Onam 2024: ഇത്തവണ തിരുവോണത്തിന് ഒരു ‘തെക്കൻ സ്റ്റൈൽ’ പിടിച്ചാലോ? ബോളിയും പാൽ പായസവും തയ്യാറാക്കാം
Onam 2024 Boli And Paal Payasam Recipe: തെക്കൻ കേരളത്തിലെ സദ്യകളിലാണ് കൂടുതലായും ബോളി കണ്ടുവരുന്നത്. കടലപ്പരിപ്പ് കൊണ്ടുണ്ടാക്കുന്ന ബോളിയുടെ കൂടെ പാൽ പായസമാണ് മികച്ച കോമ്പിനേഷൻ.
തെക്കൻ കേരളത്തിലെ സദ്യയുടെ പ്രധാന പ്രത്യേകത ബോളിയാണ്. അവിടുത്തുകാർ ഊണിന് ശേഷം പായസം കഴിക്കുന്നത് ബോളിയും കൂട്ടിയാണ്. ബോളിയുടെ കൂടെ എല്ലാത്തരം പായസവും കഴിക്കാറുണ്ടെങ്കിലും പാൽ പായസമാണ് ഉത്തമം. ആദ്യ കാലങ്ങളിൽ തിരുവനന്തപുരത്ത് മാത്രം കണ്ടുവന്നിരുന്ന ബോളി പിന്നീട് കൊല്ലം ജില്ലയിലും എത്തി. എന്നാൽ, കുറച്ച് കാലമായി മറ്റ് ജില്ലക്കാരും ഇത് പരീക്ഷിക്കാറുണ്ട്. എറണാകുളം ജില്ല വരെയുള്ള സദ്യകളിൽ ഇപ്പോൾ ബോളി ഉണ്ടാവാറുണ്ട്.
സദ്യക്ക് ശേഷം, മറ്റു കറികളുടെ എരിവും പുളിയും എല്ലാം കലർന്നിരിക്കുന്ന അതേ ഇലയിൽ തന്നെ ബോളി വെച്ച് അതിനു മുകളിൽ പായസം ഒഴിച്ച് കഴിക്കുന്നതാണ് രീതി. ബോളിയുടെ കൂടെ സേമിയ പായസവും, പാലട പ്രഥമനും മികച്ച കോമ്പിനേഷനുകളാണ്. ബോളി എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്. അതിനാൽ, ഈ തിരുവോണത്തിന് നമുക്ക് ബോളി ഉണ്ടാക്കിയാലോ? ബോളിയും പാൽ പായസവും ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ബോളി
ആവശ്യമായ ചേരുവകൾ
കടലപരിപ്പ് – 2 കപ്പ്
പഞ്ചസാര – 2 കപ്പ്
മൈദ – 1 ½ കപ്പ്
നല്ലെണ്ണ – ½ കപ്പ്
ഏലക്കായ് പൊടി – 1 ടീസ്പൂൺ
അരിപ്പൊടി വറുത്തത് – ഒരു കപ്പ്
നെയ്യ് – ആവശ്യത്തിന്
ഉപ്പ്- ഒരു നുള്ള്
മഞ്ഞൾപൊടി- ഒരു സ്പൂൺ (നിറം കിട്ടുന്നതിന്)
വെള്ളം – കുഴയ്ക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു വലിയ പാത്രത്തിലേക്ക് മൈദ, ഒരു നുള്ള് ഉപ്പ്, മഞ്ഞൾപൊടി, എണ്ണ, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ചപ്പാത്തി മാവിനെക്കാളും കുറച്ചുകൂടെ മൃദുവായി കുഴയ്ക്കണം. അതിനു ശേഷം കുഴച്ചു വെച്ച മാവിന് മുകളിൽ എണ്ണ ഒഴിച്ച് ഒരു മണിക്കൂർ അടച്ചു വയ്ക്കുക. ഈ സമയം കടലപ്പരിപ്പ് കുക്കറിൽ ഒരു മൂന്ന് വിസിൽ വച്ച് വേവിച്ചു എടുക്കുക. അതിനു ശേഷം അതിലെ വെള്ളം അരിപ്പ ഉപയോഗിച്ച് അരിച്ചുകളയുക. വെള്ളം കളഞ്ഞുവെച്ച കടലപ്പരിപ്പ് മിക്സിയുടെ ജാറിലേക്കിട്ട്, ഏലയ്ക്കായും ചേർത്ത് വെള്ളം ഇല്ലാതെ പൊടിച്ചു എടുക്കുക.
