AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2024: ഓണത്തിന് അത്തപൂക്കളമിടുന്നതിനും ചില രീതികളുണ്ട്… അത്തം മുതൽ തിരുവോണം വരെ പൂക്കളം ഒരുക്കേണ്ടത് ഇങ്ങനെ

Onam Flower Chart: മൂന്നാം ദിവസം മുതൽ നിറങ്ങളുള്ള പൂക്കൾ ഇട്ട് തുടങ്ങും. അഞ്ചാം ദിവസം മുതൽ കുട കുത്താൻ തുടങ്ങും. വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണ് കുട കുത്തുന്നത്. ഈർക്കിലിയിൽ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോർത്തു വയ്ക്കുന്നതിനാണ് കുട കുത്തുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Onam 2024: ഓണത്തിന് അത്തപൂക്കളമിടുന്നതിനും ചില രീതികളുണ്ട്… അത്തം മുതൽ തിരുവോണം വരെ പൂക്കളം ഒരുക്കേണ്ടത് ഇങ്ങനെ
Pookalam.
neethu-vijayan
Neethu Vijayan | Published: 03 Sep 2024 17:41 PM

സെപ്റ്റംബർ ആറിന് അത്തം ഉദിക്കുകയാണ്. ഓണാഘോഷത്തിൻ്റെ ഒരു തുടക്കം എന്ന് തന്നെവേണം ഈ ദിവസത്തെ ഓർക്കാൻ. വീടെല്ലാം അടിച്ച് തുടച്ച് മുറ്റം അടിച്ച് വാരി, ചാണകം തെളിച്ച് അതിൽ പൂക്കളം അണിയിച്ചൊരുക്കിയാണ് ഈ ദിവസം തുടങ്ങുന്നത്. അങ്ങനെ തിരുവോണ ദിവസത്തേക്കുള്ള കാത്തിരിപ്പാണ് പിന്നീട്. ഈ ഓരോ ദിവസവും പൂക്കളമൊരുക്കുന്നതിനും ചില രീതികളുണ്ട്. പൂക്കളം ഇടാൻ എടുക്കുന്ന പൂക്കളുടെ നിറം മുതൽ അതിന്റെ വലുപ്പത്തിൽ വരെ ഓരോ പ്രത്യേകതകളാണ് ഉള്ളത്. അങ്ങനെ, ഓരോ ദിവസവും ഇത്തരത്തിൽ പൂക്കളം ഇടുമ്പോൾ ശരിയായ രീതിയിൽ ഇടാൻ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാം.

നിലവിളക്കു കൊളുത്തി ഗണപതിക്കു വെച്ചാണ് ചാണകം മെഴുകിയ തറയിൽ പൂക്കളം ഇടാൻ ആരംഭിക്കുന്നത്. തുമ്പപ്പൂവിട്ടാണ് പൂവിടാൻ തുടങ്ങേണ്ടത്. ആദ്യ രണ്ടു ദിവസം തുമ്പപ്പൂവും തുളസിയുമാണ് താരങ്ങൾ. മൂന്നാം ദിവസം മുതൽ നിറങ്ങളുള്ള പൂക്കൾ ഇട്ട് തുടങ്ങും. അഞ്ചാം ദിവസം മുതൽ കുട കുത്താൻ തുടങ്ങും. വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണ് കുട കുത്തുന്നത്. ഈർക്കിലിയിൽ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോർത്തു വയ്ക്കുന്നതിനാണ് കുട കുത്തുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഓണപ്പൂക്കൾ

