Stroke Reason: ആരോഗ്യമുള്ള ആളുകൾക്കും സ്ട്രോക്ക് വരാം; ന്യൂറോളജിസ്റ്റ് വെളിപ്പെടുത്തുന്നു
Healthy People Stroke Reason: പക്ഷാഘാതം എന്താണെന്ന് കൃത്യമായി അറിയാത്തവരും അറിയുന്നവരിൽ തന്നെ രോഗത്തെ വളരെ ലാഘവത്തോടെ സമീപിക്കുന്നവരും ഒരുപാടുണ്ട്. ലോകത്താകമാനമുള്ള മരണങ്ങളുടെ കാരണങ്ങളിൽ രണ്ടാം സ്ഥാനമാണ് സ്ട്രോക്കിനുള്ളത്.
സ്ട്രോക്ക് അഥവാ പക്ഷാഘാതം (Stroke) എന്ന വാക്ക് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഹൃദയാരോഗ്യം മോശമാണെങ്കിൽ സ്ട്രോക്ക് പോലുള്ള ആരോഗ്യം പ്രശ്നം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ പക്ഷാഘാതം എന്താണെന്ന് കൃത്യമായി അറിയാത്തവരും അറിയുന്നവരിൽ തന്നെ രോഗത്തെ വളരെ ലാഘവത്തോടെ സമീപിക്കുന്നവരും ഒരുപാടുണ്ട്. ലോകത്താകമാനമുള്ള മരണങ്ങളുടെ കാരണങ്ങളിൽ രണ്ടാം സ്ഥാനമാണ് സ്ട്രോക്കിനുള്ളത്. കൂടാതെ പ്രായഭേദമന്യേ എപ്പോൾ വേണമെങ്കിലും പിടിമുറുക്കാൻ സാധ്യതയുള്ള ഒന്നാണിത്.
എന്നാൽ ആരോഗ്യവാനായിരിക്കുന്ന ഒരു വ്യക്തിക്കും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആരോഗ്യമുള്ളതായി തോന്നുന്ന വ്യക്തികളിൽ സ്ട്രോക്ക് സാധ്യത നിശബ്ദമായി വന്നേക്കാമെന്ന് സീനിയർ കൺസൾട്ടന്റും- ന്യൂറോളജിസ്റ്റുമായ ഡോ. സത്വന്ത് സച്ച്ദേവ പറയുന്നു. അതിൻ്റെ കാരണങ്ങളും അതിനെ എങ്ങനെ തടയണമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
എന്താണ് സ്‌ട്രോക്ക്?
തലച്ചോറിനേൽക്കുന്ന അറ്റാക്ക് (Brain Attack) ആണ് സ്‌ട്രോക്ക് അതവ പക്ഷാഘാതം. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. മസ്തിഷ്‌കാഘാതം സംഭവിക്കുമ്പോൾ മസ്തിഷ്‌ക കോശങ്ങൾക്ക് ഓക്‌സിജൻ ലഭ്യമാകാതെ വരുകയും തുടർന്ന് തൽക്കഷണം അവ നശിച്ചുപോകാൻ തുടങ്ങുകയും ചെയ്യുന്നു. അതുമൂലം ഏത് ഭാഗത്തെ കോശങ്ങൾ ആണോ നശിക്കുന്നത് ആ ഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഇല്ലാതാകുന്നു.
Also Read: ഒരു മാസം പച്ച വെളുത്തുളളി കഴിച്ചു നോക്ക്…; അറിയാം നിങ്ങൾക്കുണ്ടായ മാറ്റങ്ങൾ
അതുമൂലം ഓർമ്മ, കാഴ്ച, കേൾവി, പേശീനിയന്ത്രണം തുടങ്ങിയ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്യുന്നു. ഒരു വ്യക്തിയിൽ സ്‌ട്രോക്കിൻ്റെ ആഘാതം എങ്ങനെ സംഭവിക്കുന്നു എന്നത് തലച്ചോറിൽ എത്രമാത്രം ക്ഷതം സംഭവിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. വളരെ ചെറിയ രീതിയിലുള്ള പക്ഷാഘാതം ആണെങ്കിൽ കാലിനോ കൈക്കോ മാത്രം അനുഭവപ്പെടുന്ന ചെറിയ തളർച്ച മാത്രമാകാം ലക്ഷണം. എന്നാൽ തീവ്രമായ സ്‌ട്രോക്ക് ബാധിച്ചവരിൽ ശരീരമാകമനം തളർന്നു പോകുന്ന അവസ്ഥയുണ്ടാകാം.
കാരണങ്ങൾ എന്തെല്ലാം?
രക്തസമ്മർദ്ദവും പ്രമേഹവും പക്ഷാഘാതത്തിലേക്ക് നയിക്കുന്ന രണ്ട് കാരണങ്ങളാണ്. സമ്മർദ്ദം, നിർജ്ജലീകരണം, ജനിതക ഘടകങ്ങൾ തുടങ്ങിയവയും മറ്റ് നിശബ്ദ കാരണങ്ങളായി അദ്ദേഹം ചൂണ്ടികാണിക്കുന്നു. എന്നാൽ നിങ്ങളുടെ ദൈനദിന ജീവിതത്തിലെ സമ്മർദ്ദവും ഉറക്കക്കുറവും കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിൻ്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് രക്തക്കുഴലുകളെ തകരാറിലാക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് സ്ട്രോക്കിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കുന്നു.
മറ്റൊരു പ്രധാന കാരണം നിർജ്ജലീകരണമാണ്. നിർജ്ജലീകരണം മൂലം രക്തം കട്ടിയുള്ളതാക്കുകയും കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പുകവലി, ക്രാഷ് ഡയറ്റിംഗ് അല്ലെങ്കിൽ അമിതമായ വ്യായാമം പോലുള്ള അനാരോഗ്യകരമായ ജീവിതശൈലി ശീലങ്ങളും പക്ഷാഘാതത്തിന് കാരണമാകുമെന്ന് ഡോക്ടർ സച്ച്ദേവ പറയുന്നു.
എങ്ങനെ തടയാം?
- ജലാംശം നിലനിർത്തുക: ആരോഗ്യകരമായ രക്തയോട്ടം നിലനിർത്താൻ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക.
- ഹൃദയാരോഗ്യം: ഏട്രിയൽ ഫൈബ്രിലേഷൻ പോലുള്ള അവസ്ഥകൾ നേരത്തേ കണ്ടെത്തുന്നതിന് പതിവായി ഹൃദയാരോഗ്യ പരിശോധനകൾ നടത്തുക.
- പാരമ്പര്യം: നിങ്ങളുടെ കുടുംബത്തിൽ പക്ഷാഘാതമോ രക്തം കട്ടപിടിക്കുകയോ ചെയ്ത ആളുകളുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഈ പാരമ്പര്യം നിങ്ങളിലും ഉണ്ടാകാം.
- ജീവിതശൈലി: പുകവലിയും ക്രാഷ് ഡയറ്റുകളും ഒഴിവാക്കുക. പകരം, പോഷകസമൃദ്ധമായ ഭക്ഷണം, പതിവ് ശാരീരിക പ്രവർത്തനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
- വ്യായാമം: മിക്ക ദിവസങ്ങളിലും കുറഞ്ഞത് 30 മിനിറ്റ് മിതമായ വ്യായാമം രക്തക്കുഴലുകളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.