Kitchen Hacks: ഉപയോഗിച്ച എണ്ണ ഇനി കളയേണ്ട; പണം ലാഭിക്കാൻ കിടിലൻ ട്രിക്കുകൾ ഇതാ…
Ways to Reuse Cooking Oil: ബാക്കി വരുന്ന എണ്ണ എന്ത് ചെയ്യണമെന്നറിയാതെ നമ്മൾ സിങ്കിലോ പറമ്പിലോ ഒഴിച്ച് കളയാറാണ് പതിവ്. എണ്ണ സിങ്കിൽ ഒഴിച്ചുകളയുന്നത് പൈപ്പുകൾ അടഞ്ഞ് പോകാൻ കാരണമാകുമെന്ന് മാത്രമല്ല, ഇത് വലിയ സാമ്പത്തിക നഷ്ടം കൂടിയാണ് വരുത്തിവെക്കുന്നത്. എന്നാൽ, ഉപയോഗിച്ച പാചക എണ്ണ കളയാതെ തന്നെ വീട്ടിലെ മറ്റ് പല ആവശ്യങ്ങൾക്കായി നമുക്ക് ഉപയോഗിക്കാനായി കഴിയും.

പ്രതീകാത്മക ചിത്രം
മലയാളികളുടെ അടുക്കളയിലെ പ്രധാനിയാണ് വെളിച്ചെണ്ണ പോലുള്ള പാചക എണ്ണകൾ. കറിക്കും പലഹാരങ്ങളും മീനും ചിക്കനുമൊക്കെ വറുത്ത് കഴിക്കാൻ എണ്ണ നിർബന്ധമാണ്. എന്നാൽ വറുത്തുകഴിഞ്ഞാൽ ബാക്കി വരുന്ന എണ്ണ എന്ത് ചെയ്യണമെന്നറിയാതെ നമ്മൾ സിങ്കിലോ പറമ്പിലോ ഒഴിച്ച് കളയാറാണ് പതിവ്. എണ്ണ സിങ്കിൽ ഒഴിച്ചുകളയുന്നത് പൈപ്പുകൾ അടഞ്ഞ് പോകാൻ കാരണമാകുമെന്ന് മാത്രമല്ല, ഇത് വലിയ സാമ്പത്തിക നഷ്ടം കൂടിയാണ് വരുത്തിവെക്കുന്നത്. എന്നാൽ, ഉപയോഗിച്ച പാചക എണ്ണ കളയാതെ തന്നെ വീട്ടിലെ മറ്റ് പല ആവശ്യങ്ങൾക്കായി നമുക്ക് ഉപയോഗിക്കാനായി കഴിയും.
കതകുകളുടെയും ജനലുകളുടെയും ശബ്ദം മാറ്റാൻ
വീട്ടിലെ കതകുകളും ജനലുകളും തുറക്കുമ്പോഴും അടയ്ക്കുമ്പോഴും അരോചകമായ ശബ്ദം പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ, അതിന് പരിഹാരമായും ബാക്കി വന്ന പാചക എണ്ണ ഉപയോഗിക്കാം. ഈ പാചക എണ്ണയിൽ നിന്ന് ഏതാനും തുള്ളികൾ കതകിന്റെ ഹിഞ്ചുകളിൽ ഒഴിച്ച് കൊടുത്താൽ മതിയാകും. ശബ്ദം മാറാൻ ഇത് മികച്ചൊരു ലൂബ്രിക്കന്റായി പ്രവർത്തിക്കുന്നതാണ്.
ALSO READ: ഫ്രിഡ്ജിൽ നിന്ന് ഷോക്ക് അടിച്ചിട്ടുണ്ടോ? ഫ്രിഡ്ജ് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തുരുമ്പ് പിടിക്കുന്നത് തടയാം
ഇരുമ്പ് ചട്ടികൾ, കത്തികൾ, മറ്റ് ഗാർഡൻ ടൂളുകൾ എന്നിവ ഈർപ്പം തട്ടി പെട്ടെന്ന് തുരുമ്പ് പിടിക്കാൻ സാധ്യതയുണ്ട്. ഉപയോഗിച്ച എണ്ണ ഒരു തുണിയിൽ മുക്കി ഈ ഉപകരണങ്ങൾക്ക് മുകളിൽ നേരിയ രീതിയിൽ തേച്ചുപിടിപ്പിച്ചു വെച്ചാൽ തുരുമ്പ് പിടിക്കുന്നത് തടയാൻ കഴിയും.
