Boss Dealing: മാനേജരെ കൊണ്ട് പൊറുതിമുട്ടിയോ? ഒട്ടും നിരാശ വേണ്ട ഈ വഴികള്‍ പ്രയോഗിക്കാം
How to Deal Difficult Boss: ചില ബോസുമാര്‍ നിങ്ങളെ നന്നായി പ്രോത്സാഹിപ്പിക്കുകയും ഓരോ ദിവസവും ജോലി ചെയ്യാനുള്ള ഊര്‍ജം പകരുകയും ചെയ്യും. എന്നാല്‍ മറ്റ് ചിലരാകട്ടെ കുറ്റങ്ങളും കുറവുകളും മാത്രം കണ്ടെത്തി നിങ്ങളെ ഇടിച്ചുതാഴ്ത്താന്‍ നോക്കും. നിങ്ങള്‍ ചെയ്യുന്ന ഓരോ ജോലിയിലും ഇടപെട്ട് മൈക്രോ മാനേജ്‌മെന്റിന്റെ ഏറ്റവും മോശം അവസ്ഥയെ നിങ്ങള്‍ക്ക് കാണിച്ചുതരുന്ന ലീഡുമാരും ഉണ്ട്.
ഓരോ ഓഫീസ് അന്തരീക്ഷവും വ്യത്യസ്തമാണ് (How to Deal Boss). ചിലര്‍ക്ക് നല്ല മേലധികാരികളെ ലഭിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് നേരെ വിപരീതമായിരിക്കും ഫലം. ഒരു ടീം ലീഡര്‍ എന്ന നിലയില്‍ ഓരോ വ്യക്തിയേയും തൊഴില്‍ സംതൃപ്തിയിലേക്കും നല്ലൊരു കരിയര്‍ കെട്ടിപ്പടുക്കുന്നതിലേക്കും നയിക്കേണ്ടത് മാനേജര്‍മാര്‍ അല്ലെങ്കില്‍ ബോസുമാരുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ പകുതിയോളം വരുന്ന സ്ഥാപനങ്ങളിലും സംതൃപ്തിയോടെ ജോലി ചെയ്യാന്‍ സാധിക്കാത്ത അന്തരീക്ഷം ഈ ലീഡുമാര്‍ സൃഷ്ടിച്ചെടുക്കും. മനുഷ്യന്‍ പലവിധം എന്ന് പറയുംപോലും ബോസും പലവിധമുണ്ട്.
ചില ബോസുമാര്‍ നിങ്ങളെ നന്നായി പ്രോത്സാഹിപ്പിക്കുകയും ഓരോ ദിവസവും ജോലി ചെയ്യാനുള്ള ഊര്‍ജം പകരുകയും ചെയ്യും. എന്നാല്‍ മറ്റ് ചിലരാകട്ടെ കുറ്റങ്ങളും കുറവുകളും മാത്രം കണ്ടെത്തി നിങ്ങളെ ഇടിച്ചുതാഴ്ത്താന്‍ നോക്കും. നിങ്ങള്‍ ചെയ്യുന്ന ഓരോ ജോലിയിലും ഇടപെട്ട് മൈക്രോ മാനേജ്‌മെന്റിന്റെ ഏറ്റവും മോശം അവസ്ഥയെ നിങ്ങള്‍ക്ക് കാണിച്ചുതരുന്ന ലീഡുമാരും ഉണ്ട്. ചിലരാകട്ടെ ഇഷ്ടപ്പെട്ട ആളുകള്‍ എന്ത് ചെയ്താലും അതിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയും നിങ്ങള്‍ ചെയ്യുന്ന ജോലിയിലെ നേട്ടങ്ങള്‍ കാണാതിരിക്കുകയും ചെയ്യും.
അങ്ങനെ തുടങ്ങി നിരവധി ബോസുമാര്‍ അല്ലെങ്കില്‍ ലീഡുമാരുണ്ട്. ഇവരെ കൊണ്ടെല്ലാം പൊറുതിമുട്ടിയിരിക്കുകയാണോ നിങ്ങള്‍? ഈ പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള വഴികള്‍ എന്തെല്ലാമാണെന്ന് നോക്കാം.
നിങ്ങള്‍ക്ക് കഴിവില്ലെന്ന് തോന്നിപ്പിക്കുന്ന ബോസ്
നിങ്ങള്‍ ചെയ്യുന്ന മേഖലയിലുള്ള ജോലികള്‍ അല്ലെങ്കില്‍ പോലും നിങ്ങളെ ശകാരിച്ച് കഴിവില്ലാത്തവനാണ് നിങ്ങള്‍ എന്ന തോന്നല്‍ എല്ലാവരിലുമുണ്ടാക്കാന്‍ ശ്രമിക്കുന്ന ലീഡുമാരുണ്ട്. സെറ്റപ്പ് ടു ഫെയില്‍ സിന്‍ഡ്രോം എന്നാണ് ഈ പ്രവൃത്തിയെ പറയുന്നത്. തൊഴിലാളികള്‍ക്ക് തെറ്റുപറ്റാന്‍ വേണ്ടി ബോധപൂര്‍വം ഓരോ കാര്യങ്ങള്‍ ചെയ്യുകയും അവസാനം നിങ്ങള്‍ ഏതെങ്കിലും കാര്യത്തില്‍ പരാജയപ്പെടുമ്പോള്‍ എല്ലാം നിങ്ങളുടെ തെറ്റാണെന്ന് വരുത്തി തീര്‍ക്കുകയും ചെയ്യും. ഇത്തരം പെരുമാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ നിങ്ങള്‍ക്ക് പരിശീലനം ലഭിക്കാത്തതോ അല്ലെങ്കില്‍ നിങ്ങളുടെ നിയന്ത്രണത്തിലോ വരാത്തതോ ആയ ജോലികള്‍ വരുമ്പോള്‍ തുറന്നുപറയാന്‍ മടികാണിക്കരുത്. ഈ വിഷയം പറഞ്ഞുള്ള ഉപദ്രവം രൂക്ഷമായാല്‍ ഔദ്യോഗികമായി എച്ച്ആറിന് പരാതി നല്‍കാവുന്നതാണ്.
