Mutation: മരുന്ന് ശരീരത്തിൽ പ്രവർത്തിക്കാതാകുന്നത് കോവിഡ് വൈറസിനു സംഭവിച്ചതുപോലുള്ള ജനിതകമാറ്റമാണോ?
What is mutation: വൈറസിന്റെ കാര്യത്തിലെ മാറ്റം നമുക്കെല്ലാം അറിയാവുന്നതാണ്. ചില സാഹചര്യത്തിൽ ഒരു മാറ്റവും ഉണ്ടാകാതെ സൈലന്റ് മ്യൂട്ടേഷനുകൾ ഉണ്ടാകാറുണ്ട്. ചിലപ്പോൾ രോഗങ്ങൾ ഉണ്ടാക്കുന്ന മാറ്റവും വരാം. ഉദാഹരണത്തിന് അരിവാൾ രോഗം ഉണ്ടാകുന്നത്. അല്ലെങ്കിൽ അടുത്തിടെ കോവിഡ് വൈറസിനുണ്ടായ മാറ്റം അൽപം ആശങ്കപ്പെടുത്തുന്നതാണ്.

തിരുവനന്തപുരം: ഒരു മുത്തുമാലയിലെ പലതരത്തിലുള്ള മുത്തുകളിൽ ഒരു കൂട്ടം മുത്തുകൾക്ക് മാറ്റം സംഭവിച്ചാലോ? ആ മാലയുടെ ഭംഗി ചിലപ്പോൾ നഷ്ടമാകാം, അല്ലെങ്കിൽ ചിലപ്പോൾ അത് കൂടുതൽ ഭംഗി ആ മാലയ്ക്ക് നൽകാം. ഇതു തന്നെയാണ് ഒരു ജനിതകമാറ്റം അധവാ മ്യൂട്ടേഷനിൽ സംഭവിക്കുന്നത്. മ്യൂട്ടേഷൻ എന്ന വാക്ക് ശാസ്ത്രലോകം കടന്ന് സാധാരണക്കാർക്കിടയിൽ എത്തിയതിന് കോവിഡിന്റെ പഴക്കമേ ഉള്ളു.
കോവിഡ് വൈറസിന്റെ രൂപമാറ്റ കുസൃതികളാണ് ഇതിനു കാരണം തന്നെ. ഇടയ്ക്കിടയ്ക്ക ജനിതകമാറ്റം വന്ന് പുതിയ രൂപവും ഭാവവും സ്വീകരിക്കുന്നു എന്നു കേൾക്കുന്നത് മ്യൂട്ടേഷനാണ് എന്ന് ഇപ്പോൾ എല്ലാവർക്കുമറിയാം. അതിന്റെ വിവിധ വശങ്ങളെപ്പറ്റി ഒന്നു നോക്കാം.
പലതരത്തിലുള്ള ജനിതകമാറ്റങ്ങൾ
ഇത് പലവിധമുണ്ട്.
- പോയിന്റ് മ്യൂട്ടേഷനുകൾ : DNA-യിലെ ഒരൊറ്റ അക്ഷരം (ന്യൂക്ലിയോടൈഡ്) മാറ്റിസ്ഥാപിക്കപ്പെടുന്നു (ഉദാഹരണത്തിന്, A എന്നതിന് പകരം G വരുന്നത്).
- ഇൻസെർഷനുകൾ : DNA ശ്രേണിയിലേക്ക് അധിക അക്ഷരങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നു.
- ഡിലീറ്റുകൾ : ഒന്നോ അതിലധികമോ അക്ഷരങ്ങൾ DNA ശ്രേണിയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നു.
- ക്രോമസോം മ്യൂട്ടേഷനുകൾ : മുഴുവൻ ക്രോമസോമുകൾക്കോ അല്ലെങ്കിൽ DNA-യുടെ വലിയ ഭാഗങ്ങൾക്കോ ഉണ്ടാകുന്ന വലിയ മാറ്റങ്ങളാണിത്.