ശേഷം ഒരു വലിയ ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ പൊടിച്ച കടലപ്പരിപ്പും ശർക്കരയും കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശർക്കര നന്നായി കടലപ്പരിപ്പിൽ യോജിച്ചു കഴിയുമ്പോൾ അതിലേക്കു ഒരൽപ്പം നെയ്യ് ചേർത്ത് കൊടുക്കാം. ചെറിയ ഉരുളകൾ ആക്കാൻ പാകം ആകുന്നതുവരെ ഇളക്കി യോജിപ്പിച്ചു കൊടുക്കുക. കഴിഞ്ഞാൽ തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം ചെറിയ ഉരുളകൾ ആക്കി മാറ്റി വയ്ക്കാം. ശേഷം കുഴച്ചു വച്ചിട്ടുള്ള മൈദാ മാവിൽ നിന്നും ചെറിയ ഒരു ഉരുള എടുത്തു പരത്തുക. ചെറിയ ഒരു വട്ടം ആയതിനു ശേഷം അതിന്റെ ഉള്ളിൽ തയ്യാറാക്കിവെച്ച കടലപ്പരിപ്പ് കൂട്ട് കുറച്ചെടുത്ത് ഒരു ഉരുളയാക്കി ഇത് മാവ് കൊണ്ട് വീണ്ടും മൂടിയ ഷെഹ്സാൻ പരത്തി എടുക്കുക. ചപ്പാത്തിയുടെ വലിപ്പത്തിൽ പരത്തിയെടുക്കുക. എല്ലാ ഉരുളകളും പരത്തി കഴിഞ്ഞതിന് ശേഷം, പാൻ ചൂടാക്കി അതിലേക്ക് ഇവ വെച്ച് നെയ്യും തടവി കൊടുത്തു രണ്ടു വശവും വേവിച്ച് എടുക്കാവുന്നതാണ്. ബോളി തയ്യാർ.
ALSO READ: ഓലനും കാളനും ഇല്ലാതെ എന്ത് ഓണ സദ്യ; ഇതാ വിഭവങ്ങൾ തയാറാക്കാം
പാൽ പായസം
ആവശ്യമായ ചേരുവകൾ
പാൽ – 2 ലിറ്റർ
ഉണക്കലരി -125 ഗ്രാം
പഞ്ചസാര – 400 ഗ്രാം
ഏലയ്ക്ക പൊടി – അര ടീസ്പൂൺ
നെയ്യ് – ആവശ്യത്തിന്
അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
ഉണക്കമുന്തിരി – ആവശ്യത്തിന്
വെള്ളം – അര ലിറ്റർ
തയ്യാറാക്കുന്ന വിധം
ഒരു വലിയ പാത്രത്തിൽ നെയ്യൊഴിച്ച് ചൂടാക്കുക. ചൂടായി വരുമ്പോൾ വെള്ളം ചേർക്കാം. വെള്ളം തിളയ്ക്കാൻ തുടങ്ങുമ്പോൾ പാൽ ഒഴിച്ച് അത് തിളയ്ക്കുന്നതുവരെ നിർത്താതെ ഇളക്കുക. ഇളം പിങ്ക് നിറമാകുമ്പോൾ ഇതിലേക്ക് കഴുകി വൃത്തിയാക്കിയ അരി ഇട്ടു കൊടുക്കുക. അരി മുക്കാൽ വേവാകുമ്പോൾ പഞ്ചസാര ചേർത്ത് കൊടുക്കാം. ശേഷം അരി വെന്ത് കുറുകി വരുമ്പോൾ തീയണക്കാം. ഇതിലേക്ക്, ഏലയ്ക്കാ പൊടി ചേർത്ത് പത്ത് മിനിറ്റ് തുടരെ ഇളക്കണം. അൽപ്പം നെയ്യിൽ അണ്ടിപ്പരിപ്പ് ഉണക്കമുന്തിരി എന്നിവ വറുത്തെടുത്തത് കൂടെ ചേർത്ത് കൊടുത്താൽ പാൽ പായസം തയ്യാർ.