National anthem of Travancore : വഞ്ചി ഭൂമിപതേ ചിരം; മമ്മൂട്ടി സിനിമയിലെ ടൈറ്റിൽ സോങ്ങല്ല ഇത് തിരുവിതാംകൂറിന്റെ സ്തുതി ഗീതം
National anthem of the former Kingdom of Travancore: ഇത് എഴുതിയത് മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരാണ് എന്നാണ് കരുതപ്പെടുന്നത്. 1956 കാലഘട്ടത്തിൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നത് വരെയും വഞ്ചീശ മംഗളം തിരുവിതാംകൂറിന്റെ പ്രധാന പരിപാടികളിൽ എല്ലാം അവിഭാജ്യ ഘടകമായിരുന്നു.

തിരുവനന്തപുരം: ഇന്ത്യയ്ക്ക് ഒരു ദേശീയ ഗാനം ഉണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ കേരളത്തിലെ തിരുവിതാംകൂറിന് അങ്ങനെ ഒരു ദേശീയഗാനം ഉള്ളതായി എത്ര പേർക്കറിയാം. ഇന്നും തിരുവനന്തപുരത്തുകാർക്ക് ഈ ഗാനം എന്നാൽ ഒരു വികാരം തന്നെയാണ്. മലയാളികളെല്ലാം ഈ ഗാനം കേട്ടിട്ടുള്ളത് 2019 ൽ പുറത്തിറങ്ങിയ മമ്മൂട്ടി പൃഥ്വിരാജ് ചിത്രമായ പതിനെട്ടാം പടിയിലൂടെയാണ്. ചിത്രത്തിന്റെ ടൈറ്റിൽ സോങ് ആയി ഈ ഗാനം പ്രത്യക്ഷപ്പെട്ടു. ഇതിനെപ്പറ്റി ഒരു ചെറിയ വിവരണവും പൃഥ്വിരാജിന്റെ കഥാപാത്രം തുടക്കത്തിൽ പറയുന്നുണ്ട്. പറഞ്ഞുവരുന്നത് വഞ്ചീശ മംഗളം എന്ന തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഔദ്യോഗിക സ്തുതിത്തെ പറ്റിയാണ്.
അല്പം ചരിത്രം
1930കളുടെ ആദ്യപകുതിയിൽ ഇത് എഴുതപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്. അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയെ പ്രകീപ്പിച്ചുകൊണ്ട് പാടിയിരുന്ന സ്തുതി ഗീതം ആയിരുന്നു ഇതെന്നും രാജാവിന് ആയുരാരോഗ്യസൗഖ്യം നേർന്നുകൊണ്ടുള്ള ഈ ഗാനം നാട്ടുരാജ്യത്തെ എല്ലാ ഔദ്യോഗിക ചടങ്ങുകളിലും പൊതുപരിപാടികളിലും ആലപിച്ചിരുന്നു എന്നും പറയപ്പെടുന്നു. സ്കൂളുകളിലെ പ്രാർത്ഥന ഗീതവും ഇതുതന്നെ.
ഇത് എഴുതിയത് മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരാണ് എന്നാണ് കരുതപ്പെടുന്നത്. 1956 കാലഘട്ടത്തിൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നത് വരെയും വഞ്ചീശ മംഗളം തിരുവിതാംകൂറിന്റെ പ്രധാന പരിപാടികളിൽ എല്ലാം അവിഭാജ്യ ഘടകമായിരുന്നു. ശങ്കരാഭരണത്തിൽ ജന്യമായ നവറോസ് എന്ന രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രൊഫസർ ആർ ശ്രീനിവാസൻ ഈണം നൽകിയ ഈ ഗാനം 1938 കൊളംബിയ ഗ്രാമഫോൺ കമ്പനി പുറത്തിറക്കി. ഇന്നും പല പഴയ തലമുറയിൽ ഉള്ളവർക്ക് ഈ ഗാനം സുപരിചിതമാണ്.