Also read – ശാന്തതയും സമാധാനവും ഒപ്പം ആരോഗ്യവും നൽകുന്ന ചന്ദ്ര നമസ്കാരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
പരിണത ഫലം
ഇത് പലതരത്തിലുള്ള ഫലങ്ങളാണ് ഉണ്ടാക്കുന്നത്. വൈറസിന്റെ കാര്യത്തിലെ മാറ്റം നമുക്കെല്ലാം അറിയാവുന്നതാണ്. ചില സാഹചര്യത്തിൽ ഒരു മാറ്റവും ഉണ്ടാകാതെ സൈലന്റ് മ്യൂട്ടേഷനുകൾ ഉണ്ടാകാറുണ്ട്. ചിലപ്പോൾ രോഗങ്ങൾ ഉണ്ടാക്കുന്ന മാറ്റവും വരാം. ഉദാഹരണത്തിന് അരിവാൾ രോഗം ഉണ്ടാകുന്നത്. അല്ലെങ്കിൽ അടുത്തിടെ കോവിഡ് വൈറസിനുണ്ടായ മാറ്റം അൽപം ആശങ്കപ്പെടുത്തുന്നതാണ്.
അപൂർവ്വമായി മ്യൂട്ടേഷൻ ഗുണങ്ങളുമുണ്ടാക്കാറുണ്ട്. ഇത് ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ സഹായിക്കുന്ന മാറ്റം ആവാം. ഈ മാറ്റങ്ങളെല്ലാം ഒരു തലമുറയിൽ നിന്ന് അടുത്തതിലേക്കും എത്തുന്നതാണ്.
ഒരു മരുന്ന് കഴിച്ചു കഴിച്ച് ഒടുവിൽ അത് ഫലിക്കാതെ വരുന്നത് മ്യൂട്ടേഷനാണോ?
അങ്ങനെ സംഭവിക്കുന്നതെല്ലാം മ്യൂട്ടേഷനല്ല. കാരണം അച്ഛന് പാരാസെറ്റാമോൾ കഴിച്ചാൽ ഫലിക്കില്ല എന്നുണ്ടെങ്കിൽ മകനും അങ്ങനെ വരേണ്ടതാണ്. പക്ഷെ ഇതുവരെ അങ്ങനെ ഒരു സംഭവം കേട്ടിട്ടില്ല. പക്ഷെ മരുന്നും മ്യൂട്ടേഷൻ ഉണ്ടാക്കും. അത് മറ്റൊരു തരത്തിലാണ്. ആന്റി വൈറൽ മരുന്നുകളിലാണ് ഈ സംഭവം നടക്കുന്നത്. വൈറസിനെ പ്രതിരോധിക്കാൻ നാം മരുന്നു കഴിക്കുന്നു.
ആ മരുന്നു ഫലിക്കുന്നത് വൈറസിന്റെ ഏതെങ്കിലും ഒരു പ്രവർത്തനത്തെ എല്ലാതാക്കിക്കൊണ്ടോ തടഞ്ഞുകൊണ്ടോ ആകും. വൈറസ് കാലക്രമത്തിൽ അതിന്റെ ജീവിത ചക്രത്തിൽ മാറ്റം കൊണ്ടുവന്നാൽ ആ മാറ്റം മരുന്നിന്റെ പ്രവർത്തനത്തെ അതിജീവിക്കുന്നതിലേക്ക് നയിക്കും.
മരുന്ന് ഫലിക്കാത്ത ഈ പ്രതിരോധശേഷിയുള്ള വൈറസുകൾ പിന്നീട് അതിവേഗം പെരുകും. കാലക്രമേണ, വ്യക്തിയുടെ ശരീരത്തിലെ മുഴുവൻ വൈറസ് കൂട്ടവും ഈ പ്രതിരോധശേഷിയുള്ള വകഭേദങ്ങളാൽ ആധിപത്യം സ്ഥാപിക്കപ്പെടുകയും ചെയ്യാം. ഇത് ഒരു സാധ്യതമാണ് എന്ന് പ്രത്യേകം ഓർക്കണം.