High cholesterol: കൊളസ്ട്രോൾ കൂടുതലാണോ? ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ
High Cholesterol: ഹൈപ്പർ കൊളസ്ട്രോളീമിയ ഉള്ളവർക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത 20 മടങ്ങ് വരെ കൂടുതലാണ്.

പ്രതീകാത്മക ചിത്രം
ഉയർന്ന കൊളസ്ട്രോൾ വലിയൊരു വെല്ലുവിളി തന്നെയാണ്. നിങ്ങളുടെ കുടുംബത്തിൽ ഹൈപ്പർ കൊളസ്ട്രോളീമിയ പോലുള്ള അവസ്ഥ ഉള്ളവരുണ്ടെങ്കിൽ അവർക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്. അവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
ഹൈപ്പർ കൊളസ്ട്രോളീമിയ
മോശം ഭക്ഷണക്രമമോ വ്യായാമ കുറവോ മൂലമുണ്ടാകുന്ന ഉയർന്ന കൊളസ്ട്രോൾ പ്രശ്നങ്ങളിൽ നിന്ന് വ്യത്യസ്തമായി പാരമ്പര്യമായി ലഭിക്കുന്നതാണിവ. ജീവിത ശൈലി കൊണ്ട് മാത്രം ഇത് നിയന്ത്രിക്കാൻ കഴിയില്ല. തക്ക സമയത്ത് ചികിത്സ ഉറപ്പാക്കിയില്ലെങ്കിൽ ഹൃദ്രോഗ സാധ്യത കൂടുതലാണ്. ഹൈപ്പർ കൊളസ്ട്രോളീമിയ ഉള്ളവർക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത 20 മടങ്ങ് വരെ കൂടുതലാണ്.
കൊളസ്ട്രോൾ പരിശോധന
കുടുംബത്തിൽ ആർക്കെങ്കിലും ഹൈപ്പർ കൊളസ്ട്രോളീമിയ ഉണ്ടെങ്കിൽ ചെറുപ്പം മുതലേ പരിശോധന തുടങ്ങുക. വിദഗ്ധരുടെ അഭിപ്രായത്തിൽ 9 നും 11 നും ഇടയിൽ ഉള്ള എല്ലാവരും കൊളസ്ട്രോൾ പരിശോധിക്കണം. 20 വയസ് മുതൽ ഓരോ നാല് അല്ലെങ്കിൽ ആറ് വർഷം കൂടുമ്പോൾ തുടർ പരിശോധനകൾ നടത്തണം.
ലക്ഷണങ്ങൾ
കൊളസ്ട്രോളിന്റെ അളവ് ഉയരുമ്പോൾ കണ്ണുകളുടെ ഐറിസിൽ നിറ വ്യത്യാസം സംഭവിക്കും. കണ്ണുകൾക്ക് ചുറ്റും മഞ്ഞ പാടുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലായാൽ ഈ പാടുകൾ മൂക്കിലെത്താം.
അതുപോലെ കൊളസ്‌ട്രോൾ കൂടിയാൽ കാൽ മുട്ടിലും കെെ മുട്ടിലും വീക്കം സംഭവിക്കാം. ഈ അവസ്ഥയെ ടെൻഡോൺ സാന്തോമാറ്റ എന്നാണ് വിളിക്കുന്നത്. ചർമ്മം നീല നിറത്തിലാകുന്നതാണ് മറ്റൊരു ലക്ഷണം. കൊളസ്ട്രോൾ എംബോളൈസേഷൻ സിൻഡ്രോം എന്ന് ഈ അവസ്ഥയെ സൂചിപ്പിക്കുന്നു.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്, ആരോഗ്യ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)