ഇന്ന് ഓണത്തിന് അത്തപ്പൂക്കളം ഇടാൻ ചെണ്ടുമല്ലിയും ജമന്തിയുമാണ് കൂടുതലായി ഉപയോ​ഗിക്കുന്നത്. എന്നാൽ, ഓണപ്പൂക്കൾ എന്നറിയപ്പെടുന്നത് സത്യത്തിൽ ഇവരൊന്നുമല്ല. നമ്മളുടെ നാട്ടിൻ പുറങ്ങളിൽ പാടത്തും തൊടിയിലും വേലിയിലുമെല്ലാം കാണപ്പെടുന്ന സാധാ പൂക്കളാണ് പണ്ടൊക്കെ ഓണപ്പൂക്കളായി എടുത്തിരുന്നത്. അതിൽ തുമ്പ, ചെത്തി, തെമ്പുരത്തി, കാക്കപ്പൂ, മുക്കുറ്റി, കോളാമ്പി, നന്ത്യാർവട്ടം, തുളസി, പിച്ചകം, മത്തപ്പൂ, കുമ്പളപ്പൂ, വാടാമല്ലി, പവിഴമല്ലി എന്നിങ്ങനെ നിരവധി പൂക്കളാണ് ഉണ്ടായിരുന്നത്. ഇന്ന് കാശ് കൊടുത്ത് വാങ്ങുന്ന സ്ഥിതിയാണ് കാണുന്നത്.

അത്തം നാളിലെ പൂക്കളം

അത്തം പത്തിന് തിരുവേണം എന്നൊരു ചൊല്ല് പ്രചാരത്തിലുണ്ട്. അത്തം മുതൽ തിരുവോണം വരെ ഇടുന്ന ഓരോ പൂക്കളത്തിനും ഓര പ്രത്യേകതകൾ ഉണ്ട്. പൂക്കളം മാവേലിയെ വരവേൽക്കാൻ ഇടുന്നതാണ് എന്നാണ് കരുതപ്പെടുന്നത്. അത്തം നാളിൽ പൂക്കളം ഒരുക്കുമ്പോൾ ഒരു ലെയർ പൂക്കൾ മാത്രമാണ് ഇടുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ വലിപ്പവും ചെറുതായിരിക്കും. അതുപോലെ തന്നെ അത്തം നാളിൽ ‌പൂക്കളം ഇടുമ്പോൾ ചുവപ്പ് നിറത്തിലുള്ള പൂക്കൾ ഇടരുത് എന്നും പറയാറുണ്ട്.

ALSO READ: പൂവിളി പൂവിളി പൊന്നോണമായി…ഈ ഓണപ്പാട്ടുകള്‍ പിറന്നതിന് പിന്നിലെ കഥയറിയാമോ?

ചിത്തിര നാളിലെ പൂക്കളം

ചിത്തിര നാളിൽ രണ്ട് ലെയർ പൂക്കളാണ് ഇട്ടുകൊണ്ടാണ് പൂക്കളം തയ്യാറാക്കുക. ഇതിനായി നമ്മളുടെ നാട്ടിൽ പുറത്ത്, അല്ലെങ്കിൽ വീടിന് ചുറ്റും ലഭിക്കുന്ന ചെമ്പരത്തിയും പിച്ചിയും, ചെമ്പകവുമെല്ലാം ഉപയോ​ഗിക്കാം.

ചോതി നാളിലെ പൂക്കളം

ഇന്നേ ദിവസം ഇടുന്ന പൂക്കളത്തിന് മൂന്ന് ലെയർ ആണ് വേണ്ടത്. ശംഖുപൂഷ്പം അതുപോലെ, നാട്ടിൽ കിട്ടുന്ന സാധാ പൂക്കൾ എടുത്ത് മനോഹരമായ മൂന്ന് ലെയർ പൂക്കളം ഒരുക്കി മാവേലിയെ വരവേൽക്കാൻ തയ്യാറാക്കാവുന്നതാണ്.

വിശാഖം നാളിലെ പൂക്കളം

വിശാഖം നാളിൽ ശംഖുപുഷ്പം, കോളാമ്പി, ബോൾസ്യം, അരളി എന്നിവയെല്ലാം എടുത്ത് നാല് ലെയർ ഉള്ള അത്തപ്പൂക്കളം ഒരുക്കുന്നു. പൊതുവിൽ ഇന്നേ ദിവസങ്ങളിലെല്ലാം തന്നെ വട്ടത്തിലായിരിക്കും പൂക്കളം തയ്യാറാക്കുന്നത്. ഇത്തരത്തിൽ വ്യത്യസ്ത നിറത്തിൽ പൂക്കളം ഒരുക്കുമ്പോൾ അത് കൂടുതൽ ഭം​ഗിയോടെയാണ് കാണാൻ സാധിക്കും.

