Kozhikode Cargo ship fire effects : ചരക്കു കപ്പൽ തീപ്പിടിച്ച സംഭവത്തിൽ മലയാളിക്ക് പേടി വേണോ? കടലിനെ ബാധിക്കുന്ന വഴികൾ ഇതെല്ലാം
Kozhikode Coastal Cargo Ship Explosion: രാസവസ്തുക്കളുടെ സാന്നിധ്യം കടലിലെ ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കും പവിഴപ്പുറ്റുകൾ കടൽ പുല്ലുകൾ സൂക്ഷ്മജീവികൾ കടലിലെ മത്സ്യ സമ്പത്ത് ഉൾപ്പെടെയുള്ള ജീവജാലങ്ങൾ ഇവയെല്ലാം ഈ അപകടം പ്രതികൂലമായി ബാധിച്ചേക്കാം.

കോഴിക്കോട്: കൊച്ചി തീരത്ത് ചരക്ക് കപ്പൽ മുങ്ങി അപകടം നടന്നതിനുശേഷം രണ്ടാഴ്ച പിന്നിടുമ്പോൾ വീണ്ടും ഒരു അപകടം കൂടി നടന്നിരിക്കുകയാണ്. ബേപ്പൂരിൽ നിന്ന് 88 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ ചരക്ക് കപ്പൽ പൊട്ടിത്തെറിച്ച് തീപിടിത്തം ഉണ്ടായ സംഭവത്തിൽ വീണ്ടും ആശങ്കകൾ ഉയരുന്നു. കൊച്ചിയിലെ അപകടം തന്നെ കടലിന്റെ ആവാസവ്യവസ്ഥയ്ക്ക് എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കി എന്നും മത്സ്യ സമ്പത്തിന് എത്രമാത്രം ദൂഷ്യഫലം ചെയ്തെന്നും ഉള്ള ചർച്ചകൾ അവസാനിക്കുന്നതിനു മുൻപേയാണ് ഈ സംഭവം നടന്നിരിക്കുന്നത്.
ഇപ്പോൾ അപകടത്തിൽപ്പെട്ടിരിക്കുന്ന എം വി വാൻ ഹായ് 503 എന്ന കപ്പൽ താരതമ്യേന ചെറുതാണ്. എന്നാൽ ഇതിലെ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്ന രാസവസ്തുക്കൾ ഉൾപ്പെടെയുള്ള ചരക്ക് ആശങ്ക വർധിപ്പിക്കുന്നു. പെട്ടെന്ന് തീ പിടിക്കുന്ന തരത്തിലുള്ള ഗൺ പൗഡറും ആസിഡുകളും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തീപിടുത്തം നടന്നതിനു ശേഷം ഈ കെമിക്കലുകളുടെ ഫലം കടലിനെ ഏതുതരത്തിൽ ബാധിച്ചിട്ടുണ്ട് എന്നാണ് ഇപ്പോൾ നടക്കുന്ന ചർച്ച.
നിലവിൽ ഭീഷണിയില്ല എന്നു വിദഗ്ധർ
കപ്പലിന് തീപിടിച്ചത് കേരളതീരത്തിന് എന്തെങ്കിലും ആഘാതം ഉണ്ടാക്കുമെന്ന് വിവരങ്ങൾ ഒന്നും നിലവിൽ കോസ്റ്റ് ഗാർഡിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് മാതൃഭൂമിയോട് വ്യക്തമാക്കി.
20 കണ്ടെയ്നറുകൾ കടലിൽ വീണു എന്നാണ് വിവരം . അവശേഷിക്കുന്ന കണ്ടെയ്നറുകളിൽ എന്തൊക്കെ ഉള്ളത് എന്ന വിവരം ലഭ്യമല്ല. കണ്ടെയ്നറിനോട് 20 മീറ്റർ ദൂരം പാലിക്കണം എന്ന് മുന്നറിയിപ്പാണ് ഇപ്പോൾ വിദഗ്ധ നൽകിയിരിക്കുന്നത്. തീരത്തടി കണ്ടെയ്നറുകളുടെ അടുത്തേക്ക് ജനങ്ങൾ ഓടിക്കൂടാതിരിക്കുക എന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു.
എണ്ണ ചോർച്ച അപകടം
മാലിന്യം ഉണ്ടാക്കുന്ന ബംഗർ ഓയിൽ കപ്പലിൽ ഉണ്ടെന്ന വിവരം പുറത്തുവന്നതോടെ എണ്ണ ചോർച്ചയ്ക്കുള്ള സാധ്യത തെളിയുന്നു. ഇത് കടുത്ത സമുദ്ര മലിനീകരണത്തിന് കാരണമാകും. ഇത് കടലിൽ ഒഴുകി പരക്കാനുള്ള സാധ്യതയും ഉണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കണ്ടെയ്നറിലെ രാസവസ്തുക്കൾ അപകടമോ
വിഷമയമായ രാസവസ്തുക്കൾ കണ്ടെയ്നറിൽ ഉണ്ടെന്ന വിവരം ഏറെ ആശങ്കപ്പെടുത്തുന്നു. ഇതിനെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡും മത്സ്യ ഗവേഷണ സ്ഥാപനങ്ങളും എത്രയും വേഗം സംഭവസ്ഥലത്തും തീരദേശങ്ങളിലും പരിശോധന നടത്തണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു. കൂടാതെ വിഷമമായി രാസവസ്തുക്കൾ കടലിൽ കലർന്നാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ പറ്റി തീരദേശവാസികളെ ബോധ്യപ്പെടുത്താനും ഉള്ള നടപടികൾ അധികൃതർ സ്വീകരിക്കണം. മത്സ്യ സമ്പത്തിന് പെട്ടെന്ന് ബാധിച്ചില്ലെങ്കിലും സമീപഭാവിയിൽ സമുദ്ര ആവാസ വ്യവസ്ഥയ്ക്ക് ഗൗരവമായ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇതിന് കഴിഞ്ഞേക്കും.
രാസവസ്തുക്കളുടെ സാന്നിധ്യം കടലിലെ ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കും പവിഴപ്പുറ്റുകൾ കടൽ പുല്ലുകൾ സൂക്ഷ്മജീവികൾ കടലിലെ മത്സ്യ സമ്പത്ത് ഉൾപ്പെടെയുള്ള ജീവജാലങ്ങൾ ഇവയെല്ലാം ഈ അപകടം പ്രതികൂലമായി ബാധിച്ചേക്കാം. പ്രധാനമായും കടലിലെ ജലത്തിന്റെ ഓക്സിജൻ ലെവലിനെയാണ് ഇത് ബാധിക്കുക. ഓക്സിജൻ കുറയുന്നത് മത്സ്യങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും പ്രശ്നമാണ്. എണ്ണ ചോർച്ചയും രാസവസ്തുക്കളുടെ സാന്നിധ്യവും മാത്രമല്ല തീപിടിച്ചത് തുടർന്ന് ഉണ്ടായ താപവർദ്ധനവും സമുദ്ര ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നതാണ്.