മൈക്രോമാനേജ് ബോസ്
നിങ്ങള്‍ ചെയ്യുന്ന ഓരോ ജോലിയും കണ്ട് ബോധ്യപ്പെടണമെന്ന് വാശി പിടിക്കുന്ന മൈക്രോമാനേജ് ലീഡുമാരാണ് മറ്റൊരു വിഷയം. എല്ലാ ഇ മെയിലുകളും അവര്‍ക്ക് സിസി വെച്ചിരിക്കണം, അവരുടെ അനുവാദം ഇല്ലാതെ ഒന്നും ചെയ്യരുത് ഇങ്ങനെ നിരവധി വാശികളാണ് അവര്‍ക്ക്. ഇവര്‍ എപ്പോഴും നിങ്ങളുടെ സമാധാനം നശിപ്പിക്കും. ഇവരോട് എപ്പോഴും ആശയവിനിമയം നിലനിര്‍ത്തുക. നിങ്ങള്‍ ചെയ്യുന്ന ജോലിയുടെ ഉദ്ദേശം പറഞ്ഞ് മനസിലാക്കുക. ജോലി സമയത്തിന് ശേഷവും നിങ്ങളെ അവര്‍ ഓരോ കാര്യങ്ങള്‍ക്കായി ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ മേലധികാരിയോട് പരാതിപ്പെടാവുന്നതാണ്.
നിങ്ങളെ ഇഷ്ടമില്ലാത്ത ബോസ്
ജോലി സ്ഥലത്തെ എല്ലാവര്‍ക്കും നിങ്ങളെ ഇഷ്ടമാകില്ല. പക്ഷെ മേലധികാരികളുടെ വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങള്‍ ജോലിയെ ബാധിക്കാതെ ശ്രദ്ധിക്കണം. നിങ്ങളോടുള്ള മേലധികാരിയുടെ വ്യക്തിപരമായ ഇഷ്ടക്കേട് സഹിക്കേണ്ട കാര്യമില്ല. എന്നാല്‍ ഇത്തരം അനിഷ്ടം ഉണ്ടാക്കാന്‍ നിങ്ങളുടെ ഏതെങ്കിലുമൊരു പ്രവൃത്തി കാരണമാകുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണം. ഇവരുമായി എപ്പോഴും സംസാരിക്കാന്‍ ശ്രദ്ധിക്കുക. ഏറെക്കുറെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസാരം വഴിവെക്കും.
പക്ഷപാധിത്വം കാണിക്കുന്ന ബോസ്
അയാള്‍ക്ക് ഇഷ്ടപ്പെടുന്ന ആളുകളെ മാത്രം അഭിനന്ദിക്കുകയും അവര്‍ക്ക് മാത്രം അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്ന ബോസ്. അവര്‍ക്ക് പ്രവര്‍ത്തിക്കുന്നവരെ മാത്രമായിരിക്കും മേലധികാരികള്‍ ഇഷ്ടപ്പെടുകയുള്ളു. ഈ സാഹചര്യത്തെ നേരിടാന്‍ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുക എന്നതാണ് വഴി. നിങ്ങളുടെ ജോലിയെ സ്വയം അഭിനന്ദിക്കാം. അതില്‍ അഭിമാനം കണ്ടെത്താം. നിങ്ങളുടെ ജോലിയെ കുറിച്ചുള്ള വിവരങ്ങള്‍ എടുത്തുവെക്കുക. ആവശ്യം വരുമ്പോള്‍ അവയെല്ലാം നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
മടിയന്‍ ബോസ്
ഒന്നും ചെയ്യാതെ സഹപ്രവര്‍ത്തകരെ കൊണ്ട് ജോലിയെല്ലാം ചെയ്യിക്കുന്ന ബോസ്. ഇത്തരം ബോസുമാര്‍ വലിയ തലവേദനയാണ്. ഇവരുടെ ജോലികള്‍ നിങ്ങളെ ഏല്‍പ്പിക്കുമ്പോള്‍ അമിതഭാരം ഉണ്ടാകുന്നതായി അവരെ ധരിപ്പിക്കണം. പരിഹാരമായില്ലെങ്കില്‍ മേലധികാരികളോട് പരാതിപ്പെടാം.
(കടപ്പാട്: മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനം: പേഴ്‌സണല്‍ ബ്രാന്‍ഡിങ് വിദഗ്ധയായ മിഷേല്‍ ലാന്‍ഡോ കരിയര്‍ കോണ്‍ടെസ്സയില്‍ എഴുതിയത്)