അനിഴം നാളിലെ പൂക്കളം

മന്താരം, തെച്ചിപ്പൂ, തൊട്ടാവാടി, നമ്മളുടെ തൊടിയിലും പറമ്പിലും പുല്ലുകൾക്കിടയിൽ കാണപ്പെടുന്ന പൂക്കൾ എന്നിവയെല്ലാം തന്നെ ഇന്നേ ദിവസം പൂക്കളം ഒരുക്കാൻ ഉപയോ​ഗിക്കാം. അനിഴം നാളിൽ അഞ്ച് ലെയർ ഉള്ള പൂക്കളാണ് ഒരുക്കേണ്ടത്.

തൃക്കേട്ട നാളിലെ പൂക്കളം

തൃക്കേട്ട നാളിലും നിങ്ങൾക്ക് വീട്ടിൽ സുലഭമായിട്ടുള്ള നല്ല നാടൻ പൂക്കൾ ഉപയോഗിച്ച് പൂക്കളം ഒരുക്കാം. തൃക്കേട്ട നാളിൽ പൂക്കളം ഒരുക്കുമ്പോൾ ആറ് ലെയർ പൂക്കളം ഒരുക്കണം.

മൂലം നാളിലെ പൂക്കളം

മൂലം നാളിൽ ഇടുന്ന പൂക്കളം ചതുരാകൃതിയിൽ ആയിരിക്കണം എന്നാണ് പറയപ്പെടുന്നത്. ഇതിൽ വാടാർനല്ലി, അതുപോലെ, തുമ്പ, മുല്ലപ്പൂ, വെള്ള നിറത്തിലുള്ള മറ്റ് പൂക്കൾ, മഞ്ഞ കോളാമ്പി, നല്ല ചുവന്ന ചെമ്പരത്തി, പച്ചിലകൾ എന്നിവയെല്ലാം എടുത്താണ് മൂലത്തിന് പൂക്കളം ഒരുക്കുന്നത്. മൂലത്തിന് പൂക്കളം ഏഴ് ലെയർ വേണം.

പൂരാടം നാളിലെ പൂക്കളം

ഏഴാം നാളിൽ എട്ട് ലെയർ ഉള്ള പൂക്കളമാണ് ഒരുക്കേണ്ടത്. ഇന്നത്തെ ദിവസത്തെ പൂക്കളം മറ്റ് ദിവസങ്ങളിൽ നിന്നും വലുതും കാണാൻ ഭംഗിയുള്ളതുമായിരിക്കും. ചിലർ ഇന്നേ ദിവസം മുതൽ പൂക്കളത്തിന്റെ നടുക്ക് തൃക്കാക്കരപ്പൻ വെക്കുകയും ചെയ്യുന്നുണ്ട്. ഇതിനും നല്ല വ്യത്യസ്ത നിറത്തിലുള്ള നാടൻ പൂക്കൾ നിങ്ങൾക്ക് ഉപയോ​ഗിക്കാം.

ഉത്രാടം നാളിലെ പൂക്കളം

ഉത്രാടം നാളിൽ ഓണാഘോഷങ്ങൾ ഗംഭീരമായിക്കുന്നത് പോലെ തന്നെ അന്ന് രാവിലെ ഇടുന്ന പൂക്കളവും വലുതും അതുപോലെ മനോഹരവുമായിരിക്കണം. പ്രത്യേകിച്ച് ഇന്നേ ദിവസം ഒമ്പത് ലെയർ ഉള്ള പൂക്കളമാണ് പൊതുവിൽ ഇടുക. പച്ചിലകൾ അരിഞ്ഞും ചിലർ പൂക്കൾക്ക് പകരമായി ഉപയോ​ഗിക്കാറുണ്ട്.

തിരുവോണം നാളിലെ പൂക്കളം

തിരുവോണ നാളിൽ നടുക്ക് തൃക്കാക്കരപ്പനും തുമ്പപ്പൂവും അതുപോലെ പലവിധത്തിലുള്ള പൂക്കളും ചേർത്ത് 10 ലെയർ പൂക്കളം ഒരുക്കുന്നു. ചിലർ തൃക്കാക്കരപ്പന് പകരം നടുവിൽ താമരപ്പൂവ് വെച്ചും നല്ല പൂക്കളം ഇന്നേ ദിവസം ഒരുക്കി എടുക്കാറുണ്ട്.