമിതമായ രോമവളർച്ച, എണ്ണമയമുള്ള ചർമം, മുടിക്ക് കട്ടി കുറയുക അല്ലെങ്കിൽ പുരുഷന്മാരെ പോലെ കഷണ്ടി വരുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു.
പണ്ട് മുതിർന്ന സ്ത്രീകളിൽ മാത്രം കണ്ടുവന്നിരുന്ന ഈ ഹോർമോൺ പ്രശ്നം ഇന്ന് കൗമാരക്കാരിലും വർദ്ധിച്ചുവരികയാണ്. കൗമാരക്കാരിൽ പിസിഒഎസിൻ്റെ ലക്ഷണങ്ങൾ കുത്തനെ വർദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇവയെ തടഞ്ഞുനിർത്തേണ്ടത് അത്യാവശ്യമാണ്. ആദ്യം ഇതിന് പിന്നിലെ കാരണമാണ് നമ്മൾ മനസ്സിലാക്കേണ്ടത്. ബാംഗ്ലൂരിലെ എച്ച്ആർബിആർ ലേഔട്ടിലെ മദർഹുഡ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റും വന്ധ്യതാ വിദഗ്ധയുമായ ഡോ. കവിത ജി പൂജാർ ഇതേക്കുറിച്ച് പറയുന്ന കാര്യങ്ങൾ പരിശോധിക്കാം.
ശാരീരിക പ്രവർത്തനങ്ങളുടെ കുറവ്
കൗമാരക്കാരിൽ ശാരീരിക പ്രവർത്തനം വളരെ കുറവാണ്. കാരണം ദീർഘനേരം ഫോണുകളിലും ടിവിയിലും ലാപ്ടോപ്പിലും നോക്കി ഇരിക്കുന്ന പ്രവണതയാണ് ഇന്ന് മിക്ക വീടുകളിലും കണ്ടുവരുന്നത്. ഇത് ഇൻസുലിൻ പ്രതിരോധത്തിനും ഹോർമോൺ പ്രശ്നങ്ങൾക്കും കാണമാകുന്നു. ദിവസവും കുറഞ്ഞത് 30 മിനിറ്റ് നേരമെങ്കിലും വേഗത്തിലുള്ള നടത്തം, നൃത്തം, കാഠിന്യം കുറഞ്ഞ വ്യായാമങ്ങൾ തുടങ്ങിയവയാണ് ഇതിനുള്ള പരഹാരമായി ഡോ. കവിത നിർദ്ദേശിക്കുന്നത്.
ഭക്ഷണക്രമങ്ങൾ
കടകളിൽ നിന്ന് വാങ്ങുന്ന പാക്കറ്റ് ജ്യൂസ്, ചിപ്സ് തുടങ്ങിയ ഭക്ഷണങ്ങൾ പിസിഒഎസ് പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നവയാണ്. പഞ്ചസാരയോ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളോ കൂടുതലുള്ള ഏത് ഭക്ഷണക്രമവും ഇൻസുലിൻ അളവിൽ വർദ്ധനവിന് കാരണമാകും. ഇവയെല്ലാം ഭാവിയിൽ പിസിഒഎസ് പോലുള്ള ഗുരുതരമായ അവസ്ഥയ്ക്ക് കാരണമാകുന്നു.
എൻഡോക്രൈൻ
എൻഡോക്രൈൻ സിസ്റ്റത്തിന്റെ തകരാറുകൾക്ക് കാരണമാകുന്ന രാസവസ്തുക്കളുമായുള്ള സമ്പർക്കം ഇന്ന് വളരെ കൂടുതലാണ്. സൗന്ദര്യവർദ്ധക വസ്തുക്കൾ, ചില ഭക്ഷണങ്ങൾ, പ്ലാസ്റ്റിക് പാത്രങ്ങളിൽ പാക്ക് ചെയ്ത് വരുന്ന ഭക്ഷണങ്ങളുടെ ഉപയോഗം എന്നിവയാണ് എൻഡോക്രൈൻ തകരാറുകൾക്ക് കാരണമാകുന്നവ. ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ മാറ്റുക, ചർമ്മസംരക്ഷണം കൂടുതൽ പ്രകൃതിദത്തമാക്കുക തുടങ്ങിയവ ഈ പ്രശ്നങ്ങൾ പരിഹരിക്കും.
ജനിതക സ്വഭാവം
ജീവിതശൈലിയെ പൂർണ്ണമായും തള്ളിക്കളയാൻ കഴിയില്ലെങ്കിലും, ജനിതകശാസ്ത്രവും ഇവിടെ പരിഗണിക്കേണ്ട ഒന്നാണ്. പിസിഒഎസ് ബാധിച്ച അമ്മമാരും സഹോദരിമാരുമുള്ള കൗമാരക്കാരായ പെൺകുട്ടികൾക്കും ഈ സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പിസിഒഎസിന്റെ സാധ്യതയും തീവ്രതയും കുറയ്ക്കുന്നതിന് പതിവായി പരിശോധനകൾ നടത്തുകയും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുകയും ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യും.