കിച്ചൺ ഗാഡ്‌ജെറ്റുകൾ വൃത്തിയാക്കാൻ
അടുക്കളയിലെ സ്റ്റൗവിലും മറ്റും ഒട്ടിപ്പിടിച്ചിരിക്കുന്ന കടുപ്പമേറിയ എണ്ണമയവും കറകളും കളയാൻ ഉപയോഗിച്ച എണ്ണ തന്നെ സഹായിക്കും. എണ്ണ കറയുള്ള ഭാഗങ്ങളിൽ പുരട്ടി അല്പസമയം വെച്ച ശേഷം സ്ക്രബ്ബ് ചെയ്താൽ കടുപ്പമേറിയ കറകൾ പെട്ടെന്ന് ഇളകിപ്പോരും. തുടർന്ന് സോപ്പ് വെള്ളം ഉപയോഗിച്ച് ഇത് തുടച്ചുമാറ്റാം.
സ്റ്റിക്കർ നീക്കം ചെയ്യാൻ
ജാറുകളിൽ നിന്നോ പാത്രങ്ങളിൽ നിന്നോ സ്റ്റിക്കർ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ പാടുപെടുകയാണോ? ഉപയോഗിച്ച പാചക എണ്ണ അല്പം പുരട്ടി ഏകദേശം 10 മിനിറ്റ് നേരം വയ്ക്കുക. തുടർന്ന് ഒരു തുണി അല്ലെങ്കിൽ സ്പോഞ്ച് ഉപയോഗിച്ച് തുടയ്ക്കുക. വളരെ എളുപ്പത്തിൽ അവ നീക്കം ചെയ്യാവുന്നതാണ്.
തടി ഫർണിച്ചറുകൾക്ക് തിളക്കം കിട്ടാൻ
മര മേശ, കസേര അല്ലെങ്കിൽ വാതിലോ മങ്ങിയതായി കാണാൻ തുടങ്ങിയാൽ, ശേഷിക്കുന്ന എണ്ണ അതിന്റെ തിളക്കം തിരികെ കിട്ടാൻ സഹായിക്കും. മൃദുവായ തുണിയിൽ അൽപം എണ്ണ പുരട്ടി മരത്തിൽ തടവുക. വൃത്തിയുള്ള ഫിനിഷിനായി ഉണങ്ങിയ തുണി ഉപയോഗിച്ച് അധികമുള്ളത് തുടച്ചുമാറ്റാവുന്നതാണ്.
വീണ്ടും പാചകത്തിന് ഉപയോഗിക്കാം
വറുക്കാൻ ഉപയോഗിച്ച എണ്ണ വീണ്ടും പാചകത്തിന് ഉപയോഗിക്കാം. എന്നാൽ, ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വീണ്ടും പാചകത്തിന് എടുക്കുമ്പോൾ അതിലെ കരിഞ്ഞ അവശിഷ്ടങ്ങൾ മാറ്റേണ്ടത് അനിവാര്യമാണ്. എണ്ണ നന്നായി തണുത്ത ശേഷം ഒരു കോട്ടൺ തുണിയോ ഫിൽറ്ററോ ഉപയോഗിച്ച് വൃത്തിയായി അരിച്ചെടുക്കുക. ഇത് വായു കടക്കാത്ത കുപ്പിയിലാക്കി വെളിച്ചം തട്ടാത്ത സ്ഥലത്ത് സൂക്ഷിച്ച് വയ്ക്കാം. തുടർന്ന് കറികൾ വെയ്ക്കാനും മറ്റും ഉപയോഗിക്കാവുന്നതാണ്. എന്നാൽ പുകയുന്ന തരത്തിൽ കരിഞ്ഞുപോയ എണ്ണ വീണ്ടും പാചകത്തിന് ഉപയോഗിക്കരുത്.