Onam 2025 Pookalam: ഓണത്തിന് പൂക്കളം ഇടണ്ടേ… അത്തപ്പൂക്കളം എങ്ങനെ ഒരുക്കണം ? ചിട്ടവട്ടങ്ങൾ അറിയാം
Onam Athapookalam 2025: ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നതാണ്. മഹാബലിയെ വരവേൽക്കാൻ ചാണകം മെഴുകിയ തറയിൽ നാടൻ പൂക്കൾ കൊണ്ട് തയ്യാറാക്കുന്നതാണ് അത്തപ്പൂക്കളം.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും മറ്റൊരു ഓണാഘോഷം കൂടി വരവായി. മലയാളികൾക്ക് ഏറെ പ്രധാനപ്പെട്ട ഉത്സവമാണ് ഓണം. പൊന്നിൻ ചിങ്ങമാസത്തിലേക്കുള്ള കാൽവെപ്പ് ഒരു പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ കൂടെയാണ്. ചിങ്ങമാസത്തിലെ ഓണത്തിൻ്റെ പ്രധാന ആകർഷണം ഓണപ്പൂക്കളവും സദ്യവട്ടവുമാണ്. സദ്യയ്ക്കുള്ള ഒരു തിരവോണ തലേന്നാണെങ്കിൽ, പൂക്കളം ഒരുക്കുന്നതിന് 10 ദിവസം മുന്നേ ഒരുക്കുങ്ങൾ ആരംഭിക്കും.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നതാണ്. മഹാബലിയെ വരവേൽക്കാൻ ചാണകം മെഴുകിയ തറയിൽ നാടൻ പൂക്കൾ കൊണ്ട് തയ്യാറാക്കുന്നതാണ് അത്തപ്പൂക്കളം. അത്തം മുതൽ പത്ത് വരെയാണ് ഇത് ഒരുക്കുന്നത്. ഓരോ ദിവസത്തിൻ്റെ പ്രാധാന്യം അനുസരിച്ച് പൂക്കളത്തിൻ്റെ ഡിസൈനും വലിപ്പവും മാറും.
തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരിത്താൻ വേണ്ടിയാണ് അത്തപൂക്കളം ഒരുക്കുന്നത് എന്നും ഒരുവിഭാഗം വിശ്വസിക്കുന്നുണ്ട്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമാണ് പൂക്കളത്തിൽ ഉണ്ടാവുകയുള്ള. അതും തുമ്പപൂവ്. ചുവന്ന പൂവിടാനും ഇടാൻ പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി കൂടി വരും. ചോതിനാൾ മുതൽ ചെമ്പരത്തിപ്പൂ പൂക്കളത്തിൽ സ്ഥാനം പിടിച്ച് തുടങ്ങും.
എന്നാൽ ചില പ്രദേശങ്ങളിൽ ഒരു നിറത്തിലുള്ള പൂവിൽ ആദ്യം തുടങ്ങി പത്താം ദിവസം ആകുമ്പോൾ പത്ത് നിറങ്ങളിലുള്ള പൂക്കൾകൊണ്ട് പൂക്കളം ഒരുക്കുന്നതാണ് രീതി. ഉത്രാടദിനത്തിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്. പൊതുവേ വൃത്താകൃതിയിൽ ആണ് ഓണപ്പൂക്കളം ഒരുക്കുന്നത്. എന്നാൽ മൂലം നാളിൽ ചതുരാകൃതിയിൽ വേണം പൂക്കളം ഒരുക്കുക.
പണ്ടൊക്കെ വീടിൻ്റെ ചുറ്റുവട്ടത്ത് കാണപ്പെടുന്ന നാടൻ പൂക്കൾ കൊണ്ടാണ് പൂക്കളം തീർത്തിരുന്നത്. എന്നാൽ ഇന്ന് പലരും വിപണിയിൽ നിന്ന് പൂക്കൾ വാങ്ങിയാണ് ഇതിനായി ഉപയോഗിക്കുന്നത്. നാടൻ പൂക്കൾക്ക് പലതരം പ്രത്യേകതകളുണ്ട്. സാധാരണയായി പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിരുന്ന പൂക്കൾ ഏതെല്ലാമെന്ന് നോക്കാം.
തുമ്പ: ചിങ്ങമാസത്തിൽ നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന തുമ്പ പൂവിന് ഓണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. അത്തം നാളിൽ പൂക്കളത്തിൽ ഈ പൂക്കൾ മാത്രമേ ഉണ്ടാകൂ. കൂടാതെ തുമ്പപൂ മാവേലിയുമായും ബന്ധപ്പെട്ടിരിക്കുന്നു.
തുളസി: തുളസിയുടെ ഇലകൾ ഉപയോഗിച്ചും പൂക്കളം തീർക്കാറുണ്ട്. ഇത് വീട്ടിൻ്റെ പരിസരത്ത് സുഗന്ധം പരത്തുകയും ശുദ്ധമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പൂക്കളത്തിന്റെ അവിഭാജ്യ ഘടകമാണിത്.
ചെത്തി: ഓണ പൂക്കളത്തിലെ ചുവന്ന പൂക്കളുകളിൽ പ്രധാനിയാണ് ചെത്തി. ഇവ ഉൾപ്പെടുത്തുമ്പോൾ പൂക്കളം കാണാൻ പ്രത്യേക ഭംഗിയാണ്.
ചെമ്പരത്തി: ചെത്തി പോലെ ഓണ പൂക്കളത്തിലെ പ്രധാനിയാണ് ചെമ്പരത്തി പൂക്കൾ.
ജമന്തി: അത്തപൂക്കളത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ് ജമന്തി. ഓണാഘോഷ വേളകളിൽ വ്യാപകമായി ഉപയോഗിക്കുന്ന പൂക്കളിൽ ഒന്നാണ്. മഞ്ഞ, ഓറഞ്ച് എന്നിങ്ങനെയുള്ള നിറങ്ങളിൽ ഇത് ലഭ്യമാണ്. പണ്ട് വീട്ട് മുറ്റത്ത് കണ്ടിരുന്ന ഇവ ഇപ്പോൾ വിപണിയിലും സുലഭമാണ്.